വാർത്ത

പ്രളയദുരിതത്തിൽ സംസ്ഥാനത്ത് കോടികളുടെ കൃഷി നാശം ; 875 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ; രണ്ടര ലക്ഷത്തിലധികം കർഷകരെ പ്രളയം സാരമായി ബാധിച്ചു; തോട്ടം മേഖലയിൽ മാത്രം 600 മുതൽ 700 കോടി രൂപയ്ക്ക് ഇടയിലാണ് നഷ്ടമെന്നും സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ താണ്ഡവമാടുമ്പോൾ കാർഷിക മേഖലയിൽ കനത്ത നഷ്ടമാണെന്ന വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതു വരെ 875 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം കർഷകരെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. കൃഷി വകുപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം പാലക്കാട്, മലപ്പുറം, ഇടുക്കി, തൃശ്ശൂർ, വയനാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ മേഖലകളിലാണ് വ്യാപകമായി കൃഷി നാശം സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തോട്ടം മേഖലയിലും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തോട്ടം മേഖലയിൽ മാത്രം 600 കോടി രൂപയ്ക്കും 700 കോടി രൂപയ്ക്കും ഇടയിലാണ് നഷ്ടം കണക്കാക്കുന്നത്. നെല്ല്, തെങ്ങ്, കശുവണ്ടി, വാഴ, മഞ്ഞൾ കൃഷികൾക്ക് പുറമെ തോട്ടം മേഖലയിലെ ഏലം, തേയില, കാപ്പി, റബ്ബർ കൃഷികളിലാണ് വ്യാപകമായ നഷ്ടം ഉണ്ടായിരിക്കുന്നത്. ഇടുക്കി, വയനാട്, മൂന്നാർ, നെല്ലിയാമ്പതി, വണ്ടിപ്പെരിയാർ തുടങ്ങിയ ഇടങ്ങളിലാണ് തോട്ടം മേഖലയിൽ കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്.

തേയിലയ്ക്ക് ഹെക്ടറിന് 180 കിലോഗ്രാമിന്റെ കുറവാണ് ഈ പാദത്തിലുള്ളത്. ഇത് വീണ്ടും വൻതോതിൽ ഇടിയുമെന്നാണ് വിലയിരുത്തൽ. 36,000 ഹെക്ടറിലാണ് സംസ്ഥാനത്ത് തേയില കൃഷി ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ റബ്ബർ ഉത്പാദനത്തിൽ 22 ശതമാനം ഇടിവ് ഉണ്ടായിരുന്നു. എന്നാൽ, 2018-19 സാമ്പത്തിക വർഷത്തിൽ ഉത്പാദനം 30 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അപ്രതീക്ഷിതമായി പ്രളയം എത്തിയതോടെ ഒക്ടോബർ വരെയുള്ള കാലയളവിൽ ഉത്പാദനം 33 ശതമാനം വരെ ഇടിഞ്ഞേക്കുമെന്നാണ് കണക്കാക്കുന്നത്.നിരവധി ചെറുകിട, ഇടത്തരം റബ്ബർ കർഷകരും പ്രളയക്കെടുതി മൂലം ദുരിതത്തിലായിരിക്കുകയാണ്.

വയനാട് ജില്ലയിലെ കുറിച്യാമലയിൽ തോട്ടം മേഖലയിൽ 127 ഏക്കർ ഭൂമിയിലെ കൃഷി പൂർണമായും നശിച്ചു. എസ്റ്റേറ്റിലെ തേയില, തണൽ വൃക്ഷങ്ങൾ എന്നിവയെല്ലാമാണ് പ്രളയത്തിൽ ഒലിച്ചു പോയത്. വണ്ടിപ്പെരിയാറിൽ പെരിയാർപൊണ്ണിമാര എസ്റ്റേറ്റിൽ രണ്ടര ഏക്കറാണ് പൂർണമായും നശിച്ചത്. വയനാട്ടിലെ ഹാരിസൺസ് മലയാളത്തിന്റെ 30 ഏക്കറോളം ഭൂമിയും പൂർണമായും വെള്ളത്തിലായിട്ടുണ്ട്. കഴിഞ്ഞ വർഷം തോട്ടം മേഖലയിൽ 9,750 കോടി രൂപയുടെ ഉത്പാദനമാണ് നടന്നത്. എന്നാൽ പ്രളയം മൂലം തോട്ടം മേഖലയിലെ ഉത്പാദനം കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രളയം മൂലം കഴിഞ്ഞയാഴ്ച വരെയുള്ള സംസ്ഥാനത്തിന്റെ നഷ്ടം 8,361 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read