വാർത്ത

'പത്തു കൊല്ലമായി ഞാൻ കൈകഴുകാറില്ല' ; ടിവി ഷോ അവതാരകൻ ചർച്ചയിൽ പറഞ്ഞത് കേട്ട് അത്ഭുതപ്പെട്ട് ലോകം; 'കീടാണുക്കൾ ഒരു യഥാർത്ഥ കാര്യമല്ല'; അവയെ താൻ കണ്ടിട്ടില്ലെന്നും ഇതുമൂലം അസുഖം പിടിപെട്ടിട്ടില്ലെന്നും പീറ്റ് ഹെഗ്‌സെത്ത്

ന്യൂയോർക്ക്: ശുചിത്വം പാലിക്കുന്നതിന്റെ മിനിമം മര്യാദയാണ് ഭക്ഷണ ശേഷം കൈ കഴുകുക എന്നത്. അത് കഴിക്കുന്നതിന് മുമ്പും വേണമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. എന്നാൽ താൻ കൈകഴുകാറില്ലെന്ന് ടിവി അവതാരകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചർച്ചയാകുന്നത്. അതും ഒന്നും രണ്ടും നാളുകളായിട്ടല്ല, കഴിഞ്ഞ പത്തു വർഷമായിട്ട്. ഭക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ബന്ധപ്പെട്ടുള്ള സംവാദത്തിനിടെ ടിവി അവതാരകനായ പീറ്റ് ഹെഗ്‌സെത്താണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ശ്രദ്ധാ കേന്ദ്രമായത്.

ഫോക്‌സ് ന്യൂസ് ചാനലിലെ ഫോക്‌സ് ആൻഡ് ഫ്രണ്ട്‌സ് എന്ന ചർച്ചാ പ്രോഗ്രാമിലാണ് പീറ്റിന്റെ വെളിപ്പെടുത്തൽ. വേൾഡ് പിസാ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച സഹ അവതാരകരായ എഡ് ഹെന്റിയും ജെഡേഡിയാ ബിലയും ചർച്ച ചെയ്യവേയാണ് ഹെഗ്‌സെത്ത് വർഷങ്ങൾ നീണ്ട സത്യം തുറന്ന് പറഞ്ഞത്. ശുചിത്വം ഇല്ലെങ്കിൽ നഗ്‌നനേത്രം കൊണ്ടു കാണാനാകാത്ത അണുക്കൾ ശരീരത്തിനുള്ളിൽ എത്തുകയും അസുഖം പിടിപെടാൻ കാരണമാകുകയും ചെയ്യുന്നുവെന്നായിരുന്നു അവരുടെ വാദം.

ഇതിനു പിന്നാലെയാണ് കഴിഞ്ഞ 10 വർഷമായി താൻ കൈ കഴുകയിട്ടില്ലെന്ന സത്യം ഹെഗ്‌സെത്ത് വെളിപ്പെടുത്തിയത്. കീടാണുക്കൾ ഒരു യഥാർഥ കാര്യമല്ല. അവയെ താൻ കണ്ടിട്ടില്ലെന്നും തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ലെന്നും ഹെഗ്‌സെത്ത് പറഞ്ഞു. ഹെഗ്‌സെത്തിന്റെ വെളിപ്പെടുത്തൽ ഇതിനോടകം സമൂഹ മാധ്യമത്തിൽ വൈറലാകുകയും അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റ് വരെ വരുകയും ചെയ്തിരുന്നു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read