വാർത്ത

ജാതി അടിസ്ഥാനമാക്കി സംവരണം; എൻഎസ്എസിന്റെ ഹർജി സുപ്രീംകോടതി തള്ളി; ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്

ന്യൂഡൽഹി: ജാതി അടിസ്ഥാനമാക്കി സംവരണം നൽകുന്നതിനെതിരേ എൻഎസ്എസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നു നിരീക്ഷിച്ച ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്, ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.   ജാതി അടിസ്ഥാനത്തിലുള്ള സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ തകർക്കുമെന്നായിരുന്നു എൻഎസ്എസിന്റെ വാദം. പിന്നാക്കാവസ്ഥ നിശ്ചയിക്കേണ്ടത് ജാതിയുടെ അടിസ്ഥാനത്തിലാവരുതെന്നും ഭാഗികമായെങ്കിലും വർഗാടിസ്ഥാനത്തിലുള്ള സംവരണമാണ് വേണ്ടതെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. എൻഎസ്എസും കേരള വൈശ്യ ക്ഷേമസഭയും നൽകിയ ഹർജികളാണ് സുപ്രീംകോടതി തള്ളിയത്.എന്നാൽ, വാദങ്ങളിലേക്കു കടക്കാൻ കോടതി തയാറായില്ല. പരാതിക്കാർക്ക് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നു ചോദിച്ച കോടതി, ഹർജി തള്ളുകയായിരുന്നു.

ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിനു പകരം, ഭാഗികമായെങ്കിലും വർഗാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കണം. പിന്നാക്കമല്ലാത്ത, മതിയായ പ്രാതിനിധ്യമുള്ളവർക്കു സംവരണം തുടരുന്നത് ഭരണഘടനയുടെ 16(4) വകുപ്പിന്റെ പരിധിക്കപ്പുറമാണ്,കേരളത്തിലെ സംവരണവുമായി ബന്ധപ്പെട്ടു 'പിന്നാക്കാവസ്ഥ' എന്ന പ്രയോഗം പുനഃപരിശോധിക്കണം,ഭൂപരിഷ്‌കരണ നിയമം അതിന്റെ നടപ്പാക്കലിൽ ആദ്യഘട്ടത്തിനുശേഷം പിഴവുണ്ടായി. ഭൂവുടമകളിൽനിന്നു ഭൂമിയെടുത്തു ദീർഘകാല പാട്ടക്കാർക്കു നൽകുകയാണു നിയമം നടപ്പാക്കിയപ്പോൾ സംഭവിച്ചത്. ഭൂവുടമകളിലേറെയും നായന്മാരായിരുന്നു. ഇപ്പോൾ പലയിടത്തും ഈഴവരാണു ഭൂവുടമകൾ.

ഭൂമി ഉടമസ്ഥതയിലെ സാമൂഹിക യാഥാർഥ്യം സംവരണ വ്യവസ്ഥയിൽ പ്രതിഫലിക്കുന്നില്ല. നായന്മാർ മുന്നാക്ക വിഭാഗവും ഈഴവർ ഇതര പിന്നാക്ക വിഭാഗവുമെന്ന സ്ഥിതി തുടരുന്നു. സംവരണ വിഭാഗങ്ങൾക്കു സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി അടിത്തറ വികസിപ്പിക്കാൻ സാധിച്ചു. നായർ സമുദായം എല്ലാത്തരത്തിലും ക്ഷയിച്ചു.സർക്കാർ സർവീസിൽ സംവരണാനുകൂല്യം ലഭിച്ചവരെക്കുറിച്ചു പിഎസ്‌സിയുടെ പക്കൽ കണക്കുകളില്ല. കൃത്യമായ കണക്കുകൾ ശേഖരിക്കുംവരെ നിലവിലെ രീതിയിൽ സംവരണം അനുവദിക്കുന്നതിൽനിന്നു സംസ്ഥാന സർക്കാരിനെ വിലക്കണം എന്നിവയായിരുന്നു ഹർജിയിലെ പ്രധാന വാദങ്ങൾ

MNM Recommends


Most Read