വാർത്ത

വാക്സിനേഷൻ വിരുദ്ധരെ വിശ്വസിച്ച് കുട്ടികൾക്കു കുത്തിവയ്പ് എടുക്കാതിരിക്കുന്നവർക്ക് ഒരു ദുഃഖവാർത്ത; മൂവാറ്റുപുഴയിൽ എട്ടുമാസവും നാലും വയസായ സഹോദരങ്ങൾക്ക് വില്ലൻചുമ സ്ഥിരീകരിച്ചു; ഉന്മൂലനം ചെയ്തെന്നു വിശ്വസിക്കുന്ന രോഗങ്ങൾ കേരളത്തിൽ തിരിച്ചെത്തുന്നോ? മുന്നറിയിപ്പുമായി ഡോക്ടർമാരും

മൂവാറ്റുപുഴ: സംസ്ഥാനത്തുനിന്ന് പൂർണമായി ഉന്മൂലനം ചെയ്‌തെന്നു കരുതുന്ന മാരക രോഗങ്ങൾ തിരിച്ചെത്തുകയാണോ? മൂവാറ്റുപുഴയിൽ എട്ടുമാസവും നാല് വയസും പ്രായമായ സഹോദരങ്ങൾക്ക് വില്ലൻ ചുമ എന്ന ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. കടുത്തു ചമയുമായി ചികിത്സ തേടിയെത്തിയ ഇരുവർക്കും പരിശോധനയിൽ വില്ലൻ ചുമയാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാരപ്പെട്ടി സ്വദേശികളാണ് ഇരുവരും. ഇവർക്കു കുട്ടിക്കാലത്ത് വില്ലൻചുമ പ്രതിരോധത്തിന്റെ ഭാഗമായി എടുക്കേണ്ട ഡിപിടി വാക്‌സിനേഷൻ എടുത്തിരുന്നില്ല.

ബോർഡട്ടെല്ല പെർടുസിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് വില്ലൻ ചുമ അഥവാ പെർട്ടൂസിസ്. പ്രധാന രോഗലക്ഷണം ചുമയായതിനാൽ തന്നെ ചുമയിലൂടെ പുറത്തെത്തുന്ന അണുക്കൾ വായുവിലൂടെ രോഗം വേഗത്തിൽ പടരുന്നു. ഡിഫ്ത്തീരിയ,വില്ലൻചുമ എന്നീ മാരക രോഗങ്ങൾ ബാധിക്കാതിരിക്കാനായി ശിശുക്കൾക്ക് നൽകുന്ന പ്രതിരോധ കുത്തിവെയ്‌പ്പാണ് ഡിപിറ്റി വാക്‌സിൻ എടുക്കാതിരുന്ന കുട്ടികൾക്കാണ് ഇപ്പോൾ രോഗം സ്ഥിതീകരിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ ശുപാർശയനുസരിച്ച് നവജാത ശിശുക്കൾക്ക് ആറാം ആഴ്ച, പത്താം ആഴ്ച, പതിനാലാം ആഴ്ച എന്നീ ക്രമത്തിൽ മൂന്ന് കുത്തിവെയ്പുകളും തുടർന്ന് 16 24 അഴ്ചകൾക്കിടയിൽ ഒരു കുത്തിവെയ്‌പ്പും തുടർന്ന് 5 6 ആം വയസ്സിൽ വില്ലൻ ചുമയുടെ ഘടകം ഒഴിവാക്കിയ ഡീ ടീ ബൂസ്റ്റർ ഡോസും നൽകുകയാണ് ഈ വാക്‌സിന്റെ ഭാഗമായി ചെയ്യേണ്ടത്.വാക്‌സിൻ വിരുദ്ധരുടെ പ്രചരണങ്ങളിൽ വിശ്വസിച്ചാണ് ഇവർ കുട്ടികൾക്ക് ഈ കുത്തിവെപ്പുകൾ എടുക്കാതിരുന്നത്.

മൂക്കൊലിപ്പും ഇടവിട്ടുള്ള ചുമയുമായി തുടങ്ങുന്ന രോഗം 2 ആഴ്ചകൾക്കുള്ളിൽ ഗുരുതരമാകും. ഏതാനും മിനിറ്റുകൾ നീണ്ടു നിൽക്കുന്ന ശക്തമായ നിർത്താതെയുള്ള ചുമ രോഗിയെ അവശനാക്കും. ദിവസം 10 20 തവണ വരെ വന്നേക്കാവുന്ന ഈ ചുമ നിരകളാണ് വില്ലൻ ചുമയിലെ പ്രധാന വില്ലൻ. ഇത്തരത്തിലുള്ള അസഹ്യമായ കടുത്ത ചുമ 2 3 മാസങ്ങൾ വരെ നീണ്ടു നിന്നേക്കാം എന്നുള്ളതുകൊണ്ട് 100 ഡേ കഫ് ( 100 ദിവസചുമ ) എന്ന പേരിലും ഈ അസുഖം അറിയപ്പെടാറുണ്ട്. കടുത്ത ചുമ ശരീരത്തിലെ പല ഭാഗങ്ങളിലെയും രക്തക്കുഴലുകൾ പൊട്ടാൻ ഇടയാക്കുന്നു. തലച്ചോറിലോ മറ്റ് ആന്തരാവയവങ്ങളിലോ ഇത്തരത്തിലുണ്ടാകുന്ന രക്തസ്രാവം കുഞ്ഞിനെ ജീവിതകാലം മുഴുവൻ ശയ്യാവലംബിയാക്കാനോ എന്തിന് മരണം തന്നെ സംഭവിക്കാനോ കാരണമാകാം. തീരേ ചെറിയ കുഞ്ഞുങ്ങൾക്കും ആരോഗ്യക്കുറവുള്ള കുട്ടികൾക്കും വില്ലൻ ചുമ ബാധിച്ചാൽ ചുമയുടെ അവസാനം അവർക്ക് വേണ്ടത്ര ദീർഘമായി ശ്വാസമെടുക്കാനുള്ള ശക്തിയില്ലാത്തതിനാൽ ഹൃദയമിടുപ്പ് കുറഞ്ഞു വരാം. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ കുഞ്ഞ് മരണപ്പെടാനാണ് സാധ്യത.

കേരളത്തിലെ ആരോഗ്യ മേഖല നേട്ടത്തിലേക്ക് കുതിക്കുന്നുവെന്ന് അധികാരികൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് ഈ വാർത്തകളും പുറത്തു വരുന്നത്. സംസ്ഥാനത്ത് ഒരു വയസിൽ താഴെയുള്ള 4773 കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടില്ലെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന്ത്. 2044 കുട്ടികൾ കുത്തിവെപ്പെടുക്കാത്ത മലപ്പുറം ജില്ലയാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. 2015-2016 വർഷത്തെ കണക്കുകൾ മാത്രമാണിത്. വാക്‌സിനുകൾ ദോഷകരമാണെന്നും വാക്‌സിൻ കമ്പനികൾക്കു വേണ്ടിയാണ് ഇത്തരം പ്രചരണങ്ങളെന്നുമാണ് വാക്‌സിൻ വിരുദ്ധരുടെ പ്രചരണം. മതവിശ്വാസത്തിന്റെ ഭാഗമായും വാക്‌സിനുകൾ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നുണ്ട്.

അപൂർവമായി മാത്രം പാർശ്വഫലങ്ങൾ ഉണ്ടാക്കാറുള്ളതാണ് ഡിപിറ്റി വാക്‌സിൻ. വില്ലൻ ചുമയുടെ വാക്‌സിനിലെ നിർജീവ ബാക്ടീരിയങ്ങളുടെ സാന്നിധ്യമാണ് ഇതിനു കാരണം. പനി, ദേഹാസ്വാസ്ഥ്യം, സന്നി, നിർത്താതെയുള്ള കരച്ചിൽ, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ അനുഭവപ്പെട്ടാൽ തുടർന്നു കുത്തിവയ്പു നടത്തുമ്പോൾ വില്ലൻ ചുമയുടെ വാക്‌സിൻ ഒഴിവാക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുള്ളത്. ഡിപിറ്റി വാക്‌സിന്റെ ഗുണഫലങ്ങളെ കണക്കിലെടുത്ത് ഈ ചെറിയ അപകട സാധ്യതയ്ക്ക് പ്രാധാന്യം നൽകാറില്ല. ഇതിനെ പെരുപ്പിച്ച് കാട്ടിയാണ് വാക്‌സിൻ വിരുദ്ധരുടെ പ്രചരണങ്ങളെല്ലാം.

കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറായ ജിനേഷ് പി.എസ് ഇക്കാര്യങ്ങൾ വിശദമായി ഫെയ്‌സബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പല ഡോക്ടർമാർക്കും അഞ്ച് വർഷത്തെ എംബിബിഎസ് പഠന കാലയളവിലും മൂന്ന് വർഷത്തെ പിജി റസിഡൻസി കാലയളവിലും കാണാൻ സാധിക്കാതിരുന്ന ഡിഫ്തീരിയയും വില്ലൻ ചുമയും ഒക്കെ അവർക്കിന്ന് കാണാനാകുന്നു. വാക്‌സിൻ വിരുദ്ധരുടെ മഹത്തായ വിജയമെന്നാണ് ഡോക്ടർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഈ വർഷവും ഡിഫ്തീരിയ മൂലമുള്ള മരണമുണ്ടാകുമെന്നും മലപ്പുറം ജില്ലയിലായിരിക്കും ഇത് കൂടുതലെന്നും ജിതേഷ് വ്യക്തമാക്കുന്നുണ്ട്.

ഇത്തരം വാർത്തകൾ ദിനം പ്രതി വരുന്നുണ്ടെങ്കിലും പല രക്ഷിതാക്കളും ഇപ്പോഴും വാക്‌സിനുകൾ എടുക്കാൻ തയാറായിട്ടില്ല. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് നിരന്തരം ബന്ധപ്പെട്ട് ബോധവത്കരണം നടത്താനുള്ള ശ്രമങ്ങളിലാണ് അരോഗ്യവകുപ്പ് ഇപ്പോൾ നടത്തുന്നത്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read