വാർത്ത

ഇൻഫോപാർക്കിലെ കമ്പനി ജീവനക്കാരുടെ ഫുട്‌ബോൾ മത്സരത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചതു ഹൃദയാഘാതത്താൽ; ജംഗ് ഫുഡ് പതിവായി കഴിക്കുന്നതും ഉറക്കമിളച്ചുള്ള ജോലിയും നിഫിനു വിനയായെന്നു സൂചന

കൊച്ചി: രാത്രി പകലി ല്ലാതെ ജോലി ചെയ്തു അഞ്ചക്കവും, ആറക്കവും ശമ്പളം വാങ്ങിക്കുന്ന ഫാസ്റ്റ് ഫുഡിൽ വിശാപക്കറ്റുന്ന ടെക്കികൾ വായിച്ചറി യാൻ. ഇൻഫോപാർക്കിലെ കമ്പനിയിലെ ജീവനക്കാരുടെ ഫുട്ബോൾ മത്സരത്തിനിടയിൽ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചതിനു കാരണം പുതിയ രീതിയിലുള്ള ഭക്ഷണ-ജോലി സ്വഭാവങ്ങൾ ആണെന്നാണ് ആദ്യ ഘട്ട റിപ്പോർട്ടുകൾ നല്കുന്ന സൂചന.

തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്ന സിറോക്‌സ് ഇന്ത്യ എന്ന കമ്പനിയിൽ ജോലി നോക്കുന്ന ഇരുമ്പനം മനക്കപ്പടി പുത്തറ നിഫിൻ ആന്റണി (25) ആണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ കുഴഞ്ഞു വീണത്. കമ്പനിയിലെ ജീവനക്കാരെ നാലു ടീമുകളായി തിരിച്ചു ശനിയാഴ്ച നടത്തിയ ഫുട്ബോൾ മത്സരത്തിനിടയിലാണ് സംഭവം.

രാവിലെ 8.30 ന് നടന്ന ആദ്യ മത്സരത്തിൽ നിഫിൻ ഉൾപ്പെട്ട ടിം വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ വിജയിച്ച ടീമുമായി ഫൈനൽ ആരംഭിക്കുന്നതിനിടയിലാണ് നിഫിൻ കുഴഞ്ഞു വീണത്. തുടർന്ന് അടുത്തുള്ള സഹകരണ ആശുപത്രിയിലും അവിടെനിന്നു സൺ റൈസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യ കളിയിൽ നിഫിൻ യാതൊരു തളർച്ചയും കൂടാതെ പങ്കെടുത്തതാണ്. എന്നാൽ മൈതാനത്ത് ഫൈനലിന് മുൻപ് കുമ്മായം ഉപയോഗിച്ച് ലൈൻ വരയ്ക്കുന്ന സമയത്ത് ഫുട്ബോൾ കൊണ്ടുള്ള അടിയേറ്റതായി സഹപ്രവർത്തകരിൽ ചിലർ പറയുന്നു. പ്രാദേശിക ടിമിലുള്ള ആരോ അടിച്ച പന്താണ് നിഫിന്റെ തലയിൽ കൊണ്ടത്.

തുടർന്ന് നിഫിന് തളർച്ച തോന്നിയിരുന്നു എന്നും എന്നാൽ വീണ്ടും കളിക്ക് ഇറങ്ങുകയായിരുന്നു എന്നും സഹപ്രവർത്തകർ പറയുന്നു. പക്ഷെ അതല്ല കാരണമെന്ന നിഗമനത്തിലാണ് തൃക്കാക്കര പൊലീസ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിൽ ഹൃദയാഘാതമാണ് കാരണമെന്നു വ്യക്തമാക്കുന്നതായി തൃക്കാക്കര എസ്ഐ എസ് പി സുജിത് മറുനാടൻ മലയാളിയോട് പറഞ്ഞു.

മരിച്ച നിഫിൻ കുറെ കാലമായി നൈറ്റ് ഷിഫ്റ്റ് ആയിരുന്നു ഉറക്ക പ്രശ്നവും അതോടൊപ്പം കളിയുമായി ബന്ധപ്പെട്ട ജിജ്ഞാസയുമാവാം പെട്ടെന്നു മരണം സംഭവിക്കാൻ കാരണം എന്നാണ് പൊലീസ് ആദ്യ ഘട്ട അന്വേഷണത്തിൽ കണക്കു കൂട്ടുന്നത്.

നിഫിൻ പതിവായി ജങ് ഫുഡ് കഴിക്കുന്ന ശീലമുള്ള ആളാണ് എന്ന് ചില കൂട്ടുകാർ പറഞ്ഞുവെന്നും വിവരമുണ്ട്. നിഫിന്റെ മരണത്തിനു വഴിവച്ച കാരണം ഗ്രൗണ്ടിൽ വച്ച് ഫുട്ബോൾ കൊണ്ട് തലയ്ക്കു അടിയേറ്റതല്ല എന്നു പൊലീസും കണക്കു കൂട്ടുന്നു. ഒരു ഫുട്ബോൾ കളി എന്നത് 14 കിലോമീറ്റർ ചുരുങ്ങിയത് ഓടണം. ഒരു ദിവസം രണ്ടു കളികൾ നടത്തിയത് മാനസികവും ശാരീരികവുമായി ഒരു കളിക്കാരനെ ബാധിച്ചേക്കാമെന്നും പൊലീസ് വിലയിരുത്തുന്നു. റെയിൽവേ ജീവനക്കാരനായ ആന്റണിയുടെയും ജോസിയുടെയും മകനാണ് നിഫിൻ. തൃക്കാക്കര എസ്ഐ എസ്‌പി സുജിത്തിന്റെ നേതൃത്വ ത്തിലാണ് അന്വേഷണം നടക്കുന്നത്.

 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read