വാർത്ത

മരടിലെ അനധികൃത ഫ്‌ളാറ്റ് പൊളിക്കൽ:സർക്കാർ റിവ്യു ഹർജി നൽകില്ല; നിയമം നടപ്പാക്കുമെന്ന് എസി മൊയ്തീൻ; കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞാൽ ഫ്‌ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി;പൊളിക്കാനുള്ള ചെലവ് സർക്കാർ വഹിക്കണമെന്ന മരട് നഗരസഭയുടെ ആവശ്യം സർക്കാർ തള്ളി

കൊച്ചി: മരട് നഗരസഭയിൽ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി സർക്കാർ റിവ്യൂ ഹർജ്ജി നൽകില്ലെന്ന് മന്ത്രി എ സി മൊയ്തീൻ വ്യക്തമാക്കി. എന്നാൽ കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞാൽ ഫ്‌ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഫ്‌ളാറ്റ് ഉടമകളും നഗരസഭാ അധികൃതരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ചെലവ് സർക്കാർ വഹിക്കണമെന്ന മരട് നഗരസഭയുടെ ആവശ്യം സർക്കാർ തള്ളി. നിയമം അനുസരിച്ച് നഗരസഭ തന്നെയാണ് ഈ ചെലവ് വഹിക്കേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം,തങ്ങളുടെ ഭാഗം കേൾക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം. ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഒരു ഫ്‌ളാറ്റ് ഉടമ സമർപ്പിച്ച ഹർജ്ജി സുപ്രീം കോടതി തള്ളിയിരുന്നു.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്‌ളാറ്റുകൾ ഈ മാസം ഏഴിനകം പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മരട് നഗരസഭ അധികൃതരും ഫ്‌ളാറ്റ് ഉടമകളുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചർച്ച നടത്തിയത്. പാരിസ്ഥിതിക നിയമം ലംഘിച്ചാണ് നിർമ്മാണമെന്ന കാര്യം നിർമ്മാതാക്കൾ മറച്ചു വച്ചെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി വിധി പറഞതെന്നും ഫ്‌ളാറ്റ് ഉടമകൾ പറഞ്ഞു. നിയമലംഘനം അനുവദിക്കാനാകില്ലെന്നും കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമെന്നും മന്ത്രി വ്യക്തമാക്കി. ഫ്‌ളാറ്റുകൾ പൊളിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ചെന്നൈ ഐഐടിയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.

നിയമം ലംഘിച്ചു നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്നു മാത്രമാണ് സുപ്രീംകോടതി ഉത്തരവിലുള്ളത്. ആര് പൊളിക്കണമെന്ന് ഉത്തരവ് കൃത്യമായി പറയുന്നില്ല. നഗരസഭ സ്വന്തം നിലയ്ക്ക് പൊളിക്കണമെങ്കിൽ മുപ്പത് കോടി രൂപ വേണ്ടിവരും. ഈ പണം ഒറ്റയ്‌ക്കെടുക്കാൻ പാങ്ങില്ലെന്നാണ് നഗരസഭയുടെ പക്ഷം. ഈ സാഹചര്യത്തിലാണ് വ്യക്തതയ്ക്കായി സർക്കാരിനെ സമീപിച്ചത്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read