വാർത്ത

അമേരിക്കയിലെ കോടീശ്വരനായ ഏഷ്യൻ ബിസിനസുകാരൻ ബ്രിട്ടനിലെ ഹോട്ടൽ മുറിയിൽ കാമുകിയെ കൊന്നശേഷം ദോഹയ്ക്ക് മുങ്ങി; ഇന്റർപോൾ ടാൻസാനിയയിൽനിന്നും അറസ്റ്റ് ചെയ്ത പ്രതി പറയുന്നത് ദൈവം പറഞ്ഞിട്ട് കൊന്നെന്ന്

മേരിക്കയിലെ കോടീശ്വരനായ ഏഷ്യൻ ബിസിനസുകാരൻ ഓൺലൈനിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷുകാരിയായ കാമുകിയെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി മുങ്ങി. ടാൻസാനിയയിൽനിന്ന് അറസ്റ്റിലായപ്പോൾ താൻ ദൈവത്തിന്റെ വാക്കുകൾ അനുസരിക്കുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴി. ഏതായാലും, കൊലക്കുറ്റത്തിന് വിചാരണ നേരിടുകയാണ് 44-കാരനായ സമി അൽമാരി.

2014 ഡിസംബർ 31-ന് കാർഡിഫിലാണ് സംഭവം 28-കാരിയായ നദീൻ അബുറാസിന്റെ മൃതദേഹം കാർഡിഫിലെ ഹോട്ടലിൽ പുതുവർഷത്തലേന്ന് ജീവനക്കാർ കണ്ടെത്തുകയായിരുന്നു. നദീനെ കൊലപ്പെടുത്തിയ സമി വാതിലിൽ ഡു നോട്ട് ഡിസ്റ്റർബ് ബോർഡ് തൂക്കിയശേഷം മുങ്ങുകയായിരുന്നു.

മുസ്ലിംമാച്ച് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെയാണ് സമിയും നദീനും അടുത്തത്. ടെലിഫോണിലൂടെയും സ്‌കൈപ്പിലൂടെയും വളർന്ന സൗഹൃദം പ്രണയത്തിലേക്ക് നീണ്ടു. 2013-ൽ ഒന്നുരണ്ടുതവണ കാർഡിഫിലെത്തി സമി നദീനെ കണ്ടു. 2014-ൽ ഒരുതവണ നദീൻ ന്യുയോർക്കിലെത്തി സമിയെയും സന്ദർശിച്ചു.

ഏറ്റവുമൊടുവിൽ നദീൻ ന്യുയോർക്കിൽനിന്ന് മടങ്ങിയെത്തിയത് പരിക്കുകളോടെയായിരുന്നുവെന്ന് പൊലീസ് കോടതിയിൽ ബോധിപ്പിച്ചു. പിന്നീട് സമിയുമായുള്ള ബന്ധം തുടരാതിരുന്ന നദീന് വേറെ കാമുകരുണ്ടായിരുന്നതായും അന്വേഷണോദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു. ഇതിൽ കുപിതനായ സമി കാർഡിഫിലെത്തി ഫ്യൂച്ചർ ഇൻസ് എന്ന ഹോട്ടലിൽ മുറിയെടുക്കുകയും നദീനെ വിളിച്ചുവരുത്തുകയുമായിരുന്നു.

ഡിസംബർ 31-ന് പുലർച്ചെ ഹോ്ടലിൽനിന്ന് പുറത്തുകടന്ന സമി, ഹീത്രൂ വിമാനത്താവളത്തിലെത്തുകയും ദോഹയിലേക്ക് പോവുകയും ചെയ്തു. അന്നേ ദിവസം ഉച്ചയോടെയാണ് നദീന്റെ മൃതദേഹം ഹോട്ടലിൽ കണ്ടെത്തിയത്. ദോഹയിൽിന്ന് ടാൻസാനിയയിലേക്ക് മുങ്ങിയ പ്രതിയെ ജനുവരി 19-ന് ഇന്റർപോൾ അറസ്റ്റ് ചെയ്യുകയായിരുന്നു.

നദീനെ കൊല്ലാനുള്ള ദൈവത്തിന്റെ അശരീരി കേട്ടുവെന്നും അതനുസരിച്ച് പ്രവർത്തിക്കുകയായിരുന്നുവെന്നുമാണ് സമി പൊലീസിന് മൊഴി നൽകിയത്. കോടതിയിൽ വിചാരണ നാലാഴ്ച കൂടി നീളുമെന്നാണ് സൂചന. 

MNM Recommends


Most Read