വാർത്ത

ഇടിമുഴക്കമെന്ന് ചിലർ; ഭൂമി കുലുക്കമെന്ന് മറ്റു ചിലർ: നെടുംകുന്നത്തെ വിറപ്പിച്ച മുഴക്കത്തിന്റെ ഉറവിടമറിയാതെ ഭയചകിതരായി നാട്ടുകാർ

നെടുംകുന്നം: നെടുംകുന്നം നിവാസികളെ ഭയചകിതരാക്കിയ മുഴക്കത്തിന്റെ ഉറവിടം എന്തെന്നറിയാതെ നാട്ടുകാർ പരിഭ്രാന്തിയിൽ. അടുത്തിടെ ഉണ്ടായ രണ്ട് മുഴക്കങ്ങളാണ് നാട്ടുകാരെ ഭയപ്പാടിലാക്കിയത്. ഇടി മുഴക്കമാണ് കേട്ടതെന്ന് ചിലർ പറയുമ്പോൾ ഭൂമി കുലുക്കമാണെന്നാണ് മറ്റ് ചിലർ പറയുന്നത്. ഒരാഴ്ച മുൻപാണ് നെടുംകുന്നത്ത് ആദ്യ മുഴക്കം കേട്ടത്.

രാത്രി 8.30ന് മഴ കഴിഞ്ഞുള്ള സമയത്തായിരുന്നു ഇത്. മുഴക്കം ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടു നിന്നതായി പറയുന്നു. മഴ കഴിഞ്ഞ സമയമായതിനാൽ ഇടി മുഴക്കമെന്ന് കരുതിയതായി മാന്തുരുത്തി സ്വദേശി ജോൺ പറയുന്നു. എന്നാൽ ഭൂമിക്കടിയിൽ നിന്നുമാണ് മുഴക്കം കേട്ടതെന്ന് ഉറച്ച് വിശ്വസിക്കുകയാണ് എള്ളിൽ സജി. മുഴക്കം കേട്ടത് രാത്രി സമയമായതിനാൽ പലരും ഇത് അത്ര ഗൗനിച്ചില്ല. മുഴക്കം കേട്ടത് നാട്ടിൽ ചർച്ചാ വിഷയമാണെങ്കിലും പിന്നീട് എല്ലാവരും ഇത് മറന്നു തുടങ്ങി.

ഇതിനിടയിലാണ് ഇന്നലെ രാവിലെ 8.42ന് വീണ്ടും മുഴക്കം കേട്ടത്. ആദ്യത്തേതിനേക്കാൾ ശക്തമായ മുഴക്കമായിരുന്നു ഇന്നലത്തേത്. ഇതോടെ വീണ്ടും മുഴക്കം നാട്ടിൽ ചർച്ചാ വിഷയമായി. രണ്ട് സെക്കൻഡ് മാത്രമാണ് മുഴക്കം നീണ്ടു നിന്നത്. കിണറിനുള്ളിലെ പാറപൊട്ടിക്കുന്ന ശബ്ദം പോലെയാണ് മുഴക്കം കേട്ടതെന്ന് ചേലക്കൊമ്പ് നിവാസികൾ പറയുന്നു. ചെരിപ്പിടാതെ തറയിൽ നിന്നപ്പോൾ നേരിയ കുലുക്കം അനുഭവപ്പട്ടതായി പാറയ്ക്കൽ സ്വദേശി അക്കുവും കാലിൽ തരിപ്പ് അനുഭവപ്പെട്ടതായി അരണപ്പാറ സ്വദേശിനി രാധാമണിയും പറയുന്നു.

പുന്നവേലി, കാവുംനട, മാന്തുരുത്തി, മൈലാടി, ചേലക്കൊമ്പ്, നെടുമണ്ണി, പനയമ്പാല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മുഴക്കം അനുഭവപ്പെട്ടു. പ്രദേശത്ത് ഭൂകമ്പമാപിനി ഇല്ലാത്തതിനാൽ ഭൂമികുലുക്കം തന്നെയാണോ എന്ന് ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല. ബന്ധപ്പെട്ട അധികൃതരും ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

 

MNM Recommends


Most Read