വാർത്ത

എരുമേലിയിൽ വിമാനത്താവളം നിർമ്മിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി; കേന്ദ്ര വ്യോമയാന മന്ത്രാലയം പച്ചക്കൊടി കാട്ടിയെന്നും പിണറായി വിജയൻ; ഏറ്റെടുക്കുന്നത് കെ പി യോഹന്നാൻ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമിയെന്ന് സൂചന; സർക്കാർ ഭൂമി എന്ന നിലയിൽ മൊത്തം ഏറ്റെടുക്കുമോ വിമാനത്താവളത്തിന്റെ പേരിൽ ബാക്കി വരുന്ന സ്ഥലത്തിന് യോഹന്നാന് അവകാശം നൽകുമോ എന്ന് വ്യക്തമല്ല; ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമി കേസിൽ തീരുമാനം നിർണായകമാകും

ന്യൂഡൽഹി: ആറന്മുളയിൽ വിഭാവനം ചെയ്ത വിമാനത്താളം എരുമേലിയിലേക്ക് മാറ്റി ശബരിമല തീർത്ഥാടകർക്ക് ഉപയോഗപ്പെടും വിധത്തിൽ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച്ച നടത്തി. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് കൂടിക്കാഴ്ാച്ചക്ക് ശേഷം മുഖ്യമന്ത്രി പിന്നീട് മാദ്ധ്യമങ്ങളെ അറിയിച്ചു. സ്ഥലം തീരുമാനിച്ചാൽ എൻഒസി നൽകാമെന്ന് കേന്ദ്രം വ്യക്തമാക്കിയെന്ന് പിണറായി പറഞ്ഞു. കേരളത്തിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം പദ്ധതി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമാണെന്നും മുഖ്യമന്ത്രി പിണറായി അഭിപ്രായപ്പെട്ടു. ശബരിമല തീർത്ഥാടകർക്ക് ഏറെ സൗകര്യപ്രദമായിരിക്കും എരുമേലി വിമാനത്താവളം. ആറന്മുള വിമാനത്താവളത്തിനു പകരമല്ല ഇത്. വിമാനത്താവളം വരേണ്ട സ്ഥലത്തെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഇനിയത് കേന്ദ്രത്തെ അറിയിച്ചാൽ മതിയെന്നും പിണറായി ഡൽഹിയിൽ പറഞ്ഞു.

അതേസമയം എരുമേയിൽ വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയ സ്ഥലം ഇപ്പോൾ വിവാദ മെത്രാൻ കെ പി യോഹന്നാൻ കൈവശപ്പെടുത്തി വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റാണെന്ന സൂചനയുണ്ട്. സർക്കാറിൽ നിക്ഷിപ്തമാകേണ്ട ഈ ഭൂമി ഹാരിസൺ വ്യാജരേഖ ചമച്ച് കെ പി യോഹാന്നാന് കൈമാറിയതാണ്. ഈ ഭൂമി സർക്കാർ ഏറ്റെടുക്കാൻ വേണ്ട നടപടികൾ നടത്തി വരികയുമാണ്. ഈ സാഹചര്യത്തിൽ സർക്കാറിന് നയാ പൈസ മുടക്കാതെ തന്നെ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താൻ സാധിക്കുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ, എല്ലാ രാഷ്ട്രീയക്കാരോടും അടുപ്പമുള്ള യോഹന്നാന് വേണ്ടി സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്ന കാര്യത്തിൽ ആശങ്ക ഇനിയും ബാക്കിയുണ്ട്.

ഭൂമി കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെ ചെറുവള്ളി എസ്‌റ്റേറ്റ് വിമാനത്താവളത്തിനായി വിട്ടു നൽകാൻ പോകുന്നു എന്ന വിധത്തിൽ മെത്രാന്റെ കേന്ദ്രങ്ങൾ പ്രചരണം നടത്തുന്നുണ്ട്. ആറന്മുളക്ക് പകരം ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം ഒരുക്കാൻ 2,500 കോടി മുടക്കാമെന്ന് വിദേശികൾ സമ്മതിച്ചിട്ടുണ്ടെന്ന് പി.സി. ജോർജ് അടുത്തിടെ നിയമസഭയിൽ പറഞ്ഞിരുന്നു. ബിലീവേഴ്‌സ് ചർച്ചിന്റെ സ്ഥലം ഏറ്റെടുക്കണം. കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണം. സ്ഥലം വിമാനത്താവളത്തിന് വേണ്ടി നൽകുമെന്ന് ബിഷപ്പ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു പിസി ജോർജിന്റെ പ്രഖ്യാപനം. പി സി ഇങ്ങനെ പറഞ്ഞത് തന്നെ സർക്കാറിൽ നിക്ഷിപ്തമാകേണ്ട ഭൂമി ബിഷപ്പ് വിമാനത്താവളത്തിനായി വിട്ടു കൊടുക്കുന്നു എന്ന ധ്വനി വരുത്താനാണ് നീക്കമെന്നാണ് അന്നുയർന്ന സംശയം.

എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശമുണ്ടെന്ന് എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്ന ബിഷപ് കെ.പി. യോഹന്നാൻ തന്നെ പറയുകയാണ്. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസിന്റെ വാദത്തിനിടെയാണ് യോഹന്നാന്റെ വക്കീൽ ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്റ്റേറ്റിലൂടെ 110 കെ.വി ലൈൻ വലിക്കുന്നതിന് അനുമതിതേടി കെ.എസ്.ഇ.ബി ഫയൽചെയ്ത കേസിലെ വാദത്തിനിടെയാണ് യോഹന്നാന്റെ വക്കീൽ വിമാനത്താവള ഭൂമിയാണെന്ന് രേഖപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്. എരുമേലിയിൽ സ്ഥാപിക്കുന്ന 110 കെ.വി സബ്‌സ്റ്റേഷനിലേക്ക് കാഞ്ഞിരപ്പള്ളിയിൽനിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള ലൈൻ ചെറുവള്ളി എസ്റ്റേറ്റിലൂടെയാണ് കടന്നുപോകേണ്ടത്.

മരം മുറിക്കുന്നതിന് അനുമതി തേടിയാണ് കെ.എസ്.ഇ.ബി ഹൈക്കോടതിയിലെത്തിയത്. മരം മുറിക്കുന്നതിന് കോടതി അനുമതി നൽകി. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. ചെറുവള്ളി എസ്റ്റേറ്റ് തങ്ങൾക്ക് ലഭിക്കില്ലെന്ന് ഉറപ്പായതിനാൽ സ്വകാര്യ വിമാനത്താവളത്തിന്റെ പേരിൽ ഭൂമി കൈവശം വെക്കുന്നതിന് സർക്കാറിൽനിന്ന് ഇളവ് നേടിയെടുക്കാനാണ് ഗോസ്പൽ ഫോർ ഏഷ്യ ശ്രമിക്കുന്നതെന്നാണ് സൂചനയുണ്ട്. ഇതിനിടെയാണ് വിമാനത്താവളത്തിന് എരുമേലിയിൽ സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാൽ, ചെറുവള്ളി എസ്റ്റേറ്റ് അല്ലാതെ ഹാരിസണിൽ നിന്നും സർക്കാറിലേക്ക് നിക്ഷിപ്തമാക്കിയ മറ്റ് സ്ഥലവും വിമാനത്താവളത്തിനായി സർക്കാർ പരിഗണിച്ചേക്കും.

ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയിൽനിന്നാണ് ബിഷപ് കെ.പി. യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ ഫോർ ഏഷ്യ ചെറുവള്ളി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങിയത്. ഹാരിസൺസിന്റെ കൈവശമുള്ളത് സർക്കാർ ഭൂമിയാണെന്ന് വ്യക്തമായതിനാൽ ഏറ്റെടുത്ത് റവന്യൂ സ്‌പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. അത് ചോദ്യം ചെയ്ത് യോഹന്നാൻ നൽകിയ ഹരജിയിൽ തൽസ്ഥിതി തുടരാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് നിയമസഭയിൽ പിസി ജോർജ് വിമാനത്താവള വിഷയം ചർച്ചയാക്കിയത്. ഇതിലൂടെ നിലവിലെ കോടതി കേസുകളിൽ അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള തന്ത്രമാണ് യോഹന്നാൻ പയറ്റിയതെന്ന സൂചനയും പുറത്തുവന്നിരുന്നു.

അതേസമയം സർക്കാർ ഭൂമി തന്നെയാണ് ഹാരിസണിൽ നിന്നും കെ പി യോഹന്നാൻ വാങ്ങിയതെന്ന് സർക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥരെല്ലാം ഒരുപോലെ റിപ്പോർട്ട് നൽകുകയുണ്ടായി. ഈ സാഹചര്യത്തിൽ ഇനിയും നടപടി വച്ചു വൈകിപ്പിക്കാതെ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനാണ് പിണറായി സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. എന്നാൽ, പ്രസ്തുത ഭൂമി ഏറ്റെടുക്കുമ്പോൾ തന്നെ ഭൂമി ഏറ്റെടുക്കൽ എങ്ങനെയാകും എന്നതിൽ ആശയക്കുവപ്പം നിലനിൽക്കുന്നുണ്ട്. കെപി യോഹന്നാൻ തന്റെ സ്ഥലം ഏറ്റെടുപ്പിച്ചു വിമാനത്താവളം പണിയിക്കാൻ സന്നദ്ധമാണെന്ന് പറഞ്ഞ് സർക്കാറിന്റെ പിറകേ നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഈ ലക്ഷ്യത്തിന് പിന്നിൽ എസ്റ്റേറ്റ് വിട്ടു നൽകുന്നതിന്റെ പേരിൽ അനധികൃതമായ വസ്തുവിന് നിയമസാധ്യത നൽകുകയാണ്.

വിമാനത്താവളത്തിന് ആവശ്യമായ ഭൂമി വിട്ടു കൊടുത്ത് ബാക്കി അനധികൃത ഭൂമി മെത്രാന്റെ പക്കൽ തന്നെ വെക്കുമെ എന്നതിനെ കുറിച്ചുള്ള കാര്യങ്ങളൊന്നും വ്യക്തമല്ല. കേന്ദ്രത്തിലെ ബിജെപി നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ട്. ചുരുക്കത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ ഭൂമിയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ്. നിലവിൽ കോടതിയിൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്. കേസിന്റെ ഒരു ഘട്ടത്തിലും യോഹന്നാന് അനുകൂലമായിരുന്നില്ല തീരുമാനങ്ങൾ. എന്നാൽ, പലപ്പോഴും സർക്കാർ നിഷ്ടക്രിയത്തം പാലിച്ചതാണ് യോഹന്നാന് ഗുണകരമായി മാറിയത്.

വിമാനത്താവളത്തിന് ഭൂമി വിട്ടു നൽകാമെന്ന് പറഞ്ഞ് യോഹന്നാൻ രംഗത്തെത്തിയപ്പോൾ മുതൽ ഇതിന് പിന്നിലെ താൽപ്പര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാറിന് വിമാനത്താവള വിഷയത്തിൽ നിർണ്ണായകമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കും. അതുകൊണ്ട് തന്നെ ബിജെപി കേന്ദ്ര നേതൃത്വവുമായും ഊഷ്മള ബന്ധം കെ പി യോഹന്നാൻ വച്ചു പുലർത്തിയിരുന്നു. ജന്മഭൂമിയുടെ വികസന കോൺക്ലേവിന് ബിലിവേഴ്‌സ് ചർച്ച് മുഖ്യ സ്‌പോണസറായും ഗംഗാ ശുചീകരണത്തിന് പണം നൽകിയും ആർഎസ്എസ് ബന്ധമുള്ള ജനം ടിവിയുടെ ഓണാഘോഷത്തിലും ഫണ്ട് എത്തിച്ചും നൽകുകയുണ്ടായി. ഇങ്ങനെയൊക്കെ ചെയ്യുന്ന മെത്രാൻ ചെറുവള്ളി എസ്റ്റേറ്റ് വിഷയത്തിൽ തിരിച്ചും സഹായം പ്രതീക്ഷിക്കുന്നുണ്ട്.

എന്തായാലും ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിൽ ഹൈക്കോടതിയിൽ നിന്നാണ് ഇനി അന്തിമ വിധി വരേണ്ടത്. സർക്കാറിന് ഏറ്റെടുക്കാൻ ഉതകുന്ന വിധത്തിൽ സൗകര്യപ്രദമായ വിധിയാണ് വരുന്നതെങ്കിൽ സർക്കാറിന്റെ നേട്ടമായി മാറും. മറിച്ച് വിമാനത്താവളത്തിന് ഏറ്റെടുക്കുന്ന ഭൂ്മിക്ക് സർക്കാർ വില നൽകേണ്ടി വിധത്തിലോ വിമാനത്താവളത്തിന് ആവശ്യമുള്ള ഭൂമി ഏറ്റെടുത്ത ശേഷം ബാക്കി വരുന്ന ഭൂമി മെത്രാന് കൈവശം വെക്കാൻ അവസരം ഒരുങ്ങുകയോ ചെയ്താൽ അത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുമെന്നത് ഉറപ്പാണ്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read