രാഷ്ട്രീയം

ഫെബ്രുവരി 8 ന് ഡൽഹിയിൽ സമരമിരിക്കാൻ പോകുന്നത് കേന്ദ്രത്തിന്റെ മനം മാറുമെന്ന് പ്രതീക്ഷിച്ച്; ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മനംമാറ്റമില്ലെങ്കിൽ പ്ലാൻ ബിയുമായി സംസ്ഥാന സർക്കാർ; ബജറ്റിലെ കാതലായ നയം മാറ്റം ഇങ്ങനെ

തിരുവനന്തപുരം: കേരളം ധനമാനേജ്‌മെന്റിൽ പോരാ എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന സംസ്ഥാനത്തിന്റെ ഹർജിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം കേരളത്തെ എടുത്തിട്ട് കുടഞ്ഞത്. കേരളം അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നാണ് ആർബിഐയും പറയുന്നത്. നിയമവും വായ്പ പരിധിയും മറികടക്കാനാണ് കേരളം ബജറ്റിൽ ഉൾപ്പെടുത്താതെ, കിഫ്ബി, കെഎസ്എസ്‌പിഎൽ എന്നിവയിൽ നിന്ന് വായ്പ എടുക്കുന്നതെന്ന് കേന്ദ്രം ആരോപിച്ചു. ഫേബ്രുവരി 8 ന് കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രി അടക്കം സമരത്തിന് പോവുകയാണ്. എന്നാൽ, കേന്ദ്രത്തിന്റെ നിലപാടിൽ മാറ്റം വരുമോയെന്ന് കണ്ടറിയണം. ഈ പശ്ചാത്തലത്തിൽ, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നു. കേരളത്തോടുള്ള അവഗണന തുടർന്നാൽ ഒരു പ്ലാൻ ബി കേരളത്തിനുണ്ടെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്.

എന്താണ് പ്ലാൻ ബി?

കേന്ദ്ര അവഗണന തുടർന്നാൽ, സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും, വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനും പ്ലാൻ ബി തയ്യാറാക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ധനമന്ത്രി വിശദീകരിച്ചില്ലെങ്കിലും, അതിന്റെ ചില സൂചനകൾ ബജറ്റിൽ കാണുന്നുണ്ട്

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവസമാഹരണം നടത്താതെ സർക്കാരിന് മുന്നേട്ടുപോകാനാവില്ല. ഇതിനായി ചില നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പെൻഷൻ ഉയർത്താൻ തുനിഞ്ഞില്ലെങ്കിലും 62 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്ക് ക്ഷേമ പെൻഷൻ എങ്ങനെ നൽകുമെന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രത്യേകിച്ചും 5 മാസമായി ക്ഷേമപെൻഷൻ മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ.

കണ്ണുവയ്ക്കുന്നത് സ്വകാര്യ നിക്ഷേപത്തിൽ; ഇടതുനയം മാറ്റമോ?

പൊതുമേഖലയിൽ വിവേകപൂർവം പണം ചെലവഴിക്കുന്നതിന് ഊന്നൽ കൊടുക്കുന്നതിനൊപ്പം, അടിസ്ഥാന സൗകര്യ വികസനത്തിനും, ടൂറിസം വികസനത്തിനും സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള പരിശ്രമം ബജറ്റിൽ കാണുന്നു. വിഴിഞ്ഞം പദ്ധതിക്കായി പ്രത്യേക വികസന മേഖലകളുടെ സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി പറയുന്നു. സ്‌പെഷ്യൽ ഡവലപ്‌മെന്റ് സോണുകൾ( എസ് ഡി സെഡ്) 1970 കളിൽ ചൈനയിൽ ഉരുത്തിരിഞ്ഞ ആശയമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. കേരളത്തിൽ പ്രത്യേക വികസന മേഖലകൾ സ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കും എന്ന് ധനമന്ത്രി ബജറ്റിൽ പറയുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ സഹകരിപ്പിച്ച് ആഗോള നിക്ഷേപം സ്വീകരിച്ചുകൊണ്ടാണ് ഡെവലപ്മെന്റ് സോണുകളാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

'പ്രതിസന്ധികളും, വെല്ലുവിളികളും എല്ലാം കഴിഞ്ഞതിന് ശേഷം കേരളത്തിന്റെ വികസനത്തിനായുള്ള സാധ്യതകൾ യാഥാർഥ്യമാക്കാമെന്ന് കരുതാനാവില്ല. അതുകൊണ്ട് സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മോഡലുകൾ തയ്യാറാക്കേണ്ടി വരും', കെ എൻ ബാലഗോപാൽ പറഞ്ഞു. സ്വകാര്യ വ്യവസായ പാർക്കുകൾ പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 25 പുതിയ പാർക്കുകൾക്ക് 2024-2025 ൽ അനുമതി നൽകും. വ്യവസായം, വിദ്യാഭ്യാസ, ടൂറിസം, കായിക മേഖലകളിലെല്ലാം സ്വകാര്യ നിക്ഷേപം സർക്കാർ പ്രതീക്ഷിക്കുന്നു. ചുരുക്കി പറഞ്ഞാൽ, പൊതുമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇടതുസർക്കാർ നയത്തിൽ മാറ്റം വന്നിരിക്കുന്നു. കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങും, വിദേശ സർവകലാശാലകൾ വരെ തുടങ്ങും എന്നും ധനമന്ത്രി പറയുന്നു. വിദേശ സർവകലാശാലകൾ തുടങ്ങുന്നത് എൽഡിഎഫിന്റെ മുൻകാല നയത്തിൽ നിന്നുള്ള മാറ്റവുമാണ്.

വൻ പദ്ധതികളില്ല, പുത്തൻ ആശയങ്ങൾ

പൊതുവികസന പ്രവർത്തനങ്ങളിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുക എന്നതിനും ഊന്നൽ നൽകുന്നു. സർക്കാർ ആശുപത്രിയിൽ മികച്ച ചികിത്സ ഒരാൾ നേടിയാൽ, ആ ചികിത്സയ്ക്ക് കൂടുതൽ പണമടയ്ക്കാൻ അയാൾ തയ്യാറാണെങ്കിലും നിലവിൽ അതിന് മാർഗ്ഗമില്ല. ഇതിന് പരിഹാരമായാണ് സർക്കാർ റെമിറ്റൻസ് അക്കൗണ്ട് തുടങ്ങുമെന്ന പ്രഖ്യാപനം. ആരോഗ്യ സുരക്ഷാ ഫണ്ടെന്ന രീതിയിലായിരിക്കും അത് നടപ്പാക്കുക.

വിദ്യാഭ്യാസ മേഖലയിലും ഇതേനയം, സർക്കാർ പരീക്ഷിക്കുന്നുണ്ട്. ഒരുവിദ്യാർത്ഥിയെ ബിരുദാനന്തര ബിരുദ തലം വരെ പഠിപ്പിക്കാൻ സർക്കാരിന് 25 ലക്ഷം രൂപയാണ് ചെലവാകുന്നതെന്നാണ് കണക്ക്. ഇങ്ങനെ പഠിച്ചിറങ്ങി വിദേശത്തുൾപ്പെടെ മികച്ച വരുമാനമുള്ള ജോലി നേടുന്നവരെ അതിന് പ്രാപ്തരാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായം നൽകാനുള്ള ഫണ്ടാണ് എഡ്യൂക്കേഷൻ പ്രമോഷൻ ഫണ്ട് എന്ന രീതിയിൽ രൂപീകരിക്കുക. ഇതിന് പുറമെ ഇൻസന്റീവും നിരക്കിളവുകളും നൽകി വിനോദ സഞ്ചാര മേഖലകളിലും സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്. അടുത്ത മൂന്നു വർഷത്തിനിടെ 3 ലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കാനാണ് ശ്രമം.

സർക്കാർ ജീവനക്കാരെ ഒപ്പം നിർത്തും

സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതികളെ കൂടി പരിശോധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഡി.എ കുടിശ്ശികയുടെ ഒരു ഗഡുവെങ്കിലും അനുവദിക്കാനുള്ള തീരുമാനവും ഈ ദിശയിൽ ഉള്ളതാണ്.

പങ്കാളിത്ത പെൻഷൻ കൊണ്ട് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് വലിയ നേട്ടമില്ലെന്ന പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ നവംബറിൽ പുറത്തുവന്നിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി തുടരേണ്ടെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം സർക്കാർ ജീവനക്കാരും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരുന്നത് സർക്കാർ ജീവനക്കാരും സ്വാഗതം ചെയ്‌തേക്കും.

അധിക വിഭവ സമാഹരണ ലക്ഷ്യങ്ങൾ തൃപ്തികരമോ?

അധികവിഭവ സമാഹരണം ലക്ഷ്യമിട്ട് ഫീസ് നിരക്കുകൾ കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്മേൽ ഗാലനേജ് ഫീസ് ലിറ്ററിന് പത്തു രൂപയായി വർധിപ്പിച്ചു. ഇതുവഴി 200 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

കോടതി വ്യവഹാരങ്ങൾക്കും ഇനി ചെലവ് കൂടും. ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാമ്പ് നിരക്കുകൾ പരിഷ്‌കരിക്കും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.2 പൈസ ചുമത്തിയിരുന്നു. 1963 ൽ നിശ്ചയിച്ച തുകയാണിത്. ഇത് യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു. ഇതിലൂടെ 24 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

കേരള ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ലൈസൻസികൾ വിൽക്കുന്ന ഓരോ യൂണിറ്റിനും നൽകേണ്ട ഡ്യൂട്ടി നിരക്ക് ആറു പൈസ എന്നതിൽ നിന്നും യൂണിറ്റിന് 10 പൈസയായി വർധിപ്പിച്ചു. ഇതിലൂടെ 101.41 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഭൂനികുതി ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം റിയൽ എസ്‌റ്റേറ്റ് മേഖലയെ ബാധിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് വ്യക്തിഗതമായി ഭൂനികുതി ഒടുക്കി നൽകണമെന്ന ആവശ്യം ഉന്നയിച്ചു വരുന്നു. സംസ്ഥാനത്തെ ഫ്ലാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ( ഊടുകൂറവകാശത്തിന്) ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായി ഭൂനികുതി നിരക്കുകൾ ഏർപ്പെടുത്തുമെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനത്തെ ന്യായവില തുക അവസാനമായി നിശ്ചയിച്ചത് 2010ലാണ്. തുടർന്ന് ന്യായവില നിരക്കിൽ കാലാകാലങ്ങളിൽ നിശ്ചിത ശതമാനം വർധനവ് വരുത്തി വരുന്നു. 2010ന് ശേഷം ഉണ്ടായിട്ടുള്ള വികസനങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമി വിലയിൽ ഉണ്ടായ വർധന കണക്കിലെടുത്ത് സംസ്ഥാനത്ത് ഫെയർവാല്യു കുറ്റമറ്റ രീതിയിൽ പരിഷ്‌കരിക്കാൻ നടപടികൾ സ്വീകരിക്കുന്നതാണെന്നും ധനമന്ത്രി അറിയിച്ചു.

ഫെയർവാല്യു കുറ്റമറ്റ രീതിയിൽ പരിഷ്‌കരിക്കുന്നതോടൊപ്പം ഓരോ വസ്തുവിന്റെയും ഉപയോഗക്രമം അനുസരിച്ചുള്ള ഭൂനികുതി നിർണയിക്കുന്നതിനും നടപടികൾ കൈക്കൊള്ളും. സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ ഇനത്തിൽ പാട്ടത്തുക കുടിശ്ശിക വരുത്തിയിട്ടുള്ള ധാരാളം വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. ഈ തുക പിരിഞ്ഞ് കിട്ടുന്നതിനായി ആംനസ്റ്റി സ്‌കീം കൊണ്ടുവരും. ആംനസ്റ്റി സ്‌കീമിലൂടെ കുടിശ്ശിക തീർക്കുന്ന പാട്ടക്കാർക്ക് പുതുക്കിയ പാട്ട നയപ്രകാരം താഴ്ന്ന നിരക്കിൽ പാട്ടം പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതാണ്. ആംനസ്റ്റി സ്‌കീമിലൂടെ കുടിശ്ശിക തീർക്കാത്ത കുടിശ്ശികക്കാരുടെ പാട്ടം റദ്ദ് ചെയ്ത് ഭൂമി സർക്കാരിലേക്ക് തിരിച്ചെടുക്കുന്നതും കുടിശ്ശിക പിരിച്ചെടുക്കുന്നതിന് റവന്യൂ റിക്കവറി നിയമപ്രകാരം നടപടി സ്വീകരിക്കുന്നതുമാണെന്നും ധനമന്ത്രി വ്യക്തമാക്കി. അധിക വരുമാനം കണ്ടെത്താനുള്ള ബജറ്റിലെ നിർദ്ദേശങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കില്ലെന്നും ആശ്വാസ നടപടി മാത്രമെന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read