വാർത്ത

ഗ്രീസിൽ നിന്നും കണ്ടെത്തിയ തലയോട്ടി വെളിച്ചം വീശുന്നത് മനുഷ്യചരിത്രത്തിലേക്ക്; നരവംശ ശാസ്ത്രജ്ഞരുടെ ഇതുവരെയുള്ള സകല കണക്കുകൂട്ടലുകളെയും പൊളിച്ചെഴുതുന്നത് 2.10 ലക്ഷം വർഷം പഴക്കമുള്ള തലയോട്ടി; തിരുത്തുന്നത് ആഫ്രിക്കയിൽ നിന്നും മനുഷ്യൻ യൂറോപ്പിലെത്തിയത് സംബന്ധിച്ച കണക്കുകൾ

ഗ്രീസ്: ഗ്രീസിൽ നിന്നും 2.10 ലക്ഷം വർഷം പഴക്കമുള്ള മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മനുഷ്യ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ തലയോട്ടി ഒന്നരലക്ഷം വർഷം മുൻപ് തന്നെ ആഫ്രിക്കയിൽ നിന്നും മനുഷ്യ പൂർവികർ യൂറോപിലേക്ക് കുടിയേറിയെന്ന് കണ്ടെത്താൻ സഹായകമായി. നരവംശ ശാസ്ത്രജ്ഞർ കണക്കു കൂട്ടിയതിലും വളരെ മുൻപാണ് ഇത്. മനുഷ്യ ചരിത്രത്തെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ ഈ കണ്ടെത്തൽ മുതൽക്കൂട്ടായി. റൊമാനിയയിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയായിരുന്നു ഇതിൽ ഏറ്റവും പഴയത്. അതിന് ഒന്നര ലക്ഷം വർഷം പഴക്കമുണ്ടായിരുന്നു. എന്നാൽ പുതിയ കണ്ടെത്തലിലൂടെ മനുഷ്യൻ ആഫ്രിക്കയിൽ നിന്ന് യൂറോപിലേക്ക് വളരെ നേരത്തേ തന്നെ കുടിയേറി എന്ന് മനസിലാക്കാൻ സാധിച്ചു.

ഗ്രീസിലെ ഉത്ഖനന കേന്ദ്രത്തിൽ നിന്നുമാണ് രണ്ട് തലയോട്ടികൾ ലഭിച്ചത്. ഒരുതലയോട്ടിക്ക് 2.10 ലക്ഷം വർഷം പഴക്കവും രണ്ടാമത്തേതിന് 1.70 ലക്ഷംവർഷവുമാണ് പഴക്കം. അപിഡിമ 1 അപിഡിമ 2 എന്നിങ്ങനെയാണ് ഇവർക്ക് പേര് നൽകിയിരിക്കുന്നത്. കണ്ടെത്തിയ തലയോട്ടിയുടെ വംശത്തിൽ പെടുന്നവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. നിയാൻഡർതാലുകളുമായുള്ള പോരാട്ടങ്ങൾക്കിടെ വംശനാശം സംഭവിച്ചതാണെന്നാണ് കരുതുന്നത്. നരവംശശാസ്ത്രജ്ഞരുടെ രാജ്യാന്തര തലത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തലിന് നേതൃത്വം നൽകിയത്. സിടി സ്‌കാനിങ് അടക്കമുള്ള സങ്കേതങ്ങളും കണ്ടെത്തലിന് ഉപയോഗിച്ചിരുന്നു.

ആഫ്രിക്കയിൽ നിന്നും മറ്റിടങ്ങളിലേക്കുമുള്ള മനുഷ്യന്റെ കുടിയേറ്റത്തിന്റെ പ്രധാന പാലമായി വർത്തിച്ചത് ദക്ഷിണ കിഴക്കൻ യൂറോപ്പാണെന്നാണ് കരുതപ്പെടുന്നത്. ഇതുവഴി ഒരൊറ്റ തവണയല്ല മറിച്ച് പല ഘട്ടങ്ങളിലായി പല സംഘങ്ങൾ യൂറോപിലേക്കും തുടർന്ന് മറ്റിടങ്ങളിലേക്കും കുടിയേറി പാർത്തെന്നാണ് കരുതപ്പെടുന്നത്.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read