വാർത്ത

ബാറിൽ വച്ച് സംഘർഷം: യുവാവിന്റെ ചുണ്ട് കടിച്ചെടുത്തു; രണ്ട് പേരെ അറസ്റ്റ് ചെയ്ത് റാന്നി പൊലീസ്

റാന്നി: ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ചെടുത്ത രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖ് വിജയന്റെ (32) ചുണ്ടിന്റെ വലതു ഭാഗമാണ് കടിച്ചു പറിച്ചത്. ആക്രമണം നടത്തിയ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 10.45 ന് ഇട്ടിയപ്പാറയിലുള്ള റാന്നി ഗേറ്റ് ബാർ ഹോട്ടലിന്റെ ലോക്കൽ കൗണ്ടറിലാണ് സംഭവം. സുഹൃത്ത് രോഹനുമൊന്നിച്ച് മദ്യപിക്കാൻ എത്തിയതായിരുന്നു വിശാഖ്. ഈ സമയം അവിടെ മദ്യപിച്ചു കൊണ്ടു നിൽക്കുകയായിരുന്നു വിഷ്ണുവും ജേക്കബും. വിശാഖിനെ കണ്ടപ്പോൾ നിന്നെ ഞാൻ നോക്കി വച്ചിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു കൊണ്ട് വിഷ്ണു ജേക്കബിനെ പിടിച്ചു തള്ളി. ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും വിശാഖിന്റെ ശരീരത്തിൽ വന്ന് തട്ടുകയും ചെയ്തു. ഇവരെ തള്ളിമാറ്റാൻ വിശാഖ് ശ്രമിച്ചു. അപ്പോൾ വിഷ്ണുവും ജേക്കബും ചേർന്ന് വിശാഖിനെ ബാറിന് പിന്നിലെ പാർക്കിങ് ഏരിയായിലേക്ക് തള്ളിക്കൊണ്ട പോവുകയും ജേക്കബ് അവിടെ കിടന്ന വടിയെടുത്ത് അടിക്കുകയും ചെയ്തു. വിഷ്ണുവാകട്ടെ വിശാഖിനെ മുഖത്ത് അമർത്തിപ്പിടിച്ച് ശ്വാസം പുറത്തു പോകാത്ത വിധം മൂക്കു പൊത്തിപ്പിടിച്ച് ചുണ്ടിന്റെ വലതു ഭാഗം കടിച്ചു പറിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്ത് വന്ന പൊലീസ് സംഘമാണ് വിശാഖിനെ ഇവരുടെ പിടിയിൽ നിന്നും രക്ഷിച്ച് റാന്നി മാർത്തോമ്മ ആശുപത്രിയിലാക്കിയത്. തുടർന്ന് ഇവിടെ നിന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപപത്രിയിലേക്ക് മാറ്റി. വിശാഖിന്റെ പറിഞ്ഞു തൂങ്ങിയ ചുണ്ട് ഇവിടെ തുന്നിച്ചേർത്തു. പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read