വാർത്ത

അല്ലാഹുവിന്റെ നിയമം ജനങ്ങൾ തെറ്റിക്കുന്ന സമ്പ്രദായമാണ് ജനാധിപത്യം; തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് വ്യാപകമായ പോസ്റ്റർ പ്രചാരണം

മുസ്ലിംകൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ കാർഡിഫിൽ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ജനാധിപത്യം അല്ലാഹുവിന്റെ അധികാരം ലംഘിക്കുന്ന സമ്പ്രദായമാണെന്നും അതു കൊണ്ട് മുസ്ലിംകൾ വോട്ട് ചെയ്യരുതെന്നുമാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കാർഡിഫിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗ്രേൻജ്ടൗണിൽ വിളക്കു കാലുകളിലും ബസ് സ്റ്റോപ്പുകളിലുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. അതേസമയം ഈ പോസ്റ്ററുകൾ പറിച്ചെറിഞ്ഞു കൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ പ്രതികരിച്ചത്. മതപ്രേരിതവും വിദ്വേഷമുണ്ടാക്കുന്നതുമായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യുമെന്ന് സിറ്റി കൗൺസിൽ അധികൃതർ പറഞ്ഞു.

ഈ പോസ്റ്ററുകൾ ഭൂരിപക്ഷ മുസ്ലിംകളുടെ നിലാടല്ലെന്ന് മുസ്ലിം കൗൺസിൽ ഓഫ് വെൽസ് ട്രസ്റ്റിയായ അക്മൽ ഹനൂക് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഭൂരിപക്ഷം മുസ്ലിംകളും വോട്ടു ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടു ചെയ്ത് ജനാധിപത്യ സംവിധാനത്തിൽ പങ്കാളികളാകാൻ മുസ്ലിംകളെ പ്രോത്സാഹിപ്പിക്കുന്നതാണ് മുസ്ലിം കൗൺസിലിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളിൽ കാർഡിഫിൽ നടന്ന വോട്ടർ രജിസ്‌ട്രേഷൻ ക്യാമ്പയിനോടുള്ള പ്രതികരണമായാണ് ഈ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്നാണ് മുസ്ലിം കൗൺസിൽ അംഗമായ 29കാരൻ സഹർ അൽ ഫൈഫി പറയുന്നത്. കാർഡിഫിലെ മോസ്‌കുകളിലുടനീളം വിജയകരമായി വോട്ടർ രജിസ്‌ട്രേഷൻ നടന്നിരുന്നു. ഇതായിരിക്കാം വോട്ടിങ് ബഹിഷ്‌കരണാഹ്വാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

'ബ്രിട്ടനു സാധ്യമായ ഏക പരിഹാരം ഇസ്ലാം ആണ്. അല്ലാഹുവിന്റെ നിയമവും നീതിയും നടപ്പിലാക്കുന്നതാണ് ഇസ്ലാമിന്റെ സമഗ്ര ഭരണ സംവിധാനം' എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. 'ജനങ്ങൾക്ക് വോട്ടു ചെയ്യാനുള്ള അവകാശമുണ്ട്, അത് മാനിക്കപ്പെടേണ്ടതുമുണ്ട്. ഈ പ്രദേശത്ത് സമാധാനന്തരീക്ഷമാണുള്ളത്. എന്നാൽ അത് ഏതു നിലയ്ക്കുമാകാം,' ഗ്രേൻജ്ടൗൺ കൗൺസിലർ ആഷ്‌ലി ഗോവിയർ പറഞ്ഞു.

MNM Recommends


Most Read