വാർത്ത

പ്രവാചകനെ നിന്ദിച്ച താങ്കളുടെ പ്രവർത്തി ഒരു മുസ്ലിം എന്ന നിലയിൽ സഹിക്കാനാവില്ലെന്ന് പറഞ്ഞത് എൻഐഎ ഉദ്യോഗസ്ഥൻ; ഭാര്യയെ മർദിക്കുമെന്നും അമ്മയെ നോക്കാത്തവനും ഒക്കെ പ്രചരിപ്പിച്ചത് കന്യാസ്ത്രീകളും വൈദികരും; പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'മരിച്ചുപോയെങ്കിൽ കുഴപ്പമില്ലായിരുന്നു' എന്ന് പ്രതികരിച്ചത് കോളജ് മാനേജർ; ഇടതുകൈ കൊണ്ട് പ്രൊ. ടി ജെ ജോസഫ് എഴുതിയ 431 പേജുകളുള്ള 'അറ്റുപോവാത്ത ഓർമ്മകളിൽ' നിറയുന്നത് പൊള്ളുന്ന ജീവിതാനുഭവങ്ങൾ

കോഴിക്കോട്: കേരളത്തിലെ മത തീവ്രവാദത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പ്രൊഫസർ ടി ജെ ജോസഫ്. ഒരു ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന് ആരോപണം വന്നതിനെതുടർന്ന് ഇസ്ലാമിക തീവ്രാദികൾ വലതുകൈ വെട്ടിമാറ്റിയ ജോസഫ് മാഷിന്റെ ആത്മക 'അറ്റുപോവാത്ത ഓർമ്മകളിൽ' കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് പ്രസിദ്ധീകരിച്ചത്. ഇടതുകൈ കൊണ്ട് അദ്ദേഹം എഴുതിയ 431 പേജുകൾ വരുന്ന ആത്മകഥ ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശാരീരികമായ പീഡനത്തേക്കാൾ ഭീകരമായിരുന്നു, സഭയുടെ അപവാദം പ്രചരണവും ഒറ്റപ്പെടുത്തലുമെന്ന് ജോസഫ് മാഷ് എഴുതുന്നു.

കോളജിൽനിന്ന് പിരിച്ചുവിട്ട കാലത്ത് കത്തോലിക്ക സഭയിലെ ഒരു പറ്റം വൈദികർ തനിക്കെതിരെ വ്യാപകമായ തോതിൽ വ്യാജ പ്രചരണങ്ങളും സ്വഭാവഹത്യയും നടത്തിയെന്ന് പ്രൊ. ടി.ജെ ജോസഫ് പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. തനിക്ക് അനുകൂലമായി പത്രമാസികകളിൽ ലേഖനം എഴുതിയവരെ തിരഞ്ഞുപിടിച്ച് ആക്ഷേപിച്ചിരുന്നു. സഭേതര പത്രമാസികകളിൽ ജോസഫിന് അനുകൂലമായി എഴുതിയ ക്രിസ്തീയ നാമധാരികളെ കോതമംഗലം മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു. സ്വാതികനും വയോധികനുമായ ഫാ. എ. അടപ്പൂരിനെപോലും കത്തോലിക്ക വൈദികരും മെത്രാന്മാരുടെ ശിങ്കിടികളും തെറിവിളിയിൽ നിന്ന് ഒഴിവാക്കിയില്ലെന്ന് ടി.ജെ ജോസഫ് എഴുതുന്നു. താൻ ഭാര്യാമർദകനാണെന്നും, അമ്മയെ നോക്കാത്തവനാണെന്നുമൊക്കെ കന്യാസ്ത്രീകളും വൈദികരും വിശ്വാസികൾക്കിടയിൽ വ്യാപകമായ തോതിൽ അപവാദ പ്രചരണം നടത്തി. കത്തോലിക്ക സഭയുടെ സംഘടിത ശക്തി ഉപയോഗിച്ച് നിസ്സഹായനായ ഒരു മനുഷ്യനെ എങ്ങനെയെല്ലാം വേട്ടയാടാമെന്ന് വിവരിക്കുന്ന ഒരു ചരിത്ര പുസ്തകം കൂടിയാണ് ടി ജെ ജോസഫിന്റെ ആത്മകഥ.

2010ൽ തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപകനായിരിക്കുമ്പോൾ തയ്യാറാക്കിയ ചോദ്യപേപ്പറിലെ ചില പരാമർശങ്ങളുടെ പേരിൽ ഒരു പറ്റം മുസ്ലിം തീവ്രവാദികൾ മതനിന്ദ ആരോപിച്ച് അദ്ദേഹത്തിന്റെ കൈ വെട്ടി മാറ്റുകയും അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ സീറോ മലബാർ സഭയുടെ കീഴിലുള്ള കോളജ് മാനജ്‌മെന്റ് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന കാലത്ത് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. സർവ്വീസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിനെ കാണാനെത്തിയ അദ്ദേഹത്തിന്റെ ഭാര്യ സലോമിയെയും മകളെയും കോളജ് മാനേജർ അപമാനിക്കുകയും മര്യാദയില്ലാത്ത വിധം സംസാരിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടുവെന്ന ഉത്തരവും വന്നു.

ജോസഫിനെ അക്രമിച്ചതിൽ മുസ്ലിം സംഘടനകൾ പോലും അപലപിച്ചിട്ടും സഭാമേലധികാരികൾ തികഞ്ഞ മൗനത്തിലായിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ അദ്ദേഹത്തെ അക്രമിച്ചതിനെതിരെ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ടപ്പോൾ കോളജ് മാനേജർ മോൺസിഞ്ഞോർ തോമസ് മലേക്കുടി 'മരിച്ചു പോയെങ്കിൽ കുഴപ്പമില്ലായിരുന്നു' എന്നാണ് പ്രതികരിച്ചത്. ഇങ്ങനെ എല്ലാതരത്തിലും ജോസഫിനെ അപമാനിക്കാനും അവഹേളിക്കാനുമാണ് സഭയും വൈദികരും ശ്രമിച്ചത്.

മുസ്ലീമായ എൻഐഎ അന്വേഷണ ഉദ്യോഗസ്ഥൻ പെരുമാറിയത് പരുഷമായി

അദ്ദേഹത്തിന്റെ കേസ് നടക്കുന്നതിനിടയിലാണ് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടത്. സാമ്പത്തിക പരാധീനതകൾ മൂലം ഏറെ വലഞ്ഞുവെന്നും ജോസഫ് വിവരിക്കുന്നുണ്ട്. കേസന്വേഷിക്കാൻ വന്ന മുസ്ലീമായ എൻഐഎ അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് പരൂഷമായി പെരുമാറിയ കാര്യം അദ്ദേഹം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകനെ നിന്ദിച്ച താങ്കളുടെ പ്രവർത്തി ഒരു മുസ്ലിം എന്ന നിലയിൽ എനിക്ക് സഹിക്കാനാവില്ല, എന്നിരുന്നാലും അത് എന്റെ ഡ്യൂട്ടിയെ ബാധിക്കില്ല'. എന്നു പറഞ്ഞ ഉദ്യോഗസ്ഥൻ പ്രതികളെ രക്ഷിക്കാൻ വേണ്ടി സകല പഴുതുകളുമിട്ടാണ് കേസന്വേഷണം നടത്തിയതെന്ന് പിന്നീട് മേൽനോട്ടം വഹിക്കാനെത്തിയ എൻഐഎ സൂപ്രണ്ട് കണ്ടെത്തി. ഇതേതുടർന്ന് ഇയാളെ അന്വേഷണ സംഘത്തിൽ നിന്നും ഒഴിവാക്കി.

കോടതി കുറ്റ വിമുക്തനാക്കിയിട്ടും സഭാമേലധികാരികൾ ജോസഫിനെതിരെയുള്ള വേട്ടയാടൽ തുടർന്നു. യൂണിവേഴ്‌സിറ്റി ട്രിബ്യൂണലിലെ കേസിനെതിരെ ജോസഫിന്റെ സഹപ്രവർത്തകനും വൈദികനുമായ ഫാ. രാജു ജേക്കബ് (മാനുവൽ പിച്ചലക്കാട്ട്) താൻ മതനിന്ദ നടത്തിയ വ്യക്തിയാണെന്ന് ബോധിപ്പിച്ചിരുന്നു. ജോസഫിന്റെ ശിഷ്യൻ കൂടിയായിരുന്നു വൈദികനായ രാജു. അദ്ദേഹത്തിന് തന്റെ ഗുരുവും സഹപ്രവർത്തകനുമായ ജോസഫിനെതിരെ കള്ളസാക്ഷ്യം പറയുന്നതിൽ യാതൊരു മടിയും സങ്കോചവുമില്ലായിരുന്നുവെന്നാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ മൊഴികളാണ് കോളജ് പ്രിൻസിപ്പലായ ടിഎം ജോസഫും മാനേജർ ഫാ. തോമസ് മലേക്കുടിയും ആവർത്തിച്ചത്. സംഘടിതമായ രീതിയിൽ കത്തോലിക്ക സഭ നേതൃത്വവും വൈദികരും ചേർന്ന് നിസ്സഹായനായ ഒരു മനുഷ്യനെ വേട്ടയാടിയതിന്റെ നേർചിത്രമാണ് അറ്റുപോകാത്ത ഓർമ്മകളിൽ വിവരിക്കുന്നത്.

ജോസഫിനെ ജോലിയിൽ നിന്നു പിരിച്ചു വിട്ടതോടെ ഭാര്യ സലോമി മാനസിക രോഗിയായി മാറി. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതോടെ അവരുടെ സ്വഭാവത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങി. വേണ്ടാത്തതിനൊക്കെ വഴക്കുണ്ടാക്കാൻ തുടങ്ങി. മനോരോഗത്തിന് തുടക്കമാണെന്നും ഇത്തരം രോഗികൾ ആത്മഹത്യപ്രവണത പ്രകടിപ്പിക്കുമെന്ന് മുന്നറിയിപ്പ് തന്നതോടെ വീട്ടിലുണ്ടായിരുന്ന കീടനാശിനികൾ നശിപ്പിച്ചു കളയുകയും, മൂർച്ചയേറിയ കത്തികളും മറ്റും അവരിൽ നിന്ന് ഒളിപ്പിച്ചു വെക്കുകയും ചെയ്തു. എന്നിട്ടും ഒരു ദിവസം കുളിമുറിയിൽ കയറി തൂങ്ങിമരിച്ചു. അതും പുണ്യവാനായ സെന്റ് ജോസഫിന്റെ തിരുനാൾ ദിവസത്തിലാണ് അത് സംഭവിച്ചത്. വീണ്ടും ഒരിക്കൽ കൂടി താൻ തോൽപ്പിക്കപ്പെട്ടുവെന്നാണ് ഭാര്യയുടെ വിയോഗത്തെക്കുറിച്ച് ജോസഫ് എഴുതിയിരിക്കുന്നത്.

സലോമിയുടെ മരണം വാർത്താമാധ്യമങ്ങളും പൊതുസമൂഹവും ഏറ്റെടുത്തു. എന്നിട്ടും സഭയുടെ മനസ്സലിഞ്ഞില്ല. വീണ്ടും വീണ്ടും ജോസഫിനെയും കുടുംബത്തെയും വൈദികരും സഭാനേതൃത്വവും സംഘടിതമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തു. 2014 മാർച്ച് 31-ന് വിരമിക്കാനിരിക്കെ ഔദാര്യമെന്നോണം അദ്ദേഹത്തെ 28-ന് ജോയിന്റ് ചെയ്യാനായി നിയമന ഉത്തരവ് നൽകി. താൻ ജോയിന്റ് ചെയ്യാൻ ചെല്ലുമ്പോൾ തന്റെ കുട്ടികൾ അവിടെ ഉണ്ടാവാതിരിക്കാൻ കോളജിന് അന്ന് അവധി നൽകി. തന്നെ സ്വീകരിക്കുന്നതിൽ നിന്ന് അദ്ധ്യാപകരെയും പലവിധ ജോലികളിലേക്ക് നിയമിച്ച് ആനന്ദം കണ്ടെത്തി. അദ്ദേഹം ഓഫീസിൽ പ്രവേശിക്കുന്നതും ഹാജർ ബുക്കിൽ വീണ്ടും ഒപ്പു വെക്കുന്നതും മാധ്യമങ്ങൾ പകർത്താതിരിക്കാൻ കോളജിന്റെ പ്രധാന കവാടം അടച്ചിട്ടു. തനിക്ക് പെൻഷൻ പോലും കിട്ടാതിരിക്കാൻ സഭയും, വൈദികരും, മാനേജ്‌മെന്റും ചേർന്ന് എല്ലാ കള്ളകളികളും കളിച്ചു. എന്നിട്ടും സഭ വീണ്ടും ജോസഫിനെ വേട്ടയാടി. അദ്ദേഹത്തിനെതിരെ കോതമംഗലം രൂപതയുടെ കീഴിലുള്ള പള്ളികളിൽ ജോസഫിനെതിരായി ഇടയലേഖനം വായിച്ചു.

സഭയ്‌ക്കെതിരെ കേസുമായി പോകരുതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് അഭ്യർത്ഥിച്ചു. അതുകൊണ്ട് തന്നെ സഭയ്‌ക്കെതിരെ കേസിനുപോകാൻ ജോസഫ് ഒരുമ്പെട്ടില്ല. എന്നിട്ടും ശമ്പള കുടിശ്ശികയോ, പെൻഷനോ ലഭ്യമാക്കാതെ വീണ്ടും പീഡിപ്പിക്കാൻ സഭാ അധികാരികൾ ശ്രമിച്ചുകൊണ്ടേയിരുന്നുവെന്നും ആത്മകഥയിൽ വ്യക്തമാക്കുന്നു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read