രാഷ്ട്രീയം

ഒരുലക്ഷം പട്ടാളക്കാരുമായി ഉക്രെയിൻ അതിർത്തിയിലേക്ക് നീങ്ങി റഷ്യ; സമ്പൂർണ്ണ യുദ്ധം ഏതു നിമിഷവും ആരംഭിക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്; റഷ്യൻ കടന്നുകയറ്റത്തെ നേരിടാൻ ബ്രിട്ടനും അമേരിക്കയും ചർച്ചയിൽ; യൂറോപ്പ് ഏതു നിമിഷവും യുദ്ധത്തിലേക്ക്

വിനാശകാരിയായ ഒരു യുദ്ധം ഏതുനിമിഷവും ഉണ്ടായേക്കാം എന്ന ആശങ്കയിലാണ് യൂറോപ്പ്. റഷ്യ ഏതു നിമിഷവും ഉക്രെയിനിനെ കീഴടാക്കാൻ ഒരു സമ്പൂർണ്ണ യുദ്ധത്തിനു തന്നെ തയ്യാറായേക്കാം എന്നാണ് ബ്രിട്ടീഷ് പ്രതിരോധ വൃത്തങ്ങൾ കരുതുന്നത്. ഉക്രെയിൻ അതിർത്തിയിൽ, സർവ്വ സന്നാഹങ്ങളോടും കൂടി റഷ്യ വിന്യസിച്ചിരിക്കുന്നത് 1 ലക്ഷം സൈനികരെയാണ്. സ്ഥിതിഗതികൾ അത്യന്തം അപകടകരമാണെന്നും റഷ്യ ഏതുസമയവും ഒരു ആക്രമണം അഴിച്ചുവിട്ടേക്കാമെന്നും അമേരിക്കയും മുന്നറിയിപ്പ് നൽകുന്നു.

ഉക്രെയിനിൽ ഇപ്പോൾ തന്നെ റഷ്യൻ അനുകൂല വിമതർ കലാപമുണ്ടാക്കുന്ന ഡോൺബാസ്സ് മേഖല മാത്രമായിരിക്കും റഷ്യ ആക്രമിക്കുക എന്നതായിരുന്നു ആദ്യം കരുതിയിരുന്നത്. ഈ മേഖലയെ ആക്രമിച്ചു കീഴടക്കി, ചർച്ചകളിലൂടെ ഇതിനെ ഒരു പ്രത്യേക രാജ്യമാക്കി നിലനിർത്താനും റഷ്യ ശ്രമിച്ചേക്കുമെന്ന് കരുതുന്നു. അങ്ങനെയായാൽ പാശ്ചാത്യശക്തികളെ അനുകൂലിക്കുന്ന ഉക്രെയിനും റഷ്യയ്ക്കും ഇടയിലായി ഒരു റഷ്യൻ അനുകൂല രാജ്യം ഉണ്ടാക്കി റഷ്യക്ക് കൂടുതൽസുരക്ഷിതമാകാൻ സാധിക്കും.

ഈ മേഖലയെ ആക്രമിച്ച് കീഴടക്കുവാൻ റഷ്യയ്ക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരില്ല. 2014 മുതൽ തന്നെ കലാപാന്തരീക്ഷം നിലനിൽക്കുന്ന അവിടത്തെ ജനങ്ങൾ റഷ്യയോട് താത്പര്യമുള്ളവരാണ്. ഏന്നാൽ, റഷ്യയുടെ ലക്ഷ്യം കേവലം ആ മേഖലയിൽ ഒതുങ്ങുന്നില്ല എന്നാണ് പുതിയ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പറയുന്നത്. ഏതാണ്ട് മുഴുവൻ ഉക്രെയിനിനേയുമാണ് പുട്ടിൻ ഇപ്പോൾ ലക്ഷും വയ്ക്കുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ഈ റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, അതിരൂക്ഷമായ ഒരു യുദ്ധം തന്നെയായിരിക്കും ഉണ്ടാവുക. സാധാരണക്കാരുൾപ്പടെ നിരവധിപേർ മരണമടയും. ആക്രമണം ഒരു ചെറിയ മേഖലയിൽ മാത്രമായി ഒതുക്കിയാലും , രാജ്യത്തെ മുഴുവനുമായി ആക്രമിച്ചാലും റഷ്യ നേരിടേണ്ടി വരുന്ന ഉപരോധം ഉൾപ്പടെയുള്ള പ്രതിഷേധങ്ങളും പ്രതികാര നടപടികളും ഒന്നു തന്നെയായിരിക്കും. അതുകൊണ്ടു തന്നെ പുട്ടിൻ ഉക്രെയിനിന്റെ പരമാവധി ഭാഗങ്ങൾ പിടിച്ചെടുക്കാനായിരിക്കും ശ്രമിക്കുക എന്നാണ്‌റഷ്യൻ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ചില യുദ്ധ വിദഗ്ദരും പറയുന്നത്.

മാത്രമല്ല്, ഇപ്പോൾ കിഴക്കൻ മേഖലയിൽ മാത്രമായി ആക്രമണം ഒതുക്കി ആ മേഖല പിടിച്ചെടുത്താൽ പിന്നെ ബാക്കിയുള്ള ഉക്രെയിൻ പിടിച്ചെടുക്കുക ദുഷ്‌ക്കരമാകും. ആക്രമണത്തിനു ശേഷം ഉക്രെയിൻ ഏതായാലും കൂടുതൽ ജാഗരൂകരാകും. മാത്രമല്ല, പാശ്ചാത്യ ശക്തികളുടെ സഹായത്തോടെ സൈനിക ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട്, ഭാവിയിൽ മറ്റൊരു വിജയം റഷ്യയ്ക്ക് ഏതാണ് അപ്രാപ്യം തന്നെയാകും. അതുകൊണ്ടു തന്നെ, ഒരൊറ്റ ആക്രമണത്തിലൂടെ ഉക്രെയിനിന്റെ പരമാവധി ഭാഗങ്ങൾ പിടിച്ചെടുക്കാൻ തന്നെയായിരിക്കും റഷ്യ ശ്രമിക്കുക.

അതേസമയം, ഉക്രെയിൻ ആക്രമിക്കാൻ തങ്ങൾക്ക് യാതൊരു ഉദ്ദേശവും ഇല്ലെന്ന് റഷ്യ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അങ്ങനെയൊരു ശ്രമം നടന്നാൽ റഷ്യയ്ക്കും വലിയ വില നൽകേണ്ടതായി വരും എന്ന ചിന്തയാകാം റഷ്യയെ പിന്നോട്ട് വലിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അതേസമയം, ടാങ്കുകളെ ആക്രമിക്കാൻ ഉതകുന്ന അയുധങ്ങളും മറ്റും നൽകിയ ബ്രിട്ടനോട് നന്ദി രേഖപ്പെടുത്തുകയാണ് ഉക്രെയിൻ.ഏകദേശം 2000 ടാങ്ക് വേധ മിസൈലുകളാണ് ബ്രിട്ടൻ ഉക്രെയിനിലേക്ക് അയച്ചിരിക്കുന്നത്. ഒപ്പം ഉക്രെയിൻ സൈനികർക്ക് ഇതിൽ പരിശീലനം നൽകാൻ ബ്രിട്ടീഷ് പരിശീലകരേയും അയച്ചിട്ടുണ്ട്.

ബ്രിട്ടൻ കൈയയച്ചു സഹായിക്കുമ്പോഴും ജർമ്മനി ഒരു ഉറച്ച തീരുമാനത്തിലെത്തുന്നില്ല. റഷ്യയിൽ നിന്നുള്ള നോർഡ് സ്റ്റ്രീം 2 ഗ്യാസ് പൈപ്പിന്റെ ഏറ്റവും വലിയ ഉപഭോക്താവായ ജർമ്മനി, റഷ്യയുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ജർമ്മനിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയ ഉക്രെയിൻ പ്രതിനിധിയോടുള്ള പ്രതികരണത്തിൽ ജർമ്മൻ വിദേശകാര്യ മന്ത്രി പറഞ്ഞത്, യൂറോപ്പിലാകെ ഊർജ്ജം വിതരണം ചെയ്യാൻ കഴിവുള്ള, വിശ്വസിക്കാവുന്ന ഒരു റഷ്യയെയാണ് ജർമ്മനി ആഗ്രഹിക്കുന്നത് എന്നായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read