വാർത്ത

കരുതിയത് ജോജുവിന്റെ ചിത്രമാണെന്ന്; പ്രകടിപ്പിച്ചത് കോൺഗ്രസ്സ് പ്രവർത്തക എന്ന നിലയിൽ എന്റെ വികാരം; സിനിമയ്ക്ക് അനുമതി നിഷേധിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ; എല്ലാവരും അതിജീവനത്തിന്റെ പാതയിലാണ്; സിനിമക്ക് ചിത്രീകരണം അനുവദിക്കില്ലെന്ന നിലപാട് ഇല്ലെന്നും നഗരസഭ അദ്ധ്യക്ഷ

കൊച്ചി: സത്യൻ അന്തിക്കാട് ചിത്രത്തിന് അനുമതി നിഷേധിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി തൃക്കാക്കര നഗരസഭ അധ്യക്ഷൻ അജിതാ തങ്കപ്പൻ. തൃക്കാക്കരയില് ചിത്രീകരണത്തിന് അനുമതി നൽകില്ലെന്ന് പറഞ്ഞിട്ടില്ല.കോൺഗ്രസ്സ് പ്രവർത്തക എന്ന നിലയിൽ എന്റെ വികാരം ഞാൻ അവരോട് അറിയിക്കുകയായിരുന്നു.നന്നായി പൊട്ടിത്തെറിച്ചിരുന്നു ഞാൻ.അതൊന്നും പക്ഷെ സിനിമയ്ക്ക് അനുമതി നിഷേധിക്കുന്നു എന്ന തരത്തിലുള്ളതല്ലെന്ന് അജിത പറഞ്ഞു.

എന്തായാലും അനുമതി തരാതിരിക്കില്ല എന്ന് അവരോട് തന്നെ പറഞ്ഞിരുന്നു.രണ്ട് മൂന്ന് വർഷമായി എല്ലാവരും കഷ്ടപ്പെടുകയാണ്. എല്ലാവരും അതിജീവനത്തിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ സിനിമക്ക് ചിത്രീകരണം അനുവദിക്കില്ലെന്ന നിലപാട് ഇല്ലെന്നും അജിതാ തങ്കപ്പൻ വ്യക്തമാക്കി.അതേസമയം ജോജു ജോർജിന്റെ ചിത്രമാണെങ്കിൽ പാർട്ടിയോട് ആലോചിച്ച ശേഷം മാത്രമേ ചിത്രീകരണത്തിന് അനുമതി നൽകുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

'ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങളുടെ നേതാക്കൾ ശബ്ദമുയർത്തിയത്. അവരെ ഒരു ജോജു ജോർജ് കാരണം ക്രിമിനലിനെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് പൊലീസ് കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനിൽ കൊതുകുകടിയും കൊണ്ടിരിക്കുന്നവരെ കണ്ടിട്ട് വരുന്ന ഏതൊരു കോൺഗ്രസ് പ്രവർത്തകയിൽ നിന്നും ഉണ്ടാകുന്ന പ്രതിഷേധമാണ് എന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഞാൻ നന്നായി പൊട്ടിത്തെറിക്കുകയായിരുന്നു. നിങ്ങൾക്ക് തരില്ല, പാർട്ടിയോട് ആലോചിക്കണം എന്നൊക്കെ അവരോട് പറഞ്ഞിരുന്നുവെന്നും' അജിത പറഞ്ഞു.

'ഇന്നലെ ഉച്ചയോടെയാണ് സത്യൻ അന്തിക്കാടിന്റെ ചിത്രത്തിന് അനുമതി തേടി പിന്നണി പ്രവർത്തകരിൽ ഒരാൾ ഓഫീസിൽ എത്തിയത്. ജോജുവിന്റെ ചിത്രമാകുമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ എന്റെ പ്രതിഷേധം അറിയിക്കുകയാണ് ഉണ്ടായത്. എന്റെ പ്രതിഷേധം അൽപം രൂക്ഷമായ ഭാഷയിൽ തന്നെയായിരുന്നു. പിന്നീടാണ് സത്യൻ അന്തിക്കാടിന്റെ ചിത്രമാണെന്ന് അറിഞ്ഞത്. ശേഷം അവരുടെ ഫയൽ ഞാൻ വാങ്ങിവെക്കുകയാണ് ഉണ്ടായതെന്നും അജിത പറഞ്ഞു നിർത്തുന്നു.

കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ പരിധിയിൽ ജയറാം, മീരാ ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന ചിത്രം ഷൂട്ട് ചെയ്യുന്നതിനുള്ള അനുമതി തേടി എത്തിയ സിനിമാ പ്രവർത്തകരോടും നഗരസഭാ ഉദ്യോഗസ്ഥരോടും ചെയർപേഴ്‌സൺ പൊട്ടിത്തെറിക്കുകയായിരുന്നു. തൃക്കാക്കര ബസ് സ്റ്റാൻഡിലാണ് ചിത്രീകരിക്കാൻ അനുമതി തേടി എത്തിയത്. 'ജനങ്ങൾക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിങ്ങിന് അനുമതി നൽകണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്നു ചോദിക്കാൻ എന്നെല്ലാമായിരുന്നു ചെയർപേഴ്‌സണിന്റെ പ്രതികരണം. സംഭവം വൻ ചർച്ചയായ സാഹചര്യത്തിലാണ് അജിത പ്രതികരണവുമായെത്തിയത്

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read