വാർത്ത

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്‌ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ ആരോപണവുമായി ഡ്രൈവർ യദു. സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ സീറ്റ് നൽകികയത് കണ്ടക്ടർ സുബിനാണ്. കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നെന്നും പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞെന്നും ഇയാൾ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും യദു മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യദു.

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ടെന്നും യദു പറഞ്ഞു. 'കണ്ടക്ടർ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അവൻ മുന്നിലാണ് ഇരുന്നത്. എംഎൽഎ ബസിൽ കയറിപ്പോൾ സഖാവെ ഇരുന്നോളൂ എന്ന് പറഞ്ഞ് സീറ്റിൽ നിന്ന് എഴുന്നേറ്റ് കൊടുക്കുകയായിരുന്നു. എന്നിട്ട് ബാക്കിലാണ് ഇരുന്നതെന്ന് കള്ളം പറയുകയായിരുന്നു' - യദു പറഞ്ഞു. കണ്ടക്ടർ പാർട്ടിക്കാരനായതുകൊണ്ട് അദ്ദേഹത്തിന്റെ ഇടപെടൽ സംശയിക്കുന്നു. അവന് പാർട്ടി ഭാഗത്തുനിന്ന് സമ്മർദമുണ്ടായിട്ടുണ്ടെന്ന് കരുതുന്നതായും യദു കൂട്ടിച്ചേർത്തു.

നടി റോഷ്ന ആൻ റോയിയുടെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. നടി ആരോപിക്കുന്ന സംഭവങ്ങളൊന്നും തന്റെ ഓർമയിലില്ല. അന്നേദിവസം വഴിക്കടവ് റൂട്ടിലായിരുന്നോ ജോലി ചെയ്തതെന്ന് കെഎസ്ആർടിസിയുടെ ഷെഡ്യൂൾ നോക്കണം. രണ്ടുവർഷമായി ജോലി ചെയ്യുന്ന തനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിട്ടില്ലെന്നും യദു പറഞ്ഞു.

മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എംഎൽഎ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് തിരുവനന്തപുരം ജൂഡീഷ്യൽ കോടതിയിൽ യദു ഹർജി നൽകിയത്. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് മേയർക്കെതിരായ ഡ്രൈവർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് എംഎൽഎക്കെതിരായ പരാതി. കോടതി മേൽനോട്ടത്തിലോ നിർദ്ദേശത്തിലോ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ ഇനിയും പൊലീസ് കേസെടുത്തിട്ടില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്. കേസെടുക്കാൻ പൊലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവർ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കുമെതിരെയാണ് പരാതി. കേരള പൊലീസ്, കെ.എസ്.ആർ.ടി.സി എം.ഡി അടക്കമുള്ളവർ ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ഉത്തരവിട്ടു.

അതേസമയം, കെ.എസ്.ആർ.ടി.സി ഡ്രൈവറും മേയറും തമ്മിലുള്ള തർക്കത്തിൽ ബസ് കണ്ടക്ടർ സുബിന്റെ മൊഴി കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമായി കണ്ടില്ലെന്ന് സുബിൻ മൊഴി നൽകിയത്. ഡ്രൈവർ യദു ലൈംഗിക ആംഗ്യം കാണിച്ചോയെന്നും കാറിനെ ബസ് മറികടന്നോ എന്നും അറിയില്ല. ബഹളമുണ്ടായപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നുമാണ് സുബിൻ മൊഴി നൽകിയത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read