വാർത്ത

സ്പർധകളില്ലാത്ത പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോർക്കാൻ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ; സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ട്; ചിന്തിക്കേണ്ടതിന്റെ ആവശ്യം ഓർമ്മിപ്പിച്ച് വിഎസിന്റെ സ്വാതന്ത്ര്യദിന സന്ദേശം

തിരുവനന്തപുരം: രാജ്യം 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ആശംസയുമായി വി എസ് അച്യുതാനന്ദൻ. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ടെന്ന് ആശംസ അറിയിച്ചുകൊണ്ട് വി എസ് ഫേസ്‌ബുക്കിൽ കുറിച്ചു.

വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ മഹത്വം വിളിച്ചോതുന്നതും സ്മരണ പുതുക്കുന്നതുമാണ് ഓരോ സ്വാതന്ത്ര്യ ദിനവും. സാമൂഹിക അകലത്തിന്റേയും മുഖാവരണങ്ങളുടെയും പശ്ചാത്തലത്തിൽ പരിമിതപ്പെടുത്തപ്പെട്ടുവെങ്കിലും ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ട്.

പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത്, രാജ്യത്തെ ശിഥിലമാക്കാനും പരിസ്ഥിതിയെ ചൂഷണം ചെയ്യാനും പൗരന്റെ സ്വകാര്യതയിൽ കടന്നുകയറാനും മതത്തെ ദുഷ്പ്രവൃത്തികൾക്ക് മറയാക്കാനും ശ്രമിക്കുന്ന ഏതൊരു വ്യക്തിയും വ്യവസ്ഥയും ഭരണകൂടവും സ്വയം പരിശോധന നടത്തേണ്ട സന്ദർഭംകൂടിയാണ് ഇത്.

സ്പർധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോർക്കാൻ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

MNM Recommends


Most Read