വാർത്ത

ആർടിപിസിആർ ടെസ്റ്റിന് 3400 രൂപ; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ പിഴിഞ്ഞ് കരാർ കമ്പനി

തിരുവനന്തപുരം: വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ള റാപിഡ് ആർടിപിസിആർ പരിശോധന നടത്തണമെന്ന നിയമത്തിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നടക്കുന്നത് തീവെട്ടിക്കൊള്ള. അധികമായി 900 രൂപയാണ് ഇവിടെ വാങ്ങുന്നത്. അവസാന നിമിഷം തർക്കിക്കാൻ സമയം ഇല്ലാത്തതിനാൽ ചോദിക്കുന്ന പണം നൽകി വിമാനത്തിൽ കയറുകയാണ് യാത്രക്കാർ. ഇതു തടയാൻ സംസ്ഥാന സർക്കാരോ അധികൃതരോ നടപടിയെടുക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

പരിശോധനയ്ക്ക് സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തതാണ് കരാറുകാർ ദുരുപയോഗം ചെയ്യുന്നത്. വ്യാഴാഴ്ച മുതലാണ് യുഎഇയിലേക്ക് ഇന്ത്യയിൽനിന്ന് യാത്രാനുമതി നൽകിയത്. വിമാനം പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ പരിശോധനയാണ് ആദ്യ നിബന്ധന. അതിന്റെ നെഗീറ്റിവ് സർട്ടിഫിക്കറ്റ് സഹിതം വിമാനത്താവളത്തിൽ എത്തണം. വിമാനം പുറപ്പെടുന്നതിനു 4 മണിക്കൂർ മുൻപ് അവിടെ റാപിഡ് ആർടിപിസിആർ പരിശോധന നടത്തണം. തിരുവനന്തപുരത്ത് ഇതിന് 3400 രൂപയാണ് 2 ദിവസമായി യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്. കൊച്ചിയിലും കോഴിക്കോടും 2490 രൂപ. പരിശോധനയ്ക്കു കരാർ നേടിയ ഒരേ സ്ഥാപനമാണു ഓരോ വിമനാനത്താവളത്തിലും തോന്നിയപടി നിരക്ക് ഈടാക്കുന്നത്.

തിരുവനന്തപുരവും കോഴിക്കോടും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. മൈക്രോ ടെക് എന്ന സ്വകാര്യ സ്ഥാപനമാണു രണ്ടിടത്തും പരിശോധന നടത്താൻ കരാർ എടുത്തതെന്ന് അധികൃതർ പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഇവിടെ 900 രൂപ അധികം ഈടാക്കുന്നതെന്ന് വ്യക്തമല്ല. കണ്ണൂരും ഈ സ്ഥാപനത്തിനാണ് കരാർ. ഈ 3400 രൂപയ്ക്കു പുറമേ തിരുവനന്തപുരത്തെ യാത്രക്കാർ 1286 രൂപ യൂസർ ഫീ ആയും നൽകണം.

വ്യാഴാഴ്ച എമിറേറ്റ് വിമാനത്തിൽ തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് 16 പേരും രാത്രി എയർ അറേബ്യയിൽ ഷാർജയിലേക്ക് 106 പേരും പോയി. എല്ലാവരിൽനിന്നും ഈ നിരക്കാണ് ഈടാക്കിയത്. വെള്ളിയാഴ്ചയും ഇതു തന്നെയായിരുന്നു നിരക്ക്. കേരളത്തിൽ ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിൽ 150 രൂപയും. 4 മണിക്കൂറിൽ ഫലം കിട്ടുന്ന റാപിഡ് പരിശോധന ആയാലും 3400 രൂപ എന്ന നിരക്ക് എന്ത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്ന് യാത്രക്കാർ ചോദിക്കുന്നു.

MNM Recommends


Most Read