വാർത്ത

ബസ് ഓൺ ഡിമാൻഡ്‌ പദ്ധതിക്ക് വൻ ഡിമാൻഡ്; അന്തർ സംസ്ഥാന റൂട്ടുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ബസ് ഓൺ ഡിമാൻഡ്‌ പദ്ധതി അന്തർ സംസ്ഥാന റൂട്ടുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇതനുസരിച്ച് പാലക്കാട്ടുനിന്നും കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങിക്കഴിഞ്ഞു. നാഗർകോവിൽ-തിരുവനന്തപുരം റൂട്ടിൽ ഇത്തരം ബസുകൾ ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നെയ്യാറ്റിൻകര-തിരുവനന്തപുരം, പാലക്കാട്-മണ്ണുത്തി, മാനന്തവാടി-കോഴിക്കോട് എന്നീ റൂട്ടുകളിൽ ബസ് ഓൺ ഡിമാൻഡ്‌ സർവീസ് നടത്തുന്നുണ്ട്. സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ ആയിരുന്നു തീരുമാനം. കോവിഡ് വ്യാപകമായതോടെ വേണ്ടരീതിയിൽ വിജയിച്ചില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബസ് ഓൺ ഡിമാൻഡ്‌ സർവീസുകൾ നടത്തിയത്.

40-ൽ കുറയാത്ത യാത്രക്കാർ ഉണ്ടെങ്കിൽ അവർക്കുവേണ്ടി ക്രമീകരിക്കുന്നതാണീ ബസ്. സ്ഥിരമായി ഒരു സ്ഥലത്തേക്ക് പോകുന്ന യാത്രക്കാരെ ഉദ്ദേശിച്ചാണ് ഈ സംവിധാനം തുടങ്ങിയത്. സമയകൃത്യതയും സ്റ്റോപ്പുകളുടെ കുറവുമാണ് ആകർഷണം. യാത്രക്കാർക്ക് സീറ്റ് നമ്പർ രേഖപ്പെടുത്തി സീസൺ ടിക്കറ്റ് നൽകും. മുൻകൂട്ടി ബുക്കുചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നുണ്ട്. ഇത്തരം സർവീസുകളിൽ യാത്രചെയ്യുന്നവർ ബസ്‌സ്‌റ്റാൻഡിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. ചില റൂട്ടുകളിൽ ഇത്തരം ബസുകളിൽ പത്രങ്ങൾ സൗജന്യമായി വായിക്കാൻ നൽകുന്നുണ്ട്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read