വാർത്ത

താനൂരിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ കുട്ടികളടക്കം ആറ് പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം താനൂർ പുത്തൻതെരുവിൽ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

കടയുടെ മുന്നിലുണ്ടായിരുന്ന നാല് പേർക്കും കടയിലെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.

തിരൂർ ഭാഗത്ത് നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മഹീന്ദ്ര ഥാർ കാറാണ് അപകടത്തിൽ പെട്ടത്. തുണിക്കടയുടെ മുൻവശത്തെ ചില്ല് തകർത്ത് കടയ്ക്ക് അകത്തേക്ക് കയറിയാണ് കാർ നിന്നത്. കടയ്ക്കും വാഹനത്തിനും കേടുപാടുണ്ടായി. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടി.

പുത്തൻതെരുവിലെ അങ്ങാടിയിൽവെച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറുന്നതായാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read