രാഷ്ട്രീയം

മഴയിലും ആവേശം ചോരാതെ മൂന്ന് മുന്നണികളും; നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് അരൂരിൽ; 57.86 ശതമാനം പോളിംഗുമായി എറണാകുളം ഏറ്റവും പിന്നിലും; വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളും പ്രതീക്ഷകളുമായി പാർട്ടി പ്രവർത്തകർ; സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സാഹചര്യം മുതൽ മണ്ഡലങ്ങളിലെ അടിയൊഴുക്കും കാലാവസ്ഥയും വരെ സ്വാധീനിച്ച അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ കാത്തിരിക്കേണ്ടത് വ്യാഴാഴ്‌ച്ച വരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ കണക്കുകൂട്ടലുകളുമായി മുന്നണികൾ. രാവിലെ തന്നെ നിർത്താതെ പെയ്ത മഴയും അതിന്റെ ഫലമായി വോട്ടിങ് നിലയിൽ ഉണ്ടായ വ്യത്യാസങ്ങളും  എങ്ങനെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും എന്നതാണ് മൂന്നു മുന്നണികളും പ്രധാനമായും വിലയിരുത്തുന്നത്.

സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സാഹചര്യവും മണ്ഡലങ്ങളിലെ അടിയൊഴുക്കുകളും മുതൽ ഓരോ ബൂത്തിലും വോട്ടു ചെയ്തവരുടെ എണ്ണം ഉൾപ്പെടെ വച്ചാണ് ഇടത് മുന്നണി ബൂത്തുതലത്തിൽ വിലയിരുത്തലുകൾ നടത്തുന്നത്. പോൾ ചെയ്ത വോട്ടുകളിൽ എത്ര തങ്ങൾക്ക് കിട്ടും എന്ന് ഓരോ ബൂത്ത് കമ്മിറ്റികളും ചേർന്ന് വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ഉപരി കമ്മിറ്റിക്ക് നൽകുന്ന റിപ്പോർട്ട് പരിശോധിച്ചാകും സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തൽ നടത്തുക.

തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ നാലും തങ്ങളുടെ സിറ്റിങ് സീറ്റാണ് എന്ന ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ അവസാന വോട്ടും രേഖപ്പെടുത്തുന്നത് വരെയും യുഡിഎഫ്. എന്നാൽ തുള്ളിമുറിയാതെ പെയ്ത മഴയെ തുടർന്ന് പോളിങ് ശതമാനത്തിൽ വന്ന കുറവ് തങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും പ്രവർത്തകർക്കുണ്ട്. മഞ്ചേശ്വരത്ത് വിജയ പ്രതീക്ഷയും മറ്റിടങ്ങളിൽ ശക്തമായ മത്സരവും കാഴ്‌ച്ചവെക്കാനാകും എന്നാണ് ബിജെപിയും പ്രതീക്ഷവെക്കുന്നത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് അരൂർ മണ്ഡലത്തിലാണ് 80.47%, കുറവ് എറണാകുളത്തും 57.86%. രാവിലെ ആരംഭിച്ച കനത്ത മഴയാണ് വോട്ടെടുപ്പിനെ സാരമായി ബാധിച്ചത്.

മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ..

അരൂർ 80.47
എറണാകുളം 57.86
മഞ്ചേശ്വരം 74.67
കോന്നി 71
വട്ടിയൂർക്കാവ് 62.66

വോട്ടിങ് സമയം അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കുകയാണ് ചെയ്തത്. പ്രിസൈഡിങ് ഓഫീസർമാർക്കുള്ള മാന്വലിൽ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യം പ്രത്യേകം ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. രാവിലത്തെ മഴ മൂലം പോളിങ് മന്ദഗതിയിലായ ബൂത്തുകളിൽ വൈകിട്ടോടെ പോളിങ് സാധാരണഗതിയിലേക്കെത്തി.

ഉച്ചയ്ക്കു മഴ മാറിയതോടെ ജനം ബൂത്തുകളിലേയ്ക്ക് ഒഴുകിയെങ്കിലും വൈകിട്ട് നാലോടെ വീണ്ടും മന്ദഗതിയിലായി.എറണാകുളത്തും വട്ടിയൂർക്കാവിലും വൈകിട്ടോടെ നീണ്ട ക്യൂവും ദൃശ്യമായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.68 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്. ഇപ്പോഴത്തെ നിലയിൽ ഒരു മണ്ഡലവും ഈ പോളിങ് ശതമാനം കടക്കാൻ ഇടയില്ല. എറണാകുളം മണ്ഡലത്തിൽ പോളിങ് സമയം നീട്ടി നൽകില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ വ്ക്തമാക്കിയിരുന്നു. റീപോളിങ് വേണമെന്ന് ആദ്യം രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ തള്ളി.

  6 മണിക്ക് ക്യൂവിൽ നിൽക്കുന്നവരെ എത്ര വൈകിയാലും വോട്ടു ചെയ്യാൻ അനുവദിക്കാമെന്ന പതിവ് അറിയിപ്പാണ് ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്. കേരളത്തിലെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് രാവിലെ 7 മണിക്കാണ് ആരംഭിച്ചത്. മൊത്തം 9,57,509 വോട്ടർമാരാണ് അഞ്ച് മണ്ഡലങ്ങളിലായി ഉള്ളത്. വ്യാഴാഴ്‌ച്ചയാണ് അഞ്ചിടത്തേയും വോട്ടെണ്ണൽ നടക്കുക.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read