വാർത്ത

ഹാരിയും മേഗനും എത്തുമോ? എത്തിയാലും ബാൽക്കണിയിൽ ഇടം കിട്ടുമോ? ചർച്ചകൾ കൊഴുക്കുമ്പോൾ സാധ്യത തള്ളിക്കളയാൻ കാരണങ്ങൾ ഏറെ; ബ്രിട്ടനിലെത്തുന്നതിന് 28 ദിവസം മുൻപ് വിവരം അറിയിക്കണമെന്ന് യുകെ പൊലീസ് മേധാവി

വരുന്ന മെയ്‌ മാസം 6 ന് നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായി ഹാരിയും മേഗനും സ്ഥിരീകരിച്ചിരുന്നു.എന്നാൽ, അതിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അവർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയാൽ തന്നെ, രാജാവിനൊപ്പം ബാൽക്കണിയിൽ കയറി പൊതുദർശനം നൽകാൻ കഴിയുമോ എന്ന കാര്യത്തിലും രണ്ട് അഭിപ്രായങ്ങൾ ഉയർന്ന് വരുന്നുണ്ട്.

കിരീടധാരണ ചടങ്ങിൽ ഹാരിയുടെയും മേഗന്റെയും പങ്കിനെ കുറിച്ചുള്ള ചർച്ചകൾ കൊഴുക്കുമ്പോൾ, അവർക്ക് കാര്യമായ പങ്കൊന്നും ലഭിക്കാൻ ഇടയില്ലെന്നു തന്നെയാണ് രാജകുടുംബത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ചിലർ പറയുന്നത്. അതിന് പ്രധാനമായും പറയുന്ന കാരണം ഹാരിയും മേഗനും ചുമതലകൾ വഹിക്കുന്ന മുതിർന്ന രാജകുടുംബാംഗങ്ങൾ അല്ല എന്നതാണ്. സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നതിനാൽ രാജകുടുംബത്തിന്റെ ചുമതലകളിൽ നിന്നും ഒഴിയുകയാണെന്ന് അവർ തന്നെ വ്യക്തമാക്കിയിരുന്നു.

നേരത്തെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ ഹാരിയും മേഗനും മക്കൾക്കൊപ്പം എത്തിയിരുന്നെങ്കിലും അന്ന് ബാൽക്കണിയിൽ രാജ്ഞിക്കൊപ്പം നിൽകാൻ ആയില്ല. വെസ്റ്റ് മിനിസ്റ്റർ ആബെയിൽ നടന്ന ചടങ്ങുകൾ ഉൾപ്പടെ ചില പൊതുവേദികളിൽ ഇരുവരും പ്രത്യക്ഷപ്പെട്ടെങ്കിലും ബാൽക്കണിൽ വില്യമിനും കെയ്റ്റിനും ഒപ്പം ഇരുവരും ഉണ്ടായിരുന്നില്ല.

ഇവർ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയാലും, ബാൽക്കണിയിൽ പ്രത്യക്ഷപ്പെടില്ല എന്ന് കരുതാൻ മറ്റൊരു കാരണം കിരീടധാരണത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്രയിൽ ഇവരെ ഉൾപ്പെടുത്തിയിട്ടില്ല എന്ന വസ്തുതയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്ലാൻ കഴിഞ്ഞ ദിവസം ടൈംസ് പുറത്തു വിട്ടിരുന്നു. രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ ചുമതലകൾ വഹിക്കുന്ന കുടുംബാംഗങ്ങളും വില്യം രാജകുമാരന്റെ മൂന്ന് മക്കളും മാത്രമായിരിക്കും ഘോഷയാത്രയിൽ പങ്കെടുക്കുക എന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്.

കിരീടധാരണ ചടങ്ങുകൾ പരമാവധി ലളിതമാകാനാണ് ചാൾസ് രാജാവിന്റെ തീരുമാനം. അതുകൊണ്ടു തന്നെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്ന കുടുംബാംഗങ്ങളുടെ എണ്ണവും പരിമിതപ്പെടുത്തും. ഇതും ഹാരിയെയും മേഗനെയും ഒഴിവാക്കുന്നതിനുള്ള ഒരു കാരണമാണ്. എല്ലാത്തിനും പുറമെ രാജകുടുംബവുമായുള്ള ഹാരിയുടെയും മേഗന്റെയും ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.

അതിനിടയിൽ, ഹാരി യു കെ സന്ദർശിക്കുന്നുവെങ്കിൽ 28 ദിവസങ്ങൾക്ക് മുൻപേ വിവരം അറിയിക്കണം എന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഹാരിയുടെ സുരക്ഷ വിലയിരുത്താനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും വേണ്ടിയാണിത്. ബ്രിട്ടനിൽ എത്തുമ്പോൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഹാരി നൽകിയ പരാതി കോടതിയിലുണ്ട്. രണ്ടു തവണ അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത തനിക്കുള്ള സുരക്ഷാ ഭീഷണി വളരെ വലുതാണ് എന്ന് പരാതിയിൽ ഹാരി ചൂണ്ടിക്കാട്ടിയിരുന്നു.

 

MNM Recommends


Most Read