വാർത്ത

തിരുവനന്തപുരത്ത് എ.ആർ ക്യാമ്പിലെ പൊലീസുകാരന് കോവിഡ്; രോഗം ബാധിച്ചത് കണ്ടെയ്ന്മെന്റ് സോണിൽ ജോലി ചെയ്ത സീനിയർ സിവിൽ ഓഫീസർക്ക്; നന്ദാവനം പൊലീസ് ക്യാമ്പ് നിരീക്ഷണത്തിലാകും; യാത്രാവിവരങ്ങളും പരിശോധിക്കുന്നു; ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിൽ തലസ്ഥാനത്തെ പുതിയ കേസും ആശങ്കയ്ക്ക് ഇടനൽകുന്നത്; നിരവധി വാർഡുകൾ കണ്ടൈന്മെന്റ് സോണാക്കി നടപടി

തിരുവനന്തപുരം:തിരുവനന്തപുരത്ത് എ.ആർ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. കണ്ടെയ്ന്മെന്റ് സോണിൽ ജോലി ചെയ്ത പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.തിരുവനന്തപുരത്തെ നിരവധി വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളാക്കിക്കൊണ്ട് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കിയിട്ടുണ്ട് നയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് 17 വഴുതൂർ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് തളയൽ,

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് 66 പൂന്തുറ, വാർഡ് 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലെയിൻ, പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിങ് കോംപ്ലക്‌സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ 27 കൂടാതെ പാളയം വാർഡ്. എന്നിവടങ്ങളാണ് കണ്ടെയിന്മെന്റ് സോണുകളാക്കിയത്.നന്ദാവനം എആർ ക്യാംപിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ല. 28ന് രോഗലക്ഷണം കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം തിരുവനന്തപുരത്ത് അതീവജാഗ്രത വേണ്ട സ്ഥിതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ചവരുടെ സമ്പർക്കത്തിലുള്ളവരുടെ സ്രവപരിശോധന തുടങ്ങിയതായും എന്നാൽ തിരുവനന്തപുരം ജില്ല അടച്ചിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.അത്യാവശ്യത്തിന് മാത്രമെ ആളുകൾ നഗരത്തിലേക്ക് വരാവുയെന്നും എല്ലാവരും കർക്കശമായി സ്വയം തീരുമാനമെടുത്താൽ മാത്രമെ രോഗവ്യാപനം തടയാനാവൂയെന്നും കടകംപള്ളി പറഞ്ഞു. ഉറവിടം അറിയാത്താതായി 14 കേസുകളാണ് ഉള്ളതെന്നും ആന്റിജൻ ടെസ്റ്റ് ബ്ലോക്ക് തലത്തിൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം വി എസ്,എസ്.സിയിൽ എത്തുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. തമിഴ്‌നാട് കർണാടകം ആന്ധ്ര തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് ശാസ്ത്രജ്ഞർ തുടർച്ചായി വന്നുപോകുന്ന സ്ഥലമാണ്. എന്നിട്ടും ആളുകൾ വരുമ്പോഴും പോകുമ്പോഴും യാതൊരു പരിശോധയും നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ന?ഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മേയർ വി ശ്രീകുമാർ അറിയിച്ചു. നഗരത്തിലെ മുഴുവൻ മാർക്കറ്റിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ലോട്ടറി ജീവനക്കാരന് രോഗം പിടിപ്പെട്ടത് അപകടകരമായ സാഹചര്യമാണ്. നിലവിലെ സാഹചര്യത്തിൽ നഗരം ആകെ അടച്ചിടില്ലെന്നും മേയർ പറഞ്ഞു.

പാളയത്തെ സാഫല്യം കോംപ്ലക്‌സ് ഏഴ് ദിവസത്തേക്ക് അടച്ചിടും. സാഫല്യം കോംപ്ലക്സ് പരിസരത്തു വഴിയോര കച്ചവടം അനുവദിക്കില്ല. സാഫല്യം കോംപ്ലക്‌സിൽ വന്ന് പോയവരെ നിരീക്ഷിക്കും. ഇവരുടെ കണക്ക് ഉണ്ട്.പാളയം മാർക്കറ്റിലും കർശനമായ നിയന്ത്രണം ഏർപ്പെടുത്തും. മാർക്കറ്റിന്റെ മുൻവശത്തെ ഗേറ്റ് മാത്രമേ തുറക്കൂ. പാളയം മാർക്കറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കാൻ പ്രത്യേക കൗണ്ടർ സജ്ജമാക്കും. നാളെ രാവിലെ 8 മുതൽ അണുനശീകരണം ആരംഭിക്കും.

വഞ്ചിയൂർ, കുന്നപ്പുറം ഭാഗങ്ങളിലും കടുത്ത നിയന്ത്രണം നിലവിൽ വരും. ഓഫീസുകളിൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തും. ബസ് സ്റ്റോപ്പുകളിൽ തിരക്ക് അനുവദിക്കില്ല. സമരങ്ങൾക്കും കടുത്ത നിയന്ത്രണം ബാധകമായിരിക്കും. സൂപ്പർ മാർക്കറ്റുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുമെന്നും മേയർ അറിയിച്ചു.

തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചത്. നാല് പേരുടെയും രോ?ഗ ഉറവിടം അവ്യക്തമാണ്. നാല് പേരും യാത്രാ പശ്ചാത്തലമുള്ളവരല്ല. സാഫല്യം കോംപ്ലക്‌സിൽ ജോലി ചെയ്തിരുന്ന അസം സ്വദേശി, വഞ്ചിയൂരിലെ ലോട്ടറി വിൽപ്പനക്കാരൻ, ബാലരാമപുരം സ്വദേശി, തുമ്പ സ്വദേശി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read