വാർത്ത

വീടിന് സമീപമുള്ള മദ്യപാനവും കഞ്ചാവ് ഉപയോഗവും ചോദ്യം ചെയ്തത് പകയുണ്ടാക്കി; വീട്ടിൽ അതിക്രമിച്ച് കയറി ആറംഗ സംഘം; വാഹനങ്ങൾ തല്ലിതകർത്തും വീട് നശിപ്പിച്ചും ഗൃഹനാഥനെ കയ്യേറ്റം ചെയ്തും പ്രതികാരം; മൂന്ന് പേരെ നാട്ടുകാർ കീഴടക്കി പൊലീസിലേൽപ്പിച്ചു

കോതമംഗലം:വീടിന് സമീപത്തിരുന്നുള്ള മദ്യപാനവും കഞ്ചാവ് പുകയ്ക്കലും ചോദ്യം ചെയ്തു.ആറംഗസംഘം വീടുകയറി ഗൃഹനാഥനെ തല്ലിച്ചതയ്ക്കുകയും വീട് അടിച്ചുതകർക്കുകയും മുറ്റത്ത് കിടന്ന വാഹനങ്ങൾ തല്ലിപ്പൊളിക്കുകയും ചെയ്തു.കൊലവിളയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആറംഗ സംഘത്തിൽ മൂന്നുപേരെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിന് കൊമാറി.മൂന്നുപേർ ഒളിവിൽ. ഇന്നലെ വൈകിട്ട് കോതമംഗലം ആയക്കാട്, പുലിമല കനാൽപ്പാലത്തിന് സമീപമാണ് ആറംഗ സംഘം അഴിഞ്ഞാടിയത്.പുലിമല കനാൽപ്പാലത്തിന് സമീപം ഇടപ്പുളവൻ ജോസിന്റെ വീടിന് നേരെ വെള്ളിയാഴ്‌ച്ച രാത്രിയായിരുന്നു ആറംഗ സംഘം ആക്രമണം നടത്തിയത്.


അക്രമിസംഘത്തിലെ മൂന്ന് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.നെല്ലിമറ്റം വടക്കേടത്ത് പറമ്പിൽ സച്ചു ശരീധരൻ(25 )പുലിമല പുഷ്പമംഗലത്ത് അമൽജിത്ത്(20 )പുലിമല കാഞ്ഞിരംകുഴി വിമൽ(22 )എന്നിവരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. ജോസിന് മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ പിടികൂടിയത്.മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് 3 പേർ ഒളിവിലാണെന്നും ഇവരെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.വീട് കയറി ആക്രമണം,സംഘം ചേരൽ ,വധശ്രമം എന്നീ വകുപ്പുകളും സ്വകാര്യ വ്യക്തികളുടെ സ്വത്ത് നശിപ്പിക്കുന്നതിനെതിരെ സർക്കാർ കൊണ്ടുവന്ന പുതിയ നിയമ പ്രകാരമുള്ള വകുപ്പും ഉൾപ്പെടുത്തിയാണ് പിടിയിലായ യുവാക്കൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് എസ് ഐ ബേസ്സിൽ തോമസ്സ് അറിയിച്ചു.

വീടിന്റെ മുൻവശത്തെ ജനൽ ഗ്ലാസുകളും മുറ്റത്തുകിടന്നിരുന്ന ഡെസ്റ്റർ കാറിന്റെ ചില്ലും അക്രമി സംഘം തല്ലിതകർത്തിട്ടുണ്ട്. ഈ മേഖലയിൽ പുറമെ നിന്നെത്തുന്നകഞ്ചാവ് വലിക്കാരെയും മദ്യപാന സംഘത്തിനെയും കൊണ്ട് നാട്ടുകാർ പൊറുതി മുട്ടിയിരുന്നു.ഇന്നലെ ജോസിന്റെ വീടിന്റെ സമീപത്ത് തമ്പടിച്ചായിരുന്നു ഇരുചക്രവാഹനങ്ങളിലെത്തിയ യുവാക്കൾ മദ്യപാനവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും നടത്തിയിരുന്നത്.ഏറെ നേരം കഴിഞ്ഞിട്ടും ശബ്ദകോലാഹലവുമായി യുവാക്കൾ ഇവിടെ തുടർന്നു.ഇതേത്തുടർന്ന് ജോസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇത് ചോദ്യം ചെയ്യുകയും യുവാക്കളെ ഇവിടെ നിന്ന് പറഞ്ഞയക്കുകയും ചെയ്തിരുന്നു.ലഹരിമൂത്ത് ഫോമിലായിരുന്ന യുവാക്കൾ ഇതിന്റെ വൈരാഗ്യത്തിൽ തിരിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

മറുനാടന്‍ മലയാളി ലേഖകന്‍. prakash@marunadan.in

MNM Recommends


Most Read