രാഷ്ട്രീയം

ഇല്ല...ഇറാനുുമായി യുദ്ധത്തിന് അമേരിക്കയില്ല; ഇറാഖിലും അഫ്ഗാനിസ്താനിലും ലിബിയയിലും സിറിയിയലും നേടിയതുപോലെ അനായാസമല്ലെന്ന് തിരിച്ചറിഞ്ഞ് പിന്നോട്ടുമാറി അമേരിക്ക; ഇറാന്റെ സൈനിക ശേഷിയുടെയും ആണവായുധ ശേഖരത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ വിലയിരുത്തി ട്രംപ്

ഇറാഖിലും പിന്നീട് അഫ്ഗാനിസ്ഥാനിലും ലിബിയയിലും സിറിയയിലുമൊക്കെ സൈനികശക്തിയിലൂടെ ആധിപത്യം സ്ഥാപിച്ച അമേരിക്കയ്ക്ക് ഇപ്പോൾ ലക്ഷ്യം ഇറാനാണ്. ഉപരോധമേർപ്പെടുത്തിയും സൈനിക സമ്മർദം കൂട്ടിയും ഇറാനെ ഭയപ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാൽ, പശ്ചിമേഷ്യയിലെ മറ്റുരാജ്യങ്ങളിൽ പ്രാവർത്തികമാക്കിയ കൈയൂക്ക് ഇറാന്റെ കാര്യത്തിൽ വിലപ്പോവില്ലെന്ന തിരിച്ചറിയലിലാണ് അമേരിക്കയിപ്പോൾ. ലോകത്തെതന്നെ ഏറ്റവും ശക്തരായ സൈനികശേഷികളിലൊന്നാണ് ഇറാനെന്നും അമേരിക്ക തിരിച്ചറിഞ്ഞിട്ടുണ്ട്.

ലോകത്തെ 137 സൈനികശക്തികളിൽ 14-ാം സ്ഥാനത്തുനിൽക്കുന്ന രാജ്യമാണ് ഇറാനെന്ന് ഗ്ലോബൽ ഫയർ പവർ റാങ്കിങ് വിലയിരുത്തുന്നു. സൈനികശക്തി, ആയുധശക്തി തുടങ്ങി പല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ് നിശ്ചയിക്കുന്നത്. അഞ്ചുകോടിയോളം വരുന്ന മനുഷ്യവിഭവശേഷി ഇറാനുണ്ട്. ഇതിൽ നാലുകോടിയോളം വേണ്ടിവന്നാൽ സൈനിക സേവനം ചെയ്യാൻ പ്രാപ്തരായ ജനതയാണ്. നിലവിൽ 8.73,000 സൈനികർ ഇറാനുണ്ട്. ഇതിൽ 5,23,000 പേർ സൈന്യത്തിൽ സജീവമായുള്ളവരാണ്.

ശേഷിക്കുന്നവർ റിസർവ് സേനയിലും. യുദ്ധവിമാനങ്ങളടക്കം ഇറാൻ സൈന്യത്തിന് 509 വിമാനങ്ങളുണ്ടെന്ന് കണക്കാക്കുന്നു. കരയുദ്ധത്തിന് ഉപയോഗിക്കാവുന്ന 2345 വാഹനങ്ങളും 1634 കവചിത ടാങ്കുകളും ഉണ്ട്. നാവികസേനയ്ക്ക് കരുത്തായി 398 യുദ്ധക്കപ്പലുകളുണ്ട്. അമേരിക്കയ്ക്ക് ആകെയുള്ളത് 415 യുദ്ധക്കപ്പലുകളാണ്. 34 അന്തർവാഹിനികളും ഇറാന്റെ കരുത്തുകൂട്ടുന്നു. ഇതിന് പുറമെയാണ് തീരത്ത് വിന്യസിച്ചിരിക്കുന്ന മിസൈലുകളും കടലിൽ സ്ഥാപിച്ചിരിക്കുന്ന മൈനുകളും ഇറാനെ കൂടുതൽ അപകടകാരിയാക്കുന്നത്. ആണവപരീക്ഷണം നടത്തിയിട്ടില്ലെങ്കിലും അണുബോംബ് സ്വന്തമാക്കിയ രാജ്യമായാണ് ഇറാൻ പരിഗണിക്കപ്പെടുന്നത്.

ഗ്ലോബൽ ഫയർ പവർ പ്രകാരം ലോകത്തേറ്റവും വലിയ സൈനിക ശക്തിയാണ് അമേരിക്ക്. 14.5 കോടിയോളം പേർ അടിയന്തര ഘട്ടങ്ങളിൽ സൈനിക സേവനത്തിന് ഉപയോഗിക്കുന്ന തരത്തിൽ രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്. അതിൽ 12 കോടിയോളംപേർ സൈനിക സേവനത്തിന് ഉപയോഗിക്കാൻ പ്രാപ്തരാണ്. 12,398 യുദ്ധവിമാനങ്ങൾ അമേരിക്കയ്ക്കുണ്ട്. 6287 കവചിത ടാങ്കുകളും 40,000-ത്തോളം സൈനിക വാഹനങ്ങളുമുണ്ട്. ആണവായുധ ശേഷിയും അമേരിക്കൻ സൈന്യത്തെ ശക്തമാക്കുന്നു.

എന്നാൽ,, ഇറാൻ അമേരിക്കയ്ക്ക് എളുപ്പത്തിൽ വഴങ്ങുന്ന ശത്രുവല്ല. ഇറാനെ പ്രകോപിപ്പിക്കുന്നതിനായി അമേരിക്ക പടനീക്കം തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇറാൻ കുലുങ്ങിയിട്ടില്ല. പതിനായിരം സൈനികരെക്കൂടി മേഖലയിലേക്ക് അയക്കുമെന്ന സൂചന പെന്റഗൺ നൽകിയിരുന്നു. ഇക്കാര്യത്തിൽ വൈറ്റ് ഹൗസിന്റെ അനുമതി തേടിയിട്ടുമുണ്ട്. എന്നാൽ, ഇറാനെതിരായ സൈനിക നീക്കം ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം. യുദ്ധമുണ്ടായാൽ പശ്ചിമേഷ്യയിലെ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യയാകും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരികയെന്നതും അമേരിക്കയെ തടഞ്ഞുനിർത്തുന്നു.

അമേരിക്കയോട് കൊടിയ ശത്രുത പുലർത്തുന്ന തീവ്രവാദ-ഭീകര പ്രസ്ഥാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളാണ് ഇറാനുചുറ്റുമുള്ളത്. സിറിയയിലെ ഹിസ്ബുള്ളയും ഇറാഖി നുജാബ ഗ്രൂപ്പും ഫത്തേമിയോൺ ഗ്രൂപ്പുമൊക്കെ ഇറാനെ പിന്തുണയ്ക്കുന്നു. ലെബനനിലും ഹിസ്ബുള്ള ശക്തമാണ്. ഇറാഖിൽ ഒന്നിലേറെ ഷിയാ തീവ്രവാദ സംഘടനകൾ ഇറാന് അനുകുലമായി നിലപാടെടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരരും ഇറാനുവേണ്ടി യുദ്ധസന്നദ്ധരാവും.

സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇറാനെ പിന്തുണയ്ക്കുന്ന തീവ്രവാദികളുണ്ട്. മെയ്‌ 15-ന് ഇറാനിൽ ജോലിചെയ്യുന്ന അമേരിക്കൻ പൗരന്മാരോട് തിരിച്ച് നാട്ടിലേക്ക് അടിയന്തരമായി മടങ്ങാൻ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇത് യുദ്ധം ആസന്നമാണെന്ന ഭീതിയുളവാക്കുകയും ചെയ്തു. അമേരിക്കയോട് ഏറ്റുമുട്ടിയാൽ ഇറാന്റെ അവസാനമാകുമെന്ന ട്രംപിന്റെ മുന്നറിയിപ്പും ഇതിനിടെ വന്നു. എന്നാൽ, ഇറാനുമായി നേർക്കുനേർ യുദ്ധത്തിന് പോകുന്നത് അമേരിക്കയ്ക്ക് താങ്ങാനാവില്ലെന്ന മുന്നറിയിപ്പാണ് ട്രംപ് ഭരണകൂടത്തിൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും ആക്ടിങ് ഡിഫൻസ് സെക്രട്ടറി പാട്രിക് ഷനഹാനും നൽകിയതെന്നാണ് സൂചന.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read