വാർത്ത

കനത്ത മഴമൂലം പൂയംകൂട്ടി മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിൽ; ആദിവാസി-കുടിയേറ്റ മേഖലകൾ ഒറ്റപ്പെട്ടു; ആയിരത്തോളം കുടുമ്പങ്ങൾ ദുരിതക്കയത്തിൽ; ഊരുകളിൽ നിന്നും പണിക്കു പോയവരെ കുറിച്ചറിയാതെ ബന്ധുക്കൾ ആശങ്കയിൽ

കുട്ടമ്പുഴ: ദിവസങ്ങളായി തുടരുന്ന കനത്ത മഴമൂലം പൂയംകൂട്ടി മണികണ്ഠൻചാൽ ചപ്പാത്ത് വീണ്ടും വെള്ളത്തിനടിയിൽ. മണികണ്ഠൻചാൽ, ഉറിയംപെട്ടി, വെള്ളാരംകുത്ത് തുടങ്ങി ആദിവാസി-കുടിയേറ്റ മേഖലകൾ ഒറ്റപ്പെട്ടു.ആയിരത്തോളം കുടുമ്പങ്ങൾ ദുരിതക്കയത്തിൽ. ഈ മേഖലയിൽ നിന്നും സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികളും വിവിധ സ്ഥങ്ങളിൽ ജോലിചെയ്യുന്നവരുമെല്ലാം ഇപ്പോൾ ബന്ധുവീടുകളിലേയ്ക്ക് താമസം മാറ്റി.

ആദിവാസി കുടികളിൽ നിന്നും പണിക്കുപോയവരെക്കുറിച്ച് വിവരങ്ങളറിയാത്തതിനാൽ ആദിവാസി -കുടിയേറ്റമേഖലകളിൽ പരക്കെ ആശങ്ക ഉയർന്നിട്ടുണ്ട്. കഴിഞ്ഞമാസം ഇതേ അവസ്ഥയിൽ പ്രദേശവാസികൾ ഒരാഴ്ചയോളം കഴിയേണ്ടിവന്നിരുന്നു. രണ്ട് ആദിവാസി കുടികളിലെ അന്തേവാസികടക്കം ആയിരത്തോളം കുടുംബങ്ങളാണ് ഇത് മൂലം ദുരിതമനുഭിക്കുന്നത്.പ്രദേശവാസികളുടെ ഏക സഞ്ചാരമാർഗ്ഗമായ ചപ്പാത്താണ് വെള്ളത്തിനടിയിലായിരിക്കുന്നത്. മൊബൈൽ കവറേജ് ഇല്ലാത്ത മേഖലകളാണെന്നതിനാൽ വീട്ടിലേ വിരങ്ങൾ അറിയാനാവാതെ വിവിധയിടങ്ങളിൽ ജോലിചെയ്യുന്ന പ്രദേശവാസികകളും അങ്കലാപ്പിലാണ്. ആദിവാസിമേഖലകളിലെ വിവരങ്ങൾ പുറത്തറിയാൻ യാതൊരുമാർഗ്ഗവുമില്ലന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

എതാനും ആഴ്ച മുമ്പ് മഴകനത്തപ്പോൾ ചപ്പാത്ത് വെള്ളത്തിനടിയിലാവുകയും വാഹനഗതാഗതം മുടങ്ങുകയും ചെയ്തിരുന്നു. ചപ്പാത്ത് വീണ്ടും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായമെത്തിക്കാൻ മുഖ്യമന്തി ജില്ലാഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.ഇവിടെ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പുതിയപാലം അനിവാര്യമാണെന്ന് കുട്ടമ്പുഴ വില്ലേജ് ഓഫീസറും കോതമംഗലം തഹസിൽദാരും സർക്കാരിന് റിപ്പോർട്ടും നൽകിയിട്ടുണ്ട്.

പാലം നിർമ്മിക്കുക മാത്രമാണ് മഴക്കാലത്ത് മേഖലയിൽ തുടരുന്ന യാത്രദുരിതത്തിന് ശാശ്വത പരിഹാരമെന്നത് മാറി മാറിയെത്തിയ ജനപ്രതി നിധികൾക്കും രാഷ്ട്രീയ നേതൃത്വത്തിനും ബോദ്ധ്യമുണ്ടെങ്കിലും ഇക്കാര്യത്തിൽ ചെറുവിരലനക്കാൻ ആരും തയ്യാറാവുന്നില്ലതാണ് ഏറെ ഖേദകരം. പെരിയാറിനക്കരെ കുട്ടമ്പുഴ -പൂയംകൂട്ടി മേഖലകളിൽ കഴിഞ്ഞിരുന്നവർ അടുത്തകാലം വരെ തട്ടേക്കാടുകടവിൽ അക്കരെ ഇക്കരെ സർവ്വീസ് നടത്തിയിരുന്ന ജംഗാറിലൂടെയാണ് പുറംലോകത്തെത്തിയിരുന്നത്. ഏറെ നാളത്തെ ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ ഇവിടെ പാലം യാഥാർത്ഥ്യമായി.സഞ്ചാര സ്വാതന്ത്ര്യത്തിനായി കക്ഷി-രാഷ്ട്രീയത്തിനതീതമായി ഒന്നിച്ചണിനിരന്നാൽ തട്ടേക്കാട് മാതൃക മണികണ്ഠംചാൽ നിവാസികൾക്കും ഗുണം ചെയ്യുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

മറുനാടന്‍ മലയാളി ലേഖകന്‍. prakash@marunadan.in

MNM Recommends


Most Read