വാർത്ത

തിരുവല്ലയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം; ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് ഇൻഷുറൻസ് കമ്പനി 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കോട്ടയം: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ ഓട്ടോ ഡ്രൈവറുടെ മാതാവിനും ഭാര്യയ്ക്കും ഇൻഷുറൻസ് കമ്പനി 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. അഡീഷനൽ മോട്ടർ ആക്‌സിഡന്റ് ട്രിബ്യൂണൽ ആൻഡ് അഡീഷനൽ ജില്ലാ ജഡ്ജി സാനു എസ്.പണിക്കർ ആണ് അമ്മയ്ക്കും ഭാര്യയ്ക്കും ഇൻഷുറൻസ് തുക നൽകാൻ ഉത്തരവിട്ടത്.

2019 മെയ്‌ 13ന് തിരുവല്ല - പന്തളം റോഡിൽ പ്രാവിൻകൂട് ജംക്ഷനു സമീപമായിരുന്നു ഓട്ടോ ഡ്രൈവറുടെ ജീവനെടുത്ത അപകടം. തിരുവല്ല അഴിയിടത്തുചിറ ചിറായിൽ കിഷോർ കുമാർ (50) ആണ് മരിച്ചത്. കിഷോർ ഓടിച്ചിരുന്ന ഓട്ടോയിൽ എതിരേവന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് കിഷോറിന്റെ കുടുംബം നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുക ആയിരുന്നു.

നഷ്ടപരിഹാരത്തുക കാറിന്റെ ഇൻഷുറൻസ് കമ്പനി 30 ദിവസങ്ങൾക്കുള്ളിൽ ഹർജിക്കാർക്കു രണ്ടുപേർക്കും തുല്യമായി നൽകണമെന്നു കോടതി ഉത്തരവുണ്ട്. ഹർജിക്കാർക്കുവേണ്ടി അഡ്വ. പി.രാജീവ് ഹാജരായി.

MNM Recommends


Most Read