രാഷ്ട്രീയം

ഈ രാജ്യത്തെ പാവപ്പെട്ടവരുടെ കാര്യം പറയുമ്പോൾ എന്താ സാർ ഇത്ര പ്രശ്‌നം? സബ്മിഷൻ അവതരിപ്പിക്കുമ്പോൾ ഇത്രയുമൊക്കെ പറയേണ്ടി വരും; സബ്മിഷന് തടസ്സം നിന്ന സ്പീക്കറെ വിരട്ടി പി സി ജോർജ്ജ്; ജോർജ്ജിന്റെ പരാതിക്ക് തൽസമയം പരിഹാരം ഉണ്ടാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒറ്റയാനാണ് പി സി ജോർജ്ജ് എംഎൽഎ. ആരുടെയും സഹായമില്ലാതെ വിജയിച്ച ജോർജ്ജ് നിയമസഭയിലും ശരിക്കും താരമാണ്. സഭയിൽ പിണറായി വിജയനെ വിമർശിക്കാൻ ചങ്കൂറ്റമുള്ള ഒരേയൊരു അംഗം ജോർജ്ജാണെന്ന് വേണമെങ്കിൽ പറയാം. പിണറായി വിജയനെ ശക്തമായി വിമർശിക്കുകകയും ചെയ്യുന്നുണ്ട് ജോർജ്ജ്. സ്വതന്ത്ര അംഗമെന്ന നിലയിൽ കുറച്ച് സമയം മാത്രമേ വിഷയം അവതരിപ്പിക്കാൻ സമയം കിട്ടുന്നുള്ളൂവെന്നാണ് ഈ പൂഞ്ഞാർ പുലിയുടെ പ്രധാന പ്രശ്‌നം. എന്നാൽ കിട്ടയ സമയം ഫലപ്രദമായി ഉപയോഗിച്ച് ജോർജ്ജ് ജനോപകാരപ്രദമായ വിഷയങ്ങൾ ഉന്നയിക്കാറുമുണ്ട്.

അങ്ങനെ ഇന്നലെയും സഭയിൽ ജോർജ്ജ് താരമായി കത്തിക്കയറി. വിദ്യാഭ്യാസ ലോണെടുത്തതിന്റെ പേരിൽ ജപ്തി നടപടികളിലേക്ക് നീങ്ങുന്ന ബാങ്കുകളുടെ നടപടിയാണ് ജോർജ്ജ് ഇന്നലെ സഭയിൽ ഉന്നയിച്ചത്. സഭയിൽ സബ്മിഷനായി ജോർജ്ജ് ഉന്നയിച്ചപ്പോൾ ഇടയ്ക്ക് സയം തീർന്നുവെന്ന് പറഞ്ഞ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ജോർജ്ജ് ശരിക്കും വിരട്ടുകയും ചെയ്തു.

വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ദുരിതെ എവിടെ ചെന്നെത്തി നിൽക്കുന്നു എന്ന് ധരിപ്പിക്കാനാണ് എന്ന് പറഞ്ഞാണ് ജോർജ്ജ് സബ്മിഷൻ അവതരിപ്പിക്കാൻ തുടങ്ങിയത്. വിദ്യാഭ്യാസ ലോണെടുത്താൽ തിരിച്ചടയ്ക്കരുത്. മല്യയെ പോലെ വിട്ടു പോണം എന്ന അഭിപ്രായം തനിക്കില്ലെന്നും ജോർജ്ജ് സബ്മിഷന്റെ ആമുഖമായി പറഞ്ഞു. ജോലി കിട്ടുമ്പോൾലോൺ തിരിച്ചടച്ചേ മതിയാകൂ എന്ന പക്ഷക്കാരാനാണ് താനെന്നും ജോർജ്ജ് പറഞ്ഞു.

കേരളത്തിൽ നാല് ലക്ഷം വരെയുള്ള ലോണിന് യാതൊരു ഈടുില്ലെന്നാണ് വ്യവസ്ഥ. എന്നാൽ, ഇതിന്റെ പേരിൽ മാതാപിതാക്കളുടെ സ്വത്തിൽ റവന്യൂ ഡിപ്പാർട്ട്‌മെന്റ് റിക്കവറി നടപടിക്ക് നേരിടുന്നു. റിലയൻസ് കമ്പനിക്കാരൻ പറഞ്ഞാൽ ഒപ്പിട്ടു കൊടുക്കുന്നവരാണ് ചില കലക്ടർമാർ. പഠിച്ചു പാസായിട്ടും ജോലി കിട്ടാതെ കരഞ്ഞു കൊണ്ട് നടക്കുന്ന പിള്ളേരുടെ വീട്ടിലേക്ക് ചെന്നിട്ടാണ് ജപ്തി നോട്ടീസ് നൽകുന്നത്. കൊച്ചുങ്ങളെ മാത്രമല്ല, ഭീഷണിപ്പെടുത്തുന്നത് മാതാപിതാക്കളെയുമാണ്, നഴ്‌സിങ് പഠിച്ച പിള്ളേരെ പാസ്‌പോർട്ട് റദ്ദു ചെയ്ത് ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ നാണം കെട്ട ഏർപ്പാടല്ലേ..? പിണറായി സഖാവ് ഭരിക്കുന്ന സമയത്ത് ഇത്രമാത്രം റൗഡിസം നിറഞ്ഞ ഈ വില്ലേജ് ഓഫീസർമാരെയും പൊലീസുകാരെയും നിലയ്ക്കു നിർത്താൻ കഴിയില്ലെന്ന് കരുതാൻ ഞാനില്ല- ജോർജ്ജ് പറഞ്ഞു.

ആലപ്പുഴ ജില്ലയിൽ മാത്രം രണ്ട് പിതാക്കന്മാർ ആത്മഹത്യ ചെയ്ത കാര്യവും ജോർജ്ജ് ചൂണ്ടിക്കാട്ടി. ഇതിനിടെ സ്പീക്കർ ഇടപെട്ടെങ്കിലും ജോർജജ് പാവപ്പെട്ടവരുടെ കാര്യമാണ് എന്റേതല്ലെന്ന പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ഇത്തരം ആത്മഹത്യ കൊലപാതകമാണെന്നും ജോർജ്ജ് പറഞ്ഞു. സിൻഡിക്കേറ്റ് ബാങ്കിൽ നിന്നും ലോണെടുത്ത് പഠിച്ച് വിദ്യാർത്ഥിനി മരിച്ചു പോയി. ഈ വിദ്യാർത്ഥിയിടെ അപ്പന് ജപ്തി നോട്ടീസ് നൽകുകയാണ് ബാങ്ക് ചെയ്തത്. എവിടെന്നു കൊടുത്തു? മിച്ചു കഴിഞ്ഞാലും വിടില്ലെന്ന് നിലപാട് സ്വീകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണമെന്നും ജോർജ്ജ് പറഞ്ഞു.

തുടർന്നും ജോർജ്ജ് പ്രസംഗം തുടർന്നപ്പൾ സമയം കഴിഞ്ഞതായി സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. സബ്മിഷന് ഒരു സമയമുണ്ടെന്നും ്അദ്ദേഹം പറഞ്ഞു. ഇതോടെ ജോർജ്ജിന് നിയന്ത്രണം പോയി. വേറെ ആരുടെയും കാര്യത്തിൽ ഈ സമയില്ലല്ലോ എന്നായി. ഞാൻ കണ്ടല്ലോ എന്നും ചോദിച്ചു. എന്നാൽ എല്ലാവരോടുമുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞെങ്കിലും ജോർജ്ജ് സ്പീക്കറെ വിരട്ടി. ഇവിടെ പാവപ്പെട്ടവന്റെ കാര്യം പറയുമ്പോൾ മാത്രം എന്താണ് പ്രശ്‌നമെന്നും ജോർജ്ജ് ചോദിച്ചു. പാവപ്പെട്ടവന്റെ കാര്യം പറയാൻ പാടില്ലല്ലേ? എന്നുമായി. ഇതോടെ നിശ്ചിത സമയത്തിനകം പറഞ്ഞു തീർക്കണമെന്ന് ശ്രീരാമകൃഷ്ണനും പറഞ്ഞു. എന്നാൽ, ദേഷ്യപ്പെട്ട ജോർജ്ജ് സബ്മിഷനായാൽ ഇത്രയും പറയും. കാര്യങ്ങൾ പറയാതിരിക്കാൻ കഴിയുമോ എന്നും ചോദിച്ചു? കൈയിലിരുന്ന സബ്മിഷൻ പേപ്പറും ഡെസ്‌ക്കിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ പ്ലീസ് സിറ്റ്ഡൗൺ എന്ന് പറഞ്ഞു ശ്രീരാമകൃഷ്ണൻ രംഗം ശാന്തമാക്കി. ഇതോടെ ഇപ്പോൾ ഞാൻ നിർത്തുകയാണ്. മുഖ്യമന്ത്രി മറുപടി പറയണെന്നും ജോർജ്ജ് പറഞ്ഞു.

എന്തായാലും ജോർജ്ജിന്റെ പരാതിക്ക് വ്യക്തമായി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പിണറായി മറുപടി നൽകിയത് ഇങ്ങനെയായിരുന്നു:

നമ്മുടെ സംസ്ഥാനം നേരിടുന്ന ഗൗരവകരമായ പ്രശ്‌നമാണ് ജോർജ്ജ് സഭയിൽ ഉന്നയിച്ചത്. ഇതേക്കുറിച്ച് സംസ്ഥാനം ചർച്ച ചെയതതു തന്നെയാണ്. അളമുട്ടിയാൽ ചേരയും കടിക്കും എന്നാണ്. ആ ചേര കടിക്കാൻ പുറപ്പെടേണ്ടതില്ല, സർക്കാർ തന്നെ ആവശ്യമായ നടപടി സ്വീകരിക്കാനാണ് ആലോചിച്ചു വരുന്നത്. ഇതിൽ വായ്‌പ്പ നൽകുന്നത് വിദ്യാർത്ഥികൾക്കാണ്. പഠനത്തിനാണ് വായ്‌പ്പ്, പഠിച്ചു കഴിഞ്ഞ് ജോലി കിട്ടിയാലാണ് വായ്‌പ്പ തിരിച്ചടയ്‌ക്കേണ്ടത്. അപ്പോൾ ജോലി കിട്ടുന്നതു വരെ ഈ വായ്‌പ്പ ഈടാക്കാനുള്ള നടപടി സ്വീകരിക്കാൻ പാടില്ല. സാധാരണ ഗതിയിൽ ഒരു പ്രശ്‌നം ചില ജോലികൾ സ്വകാര്യ ജോലികളായിരിക്കും. അതിൽ നിന്നും വായ്‌പ്പയുടെ തിരിച്ചടവ് എങ്ങനെയാണെന്നത് ഒരു പ്രശ്‌നമുണ്ടാകും. അതുമായി ബന്ധപ്പെട്ട് ചില ക്രമീകരണങ്ങൾ ഉണ്ടാക്കേണ്ടതായുണ്ട്. അപ്പോൾ സർക്കാർ ജോലിയായാലും സ്വകാര്യ ജോലിയായാലും ജോലി കിട്ടിയ ശേഷം പണം തിരിച്ചടയ്ക്കുന്നത് അടക്കമുള്ള ക്രമീകരണം ഏർപ്പെടുത്തണം. ഇവിടെ സാധാരണ സംവിധാനം വിട്ട് കുടിശ്ശിക ഈടാക്കാനുള്ള ബഹുമാനപ്പെട്ട അംഗം ചൂണ്ടിക്കാണിച്ചതു പോലുള്ള ചില രീതികൾ പിന്തുടർന്നു പോരുന്നുണ്ട്. ഒരു കാരണവശാലും അത്തരം രീതികൾ അനുവദിക്കില്ല. ഒരു സർക്കാർ സംവിധാനവും അത്തരം നടപടികളുടെ ഭാഗമാകാൻ പാടില്ല. ഈ പ്രശ്‌നം ബാങ്കുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം അങ്ങ് ചൂണ്ടിക്കാട്ടിയ റവന്യൂ ജപ്തി നടപടി. അത്തരം നടപടികൾ ഈ കാര്യത്തിൽ ആ രീതിയിൽ ബാധമാക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. ഒരുവശത്ത് വീടില്ലാത്തവർക്ക് വീട് വച്ചു നൽകാൻ ശ്രമിക്കുമ്പോൾ ഉള്ള വീട്ടിൽ നിന്നും ആരെയും ഇറക്കിവിടാൻ പിടില്ലെന്ന തന്നെയാണ് സർക്കാർ കാണുന്നത്. അത്തരം നടപടികൾ സ്വീകരിക്കാൻ പാടില്ല.

എന്തായാലും പിണറായി നിലപാട് വ്യക്തമാക്കിയതോടെ പി സി ജോർജ്ജും ഹാപ്പിയായി. കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജോർജ്ജിന്റെ നിപാട് ഏറെ കൈയടി നേടുകയാണ്.

MNM Recommends


Most Read