രാഷ്ട്രീയം

'സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയത് താനടക്കമുള്ള നേതാക്കളുടെ ഇടപെടലിന്റെ ഫലമെന്ന്' പി.എസ് ശ്രീധരൻപിള്ള; പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നതിന് പിന്നാലെ കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്; തുഷാർ വെള്ളാപ്പള്ളി തൃശ്ശൂരിൽ മത്സരിക്കാനൊരുങ്ങവേ ആത്മവിശ്വാസത്തിൽ ബിഡിജെഎസ്

തൃശ്ശൂർ: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രൻ എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാവും അരങ്ങേറുക എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. സുരേന്ദ്രൻ അടക്കമുള്ള നേതാക്കളുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള രംഗത്തെത്തിയത്. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പട്ടികയിൽ ഇടം നേടിയത് താൻ ഉൾപ്പടെയുള്ള നേതാക്കളുടെ ഇടപെടലിന്റെ ഫലമായിട്ടാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

തൃശ്ശൂരിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും കച്ചമുറുക്കിയതോടെ ബിഡിജെഎസും ശക്തമായ ആത്മവിശ്വാസത്തിലാണ്. പാർട്ടി അധ്യക്ഷൻ ശ്രീധരൻ പിള്ളയടക്കം നാല് മുതിർന്ന നേതാക്കൾ നോട്ടമിട്ട മണ്ഡലമായിരുന്നു പത്തനംതിട്ട. ശബരിമല വിഷയം ഉയർത്തിക്കാട്ടി ഇത്തവണ തിരഞ്ഞെടുപ്പിൽ ഏറെ സാധ്യതയുണ്ടെന്ന് ബിജെപി വിലയിരുത്തിയ പത്തനംതിട്ടയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് വിവാദമായിരുന്നു. അപ്രതീക്ഷിത സ്ഥാനാർത്ഥി വരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ആർഎസ്എസിന്റെ ശക്തമായ നിലപാട് നിർണായകമായി.

തൃശൂരിൽ തുഷാർ മൽസരിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതും കെ.സുരേന്ദ്രന്റെ പ്രഖ്യാപനം വൈകാൻ കാരണമായിരുന്നു. സ്ഥാനാർത്ഥിയാകാൻ തുഷാർ ഉപാധികൾവെച്ചതായി സൂചനയുണ്ട്. തൃശൂരിൽ മൽസരിക്കാമെന്ന് ബിജെപി ദേശീയ നേതൃത്വത്തിന് തുഷാർ ഉറപ്പുനൽകി. ചൊവ്വാഴ്‌ച്ച തൃശൂരിൽ ബിഡിജെഎസ് കൗൺസിൽ ചേർന്ന ശേഷം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും.

ആർഎസ്എസിന്റെ ഇടപെടലാണ് ഏറ്റവും ഒടുവിൽ കെ സുരേന്ദ്രന്റെ തന്നെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. അയ്യപ്പഭക്തരുടെ വികാരം മാനിച്ച് സുരേന്ദ്രനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സീറ്റിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളതന്നെ ശ്രമം നടത്തിയിരുന്നു. എന്നാൽ അതെല്ലാം വെട്ടിമാറ്റിയാണ് ഇപ്പോൾ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നത്. അൽഫോസൻസ് കണ്ണന്താനവും എംടി രമേശുമെല്ലാം ഈ സീറ്റിനായി നോട്ടമിട്ടെങ്കിലും അതെല്ലാം വെട്ടിമാറ്റിയാണ് ഏറ്റവുമൊടുവിൽ ജനവികാരം മാനിച്ച് കെ സുരേന്ദ്രനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഭക്തരുടെയും പാർട്ടി പ്രവർത്തകരുടേയും വികാരത്തിനൊപ്പം നിന്ന് സമരം ചെയ്ത വ്യക്തിയാണ് സുരേന്ദ്രൻ.

ഇതിന്റെ പേരിൽ ദീർഘനാൾ ജയിൽവാസം അനുഷ്ഠിക്കേണ്ടി വരികയും ചെയ്തു. ഭക്തരുടെ വികാരം ഏറ്റവുമധികം നിൽക്കുന്ന പത്തനംതിട്ട സീറ്റിൽ അതിനാൽ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ആവശ്യം ശക്തമായി. എന്നാൽ തലസ്ഥാന സീറ്റിൽ നോട്ടമിട്ടിരുന്ന സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്ക് ഇരുട്ടടിയായി കുമ്മനം രാജശേഖരൻ ആ സീറ്റിലേക്ക് എത്തിയപ്പോൾ പിള്ള പത്തനംതിട്ടയിലേക്ക് മാറാൻ ശ്രമിക്കുകയായിരുന്നു. പത്തനംതിട്ടയിൽ ഇതോടെ എൻഎസ്എസിന്റെ കൂടെ പിന്തുണയോടെ ജാതിസമവാക്യം കളിച്ച് സീറ്റ് പിടിക്കാൻ പിള്ള ശ്രമിക്കുന്നതായി വാർത്തകൾ വന്നു.

ഇതിനകം തന്നെ തൃശൂർ സീറ്റ് സഖ്യകക്ഷിയായ ബിഡിജെഎസിന് നൽകുകയും തുഷാർ വെള്ളാപ്പള്ളിയുടെ പേര് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ സുരേന്ദ്രന്റെ പേര് പത്തനംതിട്ടയിൽ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാതിരുന്നത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. ഇതോടെയാണ് ആർഎസ്എസ് ശക്തമായി ഇടപെടുകയും സുരേന്ദ്രനെ തന്നെ ഇവിടെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയും ചെയ്തത്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read