വാർത്ത

മുഖ്യമന്ത്രി കസേരക്കുള്ള തടസം നീക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതെ നാല് കൊല്ലം നീക്കിയതിന്റെ പിന്നിൽ പോലും ഉന്നത ഇടപെടൽ; വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും ബെഹ്‌റയെ ഡിജിപി ആക്കിയതും ഏറെ പേരുദോഷമുള്ള ശ്രീവാസ്തവയെ സൂപ്പർ ഡിജിപി ആക്കിയതുമൊക്കെ ഓരേ കാരണത്താൽ; ഒടുവിൽ എതിർപ്പുകൾ മറികടന്ന് സമ്പത്തിനെ നിയമിച്ചതു പോലും ലാവലിൻ ഭയം മൂലം; പിണറായി ഏറെ ഭയപ്പെടുന്ന ലാവലിൻ കേസിൽ ഒക്ടോബർ ഒന്നിന് എന്ത് സംഭവിക്കും?

ന്യൂഡൽഹി: രാഷ്ട്രീയ എതിരാളിലെ കേന്ദ്രസർക്കാറും ബിജെപിയും ഓരോ വിധത്തിൽ കുടുക്കുന്ന സമയത്ത് കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച ലാവലിൻ അഴിമതി കേസും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക്. ഏറെ വിവാദം സൃഷ്ടിച്ച കേസ് കോടതിയിൽ എത്തുമ്പോൾ ഇക്കുറി കേരളാ മുഖ്യമന്ത്രിക്ക് ആശങ്കപ്പെടാൻ ഏറെയുണ്ട്. കേസിൽ മന്ത്രിയായിരുന്ന പിണറായിയെ ഒഴിവാക്കുകയും ഉദ്യോഗസ്ഥരെ പ്രതിയാക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ള്. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

എസ്.എൻ.സി. ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ. നൽകിയ അപ്പീലാണ് കോടതിമുമ്പാകെയുള്ളത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച വൈദ്യുതി ബോർഡ് മുൻ ഉദ്യോഗസ്ഥരുടെ ഹർജിയും സുപ്രീംകോടതി മുമ്പാകെയുണ്ട്. ഇതിനുമുമ്പ് ഏപ്രിൽ ഒന്നിന് കേസ് പരിഗണിച്ചപ്പോൾ വേനലവധിക്കുശേഷം കേൾക്കാനായി ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് മാറ്റിവെക്കുകയായിരുന്നു.

കേസ് വീണ്ടും അടുത്തമാസം ഒന്നിന് പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഒരു ഇടപെടൽ അപേക്ഷകന്റെ അഭിഭാഷക ഇന്നലെ കേസ് പരാമർശിച്ചപ്പോഴാണു ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഇതു വ്യക്തമാക്കിയത്. പലതവണയായി കേസ് മാറ്റിവയ്ക്കുന്നുവെന്നും അതു പാടില്ലെന്നും അഭിഭാഷക എം.കെ.അശ്വതി പറഞ്ഞു. സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളതനുസരിച്ച് അടുത്ത ഒന്നിനാണ് ഇനി കേസ് പരിഗണിക്കേണ്ടത്.

ഇതിവരെ പല കാരണങ്ങൾ പറഞ്ഞ് കേസ് നാല് വർഷം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കേരളാ ഹൈക്കോടതി പിണറായിക്ക് ക്ലീൻചിറ്റ് നൽകിയ ശേഷം കേസ് വിലങ്ങുതടിയാകാതിരിക്കാൻ വേണ്ടിയാണ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവയെ കേസ് ഏൽപ്പിച്ചത്. കേസിൽ പിണറായിക്ക് വേണ്ടി വാദിച്ച എം കെ ദാമോദരൻ അന്തരിച്ചതോട കേസിനെ കുറിച്ചുള്ള വിശദവിവരങ്ങൾ ഇപ്പോൾ അറിവുള്ളത് കേന്ദ്രസർക്കാറിന്റെ കൂടി ഇഷ്ടക്കാരനായ ഹരീഷ് സാൽവെക്കാണ്. സാൽവേയിലേക്ക് പിണറായി എത്തിയത് ഡിജിപി ലോകനാഥ് ബെഹ്‌റ വഴിയാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഗുജറാത്തിൽ ജോലി ചെയ്തിരുന്ന വേളയിൽ അടക്കം ബഹ്‌റയ്ക്ക് ഇപ്പോഴത്തേ കേന്ദ്രം ഭരിക്കുന്നവരുമായി നല്ല അടുപ്പവുമുണ്ട്. ഇതെല്ലാമാണ് ലാവലിൻ കേസ് നീണ്ടു പോകാൻ ഇടയാക്കിയതെന്ന വിലയിരുത്തലുകളുമുണ്ട്.

അഡ്വ. എം കെ ദാമോദരനെ മരിക്കും മുമ്പ് മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ചതും ലാവലിൻ ഉപകാര സ്മരണയിൽ ആയിരുന്നു. ഈ നിയമനം വിവാദമാകുകയും ചെയ്തിരുന്നു. ലാവലിൻ കേസിൽ ഹൈക്കോടതിയിൽ പിണറായിയെ രക്ഷിച്ച എം കെ ദാമോദരൻ ഇന്ന് ജീവിച്ചിരിപ്പില്ല. ലാവലിൻ കേസിലെ ഓരോ നടപടികളും അപ്പപ്പോൾ അറിയുക എന്ന ഉദ്ദേശത്തിൽ കൂടിയാണ് അഡ്വ. എ സമ്പത്തിനെ ഡൽഹിയിൽ നിയമിക്കാൻ ഇടയാക്കിയ ചേതോവികാരമെന്ന ആക്ഷേപങ്ങളും നിലനിൽക്കുന്നുണ്ട്.

കേരളത്തിൽ തെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് ഒരു വർഷം മാത്രമാണ്. ഈ സാഹചര്യത്തിൽ ലാവലിൻ കേസിലെ പുതിയ നീക്കങ്ങൾ നിർണായകമാണ്. അമിത്ഷായാണ് ആഭ്യന്തര മന്ത്രി എന്നതും പിണറായിക്ക് ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. ഇതിന് മുമ്പ് 2017 ഒക്ടോബർ മുതൽ 13 തവണയാണ് ലാവലിൻ കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കുവന്നത്. വിവിധ കക്ഷികളുടെ അഭിഭാഷകർ മാറ്റിവെക്കാൻ ആവശ്യപ്പെടുകയും മറുപടി ഫയൽ ചെയ്യാൻ വൈകിക്കുകയും ചെയ്തതിനാൽ കേസ് നീണ്ടുപോവുകയായിരുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരിരംഗ അയ്യർ, ശിവദാസൻ, രാജശേഖരൻ നായർ എന്നിവരുടെ വിചാരണ സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവർക്ക് നോട്ടീസയക്കുകയും ചെയ്തു.

പ്രതികളെ വെറുതേവിട്ടതിനെതിരേ കോൺഗ്രസ് നേതാവ് വി എം. സുധീരന്റെ ഹർജിയും സുപ്രീംകോടതിയിലുണ്ട്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നതാണ് കേസ്. ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് ആരോപണം. 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read