വാർത്ത

ബിജെപിയുടെ അനുകൂലനിലപാടിൽ അത്ഭുതപ്പെേടണ്ടതില്ല; ആറന്മുള വിമാനത്താവളത്തിന് എതിരായി സമരത്തിനിറങ്ങിയത് അബദ്ധത്തിൽ; ചില നേതാക്കളുടെ കീശയും കനത്തു

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന്റെ പേരിൽ ബിജെപി നേതാക്കൾ പൊഴിക്കുന്നത് മുതലക്കണ്ണീർ. തുടക്കം മുതൽ വിമാനത്താവളത്തെ അനുകൂലിച്ച ബിജെപി നേതൃത്വം ഇടക്കാലത്ത് അബദ്ധത്തിൽ സമരത്തിൽ വന്നു പെട്ടു പോയതാണ്. സമരത്തിനിറങ്ങിയതു കൊണ്ട് ചില നേതാക്കളുടെ കീശ വീർക്കുകയും ചെയ്തുവെന്നത് പരസ്യമായ രഹസ്യം.

ഒടുവിൽ മോദി സർക്കാർ വിമാനത്താവളം യാഥാർഥ്യമാക്കാൻ ഒരുങ്ങുമ്പോൾ ആറന്മുളയിലെ ബിജെപിക്കാർ വെട്ടിലാകുമെന്നു പറഞ്ഞതു വെറുതെയാണ്. ഇതു സത്യത്തിൽ അവർക്ക് ആശ്വാസം നൽകുകയാണ് ചെയ്യുന്നത്. എങ്ങനെ ഇതിൽനിന്നു തലയൂരുമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ വികസന പദ്ധതിയിൽ ആറന്മുള വിമാനത്താവളം പ്രത്യക്ഷപ്പെടുന്നത്. ഇതോടെ സംസ്ഥാനനേതൃത്വവും നിലപാട് മാറ്റി. കേന്ദ്രസർക്കാരിന്റെ തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നാണ് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ ഇപ്പോൾ പറയുന്നത്.

ഇനി ബിജെപി വിമാനത്താവളവിരുദ്ധ സമരത്തിന് ഇറങ്ങാൻ കാരണമായ ആ സംഭവത്തിലേക്ക്: 2011 ഡിസംബർ 17 ന് ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന വി.എൻ. ഉണ്ണിയും അശോകൻ കുളനടയും ചേർന്ന് പത്തനംതിട്ട പ്രസ് ക്ലബിൽ വാർത്താസമ്മേളനം വിളിച്ചു ചേർത്തു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ആറന്മുള വിമാനത്താവളം നിർമ്മിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതെങ്ങനെ സാധിക്കുമെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതിനൊക്കെ വഴിയുണ്ട് എന്നായിരുന്നു പ്രതികരണം. വിമാനത്താവളം വന്നാൽ നൂറുകണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കുമെന്നും ഇവർ പറഞ്ഞു.

പരിസ്ഥിതി നശിപ്പിക്കാതെ വിമാനത്താവളം വരില്ല, അപ്പോഴെന്തു ചെയ്യുമെന്നായി അടുത്ത ചോദ്യം. എങ്കിൽ എതിർക്കുമെന്ന് നേതാക്കൾ. വിമാനത്താവള നിർമ്മാണ കമ്പനിയായ കെ.ജി.എസിന്റെ നിലപാടുകളിൽ സുതാര്യതയില്ലെന്നും ഇവർ പറഞ്ഞു. എങ്കിൽപ്പിന്നെ ഇരട്ടത്താപ്പ് വെടിഞ്ഞ് വിമാനത്താവളത്തെ എതിർത്തു കൂടേയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഇരുവരും വിയർത്തു. നടപടിക്രമങ്ങൾ സുതാര്യമല്ലാത്തതിനാൽ വിമാനത്താവളം വേണ്ടെന്നും സമരം തുടങ്ങുമെന്നും പ്രഖ്യാപിച്ചാണ് നേതാക്കൾ പ്രസ് ക്ലബ് വിട്ടത്. കെ.ജി.എസിന് ഓശാന പാടാൻ പത്രസമ്മേളനം വിളിച്ച നേതാക്കൾ അവർക്കെതിരേ സമരവും പ്രഖ്യാപിച്ചാണ് മടങ്ങിയത്.

ഇത് പാർട്ടിയുടെ പ്രാദേശികഘടകത്തിലുള്ളവർക്ക് തീരെ രസിച്ചില്ല. അവരിൽ ചിലർ അതിനോടകം തന്നെ കെ.ജി.എസിന്റെ ഓശാരം പറ്റിത്തുടങ്ങിയവരായിരുന്നു. ജില്ലാ പ്രസിഡന്റ് പറഞ്ഞതിന്റെ പിറ്റേന്നുതന്നെ ബിജെപി സമരം തുടങ്ങി. പെട്ടുപോയതാകട്ടെ കെ.ജി.എസിൽനിന്ന് ചില്ലറ കൈപ്പറ്റിയ നേതാക്കളും. പകൽ വിമാനത്താവള വിരുദ്ധസമരം നടത്തുക, രാത്രി കെ.ജി.എസിന്റെ മദ്യസൽക്കാരത്തിൽ പങ്കെടുക്കുക എന്നതായി ഇവരിൽ ചില നേതാക്കളുടെ രീതി. ഒപ്പം സമരക്കാരുടെ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുകയും. ഒരു നേതാവ് അർധനഗ്നനായി റിസോർട്ടിൽ ആഘോഷം നടത്തുന്നതിന്റെ ദൃശ്യം കെ.ജി.എസുകാരുടെ കൈയിലുണ്ടെന്ന് അടുത്തിടെ വാർത്ത പരന്നിരുന്നു. എന്തായാലും കേന്ദ്രസർക്കാരിന്റെ പുതിയ നിലപാട് ഇവർക്ക് നൽകിയിരിക്കുന്ന ആശ്വാസം ചെറുതല്ല.

വിമാനത്താവളത്തിനെതിരേ സിപിഐ(എം) നടത്തുന്ന സമരവും രാഷ്ട്രീയത്തട്ടിപ്പു മാത്രമാണ്. വി എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായ മുൻ എംഎ‍ൽഎ കെ സി രാജഗോപാലിനെ വെട്ടുന്നതിന് വേണ്ടി മറ്റൊരു മുൻ എംഎ‍ൽഎയായ എ. പത്മകുമാറാണ് സിപിഎമ്മിനെ സമരത്തിലേക്ക് കൊണ്ടുവന്നത്. വിമാനത്താവളത്തോടുള്ളതിനേക്കാൾ എതിർപ്പ് രാജഗോപാലിനോടുള്ളതു കൊണ്ട് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പത്മകുമാർ സമരരംഗത്ത് സജീവമായി. മുൻപ് വിമാനത്താവളത്തിനുള്ള സ്ഥലം വയൽ ആയിരുന്നു. കലമണ്ണിൽ ഗ്രൂപ്പ് ചെയർമാൻ ഏബ്രഹാം തുഛമായ വിലയ്ക്ക് ഇതെല്ലാം വാങ്ങിക്കൂട്ടി മണ്ണടിച്ച് നികത്തിയപ്പോൾ അനങ്ങാതിരുന്നയാളാണ് ആറന്മുളക്കാരൻ കൂടിയായ പത്മകുമാർ. ഒടുക്കം വയലെല്ലാം നികന്ന് എയർസ്ട്രിപ്പ് നിർമ്മിക്കാൻ നീക്കം നടന്നപ്പോഴും അനങ്ങിയില്ല. മുൻ ഇടതുസർക്കാർ വിമാനത്താവളം തുടങ്ങുന്നതിനുള്ള അനുവാദം നൽകിയപ്പോഴും നിശബ്ദത പാലിച്ചിരുന്ന ഇവരൊക്കെ പിന്നീട് വ്യക്തമായ ലക്ഷ്യത്തോടെയാണ് സമരത്തെ സമീപിച്ചത്. ഇനിയുള്ള ഇവരുടെ ലക്ഷ്യം വരുന്ന തെരഞ്ഞെടുപ്പ് തന്നെ.

MNM Recommends


Most Read