വാർത്ത

പാവറട്ടിയിലെ എക്‌സൈസ് കസ്റ്റഡി മരണത്തിൽ അന്വേഷണം സിബിഐക്ക്; സംസ്ഥാനത്തെ എല്ലാ കസ്റ്റഡി മരണങ്ങളും ഇനി അന്വേഷിക്കുക സിബിഐ; തീരുമാനം സേനയ്ക്കുള്ളിലെ സംഭവം സേന തന്നെ അന്വേഷിക്കേണ്ട എന്ന സുപ്രീം കോടതി വിധിയെ തുടർന്ന്; തിരൂർ സ്വദേശി രഞ്ജിത്തിന്റെ മരണത്തിൽ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥർ കുറ്റക്കാർ; ഡ്രൈവർ സുരേഷ് സാക്ഷിയാകും; കസ്റ്റഡി മരണങ്ങൾക്ക് കർശന ശിക്ഷയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച പാവറട്ടിയിൽ എക്‌സൈസ് കസ്റ്റഡിയിൽ മലപ്പുറം സ്വദേശി രഞ്ചിത്തിന്റെ മരണം സിബിഐ അന്വേഷിക്കും. സംസ്ഥാനത്ത് ഇനിമുതൽ കസ്റ്റഡി മരണങ്ങൾ സംഭവിച്ചാൽ അത് സിബിഐക്ക് വിടാനും തീരുമാനിച്ചു. മന്ത്രിസഭയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹരിയാനയിലെ ഒരു കസ്റ്റഡിമരണക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും സേനാ വിഭാഗങ്ങൾക്ക് കീഴിൽ കസ്റ്റഡി മരണങ്ങൾ ഉണ്ടായാൽ അത് സിബിഐ അന്വേഷിക്കണമെന്നായിരുന്നു സുപ്രീം കോടതി വിധി

ഒക്ടോബർ ഒന്നിനാണ് തൃശൂരിൽ എക്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിക്കുന്നത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ മരണപ്പെട്ട നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. രഞ്ജിത് കുമാറിന്റെ കഴുത്തിലും തലയ്ക്കു പിറകിലും ആയി 12 ഓളം ക്ഷതങ്ങൾ ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തലയിലെ രക്ത സ്രാവമാണ് മരണത്തിന് കാരണമായത്. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 7 ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റം ചുമത്തി. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് വന്നത്.

തിരൂർ മംഗലം സ്വദേശിയാണ് രഞ്ജിത്ത്. മരിച്ച ശേഷമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.സംഭവ ദിവസം വൈകിട്ട് അഞ്ചോടെയാണ് പാവറട്ടിയിലെ സാൻ ജോൺസ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് 10 മിനിറ്റ് മുൻപെങ്കിലും രഞ്ജിത്ത് മരണപ്പെട്ടിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12ഓടെ രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ട് കിലോ കഞ്ചാവും ഇയാളിൽ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ പാവറട്ടിയിലെ സാൻ ജോൺസ് ആശുപത്രിയിൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തിച്ചു.

രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും ആശുപത്രിയിലെത്തിക്കും മുൻപേ മരണപ്പെട്ടിരുന്നുവെന്നും ഇയാളെ പരിശോധിച്ച ഡോക്ടർമാർപറഞ്ഞു. കസ്റ്റഡിയിൽ വച്ച് രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇയാൾ മരണപ്പെട്ടുവെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.ആശുപത്രിയിൽ എത്തുന്നതിന് ഏതാനും മിനിറ്റുകൾ മുൻപാണ് ഇയാൾ മരണപ്പെട്ടത് എന്നാണ് ഡോക്ടർമാരുടെ നിഗമനം. പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മർദ്ദനമേറ്റതാണ് മരണത്തിന് കാരണമെന്ന് തെളിഞ്ഞത്.

പാവറട്ടിയിലെ കസ്റ്റഡി മരണ കേസിൽ ഇതു വരെ 5 എക്‌സൈസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിൻ , എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ അനൂപ്, ജബ്ബാർ സിവിൽ ഓഫീസർ നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ടു പേർ കൂടി ഇന്ന് ഹാജരായേക്കും. ഡ്രൈവർ ശ്രീജിത്തിനെ കേസിൽ പ്രതി ചേർത്തിട്ടില്ല.സംഘത്തിലുണ്ടായിരുന്ന എല്ലാവർക്കും ഒരേ ഉത്തരവാദിത്തമായതിനാലാണ് ഏഴ് പേർക്കെതിരെയും കൊലകുറ്റം ചുമത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സാക്ഷി മൊഴികളിൽ നിന്ന് ശ്രീജിത്ത് മർദ്ദിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഇയാളെ കേസിൽ സാക്ഷിയാക്കാനാണ് ഇപ്പോൾ തീരുമാനം.

നേരത്തെ നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. എന്നാൽ മുൻകാല പ്രാബല്യത്തിൽ വരാപ്പുഴ ഉൾപ്പടെയുള്ള മറ്റ് കസ്റ്റഡി മരണക്കേസുകളും സിബിഐയ്ക്ക് വിടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ഇനി സംസ്ഥാനത്ത് ഒരു കസ്റ്റഡി മരണവും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. ഇനി കസ്റ്റഡി മരണങ്ങളുണ്ടായാൽ അത് സിബിഐക്ക് വിടുമെന്ന കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read