വാർത്ത

അയൽവീട്ടിൽ നിന്ന് ബിയർ എടുത്ത് കുടിച്ചു; കൊല്ലത്ത് സമനില തെറ്റി 14കാരി റോഡിലിറങ്ങി; യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് വ്യാജ പ്രചാരണം

അഞ്ചൽ: അയൽവീട്ടിലെ റഫ്രിജറേറ്ററിൽ നിന്ന് ബിയർ എടുത്ത് കഴിച്ചതിനെ തുടർന്ന് സമനില തെറ്റിയ 14കാരി റോഡിലിറങ്ങി. മദ്യപാനികളേപ്പോലെ പെരുമാറിയ പെൺകുട്ടിയെ പരിസരവാസികളായ യുവാക്കൾ കാറിൽ കയറ്റി വീട്ടിലെത്തിച്ചു. ഇതിനിടെ, യുവാക്കൾ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് വ്യാജപ്രചാരണം നാടാകെ പരന്നു. ഏരൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.

ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് പരിസരവാസികൾ ഒരിടത്ത് ഒത്തുകൂടിയിരിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി ബിയർ കഴിച്ച് റോഡിലിറങ്ങി. പരിസരവാസികളായ യുവാക്കൾ കാറിൽ കയറ്റി പെൺകുട്ടിയുടെ വീട്ടിലെത്തിച്ചശേഷം കതക് അടച്ചിട്ടു. ആരോ കാറിൽ കയറ്റിക്കൊണ്ടുപോയെന്നുള്ള വാർത്ത പ്രചരിച്ചതോടെ നാട്ടുകാർ പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ അടച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു.

വാതിൽ തള്ളിത്തുറന്ന നാട്ടുകാർ ബോധരഹിതയായ പെൺകുട്ടിയെയാണ് കണ്ടത്. ഇതോടെ, യുവാക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന വാർത്ത പ്രചരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏരൂർ എസ്‌ഐ ശരലാലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പെൺകുട്ടിയെ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയയാക്കിയെങ്കിലും പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞില്ല. ബോധം വീണ്ടെടുത്ത ശേഷം പെൺകുട്ടിയോട് പൊലീസും ഡോക്ടർമാരും വിവരങ്ങൾ ചോദിച്ചുവെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു മറുപടി.

ഇതേത്തുടർന്ന് പൊലീസ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. കൗൺസലിങ്ങിൽ താൻ ബിയർ കഴിച്ച് സ്വബോധം നഷ്ടപ്പെട്ടതാണെന്നും തന്നെ ആരും പീഡിപ്പിച്ചില്ലെന്നും പെൺകുട്ടി തുറന്ന് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി വിശദമായി അന്വേഷണം നടത്തുകയും പെൺകുട്ടിയെ കാറിൽ കയറ്റി വീട്ടിലെത്തിച്ച യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുക്കുകയും ചെയ്തു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read