വാർത്ത

തോക്കില്ലെങ്കിൽ വാഹനം പരിശോധിക്കാനാകില്ല; ടിപ്പർ ലോറി മാഫിയയുടെ ഭീഷണികൾ അതിരുവിടുന്നു; ജീവൻ പണയം വച്ചുള്ള ജോലിയിൽ ആയുധം അനിവാര്യമെന്ന് മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാർ

കാക്കനാട്: വാഹനം പരിശോധിക്കണമെങ്കിൽ തോക്ക് വേണമെന്ന ആവശ്യവുമായി മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാർ. ഇല്ലാത്ത പക്ഷം വാഹന പരിശോധനയ്ക്കില്ലെന്ന നിലപാടിലേക്കാണ് ഈ ഉദ്യോഗസ്ഥരുടെ പോക്ക്. എറണാകുളത്തെ ഉദ്യോഗസ്ഥരാണ് ഈ ആവശ്യം പ്രധാനമായും ഉന്നയിക്കുന്നത്. റോഡിൽ നിയമം ലംഘിക്കുന്ന വാഹനങ്ങൾ പരിശോധിക്കാൻ തോക്ക് കൈവശം വെയ്ക്കാൻ അനുമതി തരണമെന്നാണ് ആവശ്യം.

ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ. ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് വാഹന പരിശോധന കർശനമാക്കിയത്. അമിത ഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശിച്ചിരുന്നു. തൃക്കാക്കര ഭാരതമാതാ കോേളജിന് സമീപവും വാഹന പരിശോധനയ്ക്കിടെ സമാനമായ സംഭവം ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് അമിത ഭാരം കയറ്റുന്ന ലോറികൾക്കെതിരെ പരിശോധന കർശനമാക്കിയത്. ഇതോടെ ഭീഷണികളുമെത്തി. സ്വന്തം ജീവൻ രക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തോക്ക് ആവശ്യപ്പെടുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായിട്ടാണ്.

എറണാകുളം ആർടി ഓഫീസിലെ 25 ഉദ്യോഗസ്ഥരാണ് ടിപ്പർ ലോറിക്കാരുടെ ഭീഷണിയെ തുടർന്ന് സ്വയം രക്ഷയ്ക്കായി തോക്ക് ലൈസൻസിന് അനുമതി തേടിയിരിക്കുന്നത്. ഏഴ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും 18 അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരുമാണ് ഇതു സംബന്ധിച്ച അപേക്ഷ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നൽകിയിട്ടുള്ളത്. പൊലീസുകാർ ചെയ്യുന്നതിന് സമാനമായ ഉത്തരവാദിത്തമാണ് തങ്ങളും ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സ്വയ സുരക്ഷയ്ക്ക് തോക്ക് കൂടിയേ തീരൂ. എല്ലാ വിധ പരിധികളും ലംഘിക്കുന്ന തരത്തിലുള്ള ഭീഷണികളാണ് വാഹന പരിശോധനയ്ക്കിടെ മാഫിയകൾ ഉയർത്തുന്നത്. അതുകൊണ്ടാണ് ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

വാഹന പരിശോധനയ്ക്കിടെ ടോറസ്, ടിപ്പർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ ഉൾപ്പെടെയുള്ള ഭാരവാഹികളുടെ ഭാഗത്തു നിന്ന് ഭീഷണി ഉണ്ടാകുന്നുണ്ട്.കഴിഞ്ഞ ദിവസം അമിത ഭാരം കയറ്റിയതിന് മോട്ടാർ വാഹന വകുപ്പ് പിടികൂടിയ ലോറി ഭീഷണിപ്പെടുത്തി കടത്താൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുണ്ടന്നൂർ ടോൾ ബൂത്തിന് സമീപമാണ് അമിത ഭാരം കയറ്റിയതിന് ടോറസ് ലോറി പിടികൂടിയത്. തുടർന്ന് പിഴയടയ്ക്കാൻ എത്തിയപ്പോഴാണ് ഒരു മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്തി ലോറി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നത്.

ഇതിനെതിരെ നിയമ നടപടി സ്വീകരിച്ചപ്പോൾ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റർ പതിച്ചാണ് ടിപ്പർ ഉടമകൾ പ്രതികരിച്ചത്. വാഹന ഉടമകളുടെയും അവരുടെ ഗുണ്ടകളുടെയും ഭീഷണി ശക്തമായതോടെ സ്വയ രക്ഷയ്ക്ക് തോക്ക് വാങ്ങുന്നതല്ലാതെ മറ്റ് മാർഗമില്ലാതായെന്ന് എറണാകുളം ആർടി ഓഫീസിലെ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ പറയുന്നു.

 

MNM Recommends


Most Read