വാർത്ത

ബിരുദാനന്തര ബിരുദപഠനത്തിനായി ജോലി ഉപേക്ഷിച്ചെത്തിയതോടെ സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെന്റർ പി.ജി വിദ്യാർത്ഥിയായി ശ്രുതി സിത്താര; ക്വീൻ ഓഫ് ദ്വയ 2018ലെ ഒന്നാം സ്ഥാനക്കാരി ലക്ഷ്യമിടുന്നത് ട്രാൻസ് വിഭാഗത്തിലെ ആദ്യ കളക്ടർ പദവി; അതിജീവനത്തിനുള്ള ആയുധം വിദ്യാഭ്യാസമാണെന്ന തിരിച്ചറിവിൽ കേരളത്തിലെ ട്രാൻസ്ജെന്ററുകൾ

കൊച്ചി: കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ പി.ജി വിദ്യാർത്ഥിയായി ശ്രുതി സിത്താര. കോട്ടയം വൈക്കം സ്വദേശിയും, സാമൂഹ്യ നീതിവകുപ്പിന്റെ തിരുവനന്തപുരത്തെ ട്രാൻസ്ജെൻഡർ സെല്ലിൽ പ്രൊജക്ട് അസിസ്റ്റന്റുമായിരുന്നു ശ്രുതി കഴിഞ്ഞ ദിവസം മുതലാണ് എറണാകുളം മഹാരാജാസ് കോളജിൽ പി.ജി പഠനം ആരംഭിച്ചത്. എം.കോം ആദ്യവർഷ വിദ്യാർത്ഥിയായി ശ്രുതി എത്തിയതോടെ കേരളത്തിൽ ആദ്യമായി ട്രാൻസ്ജെന്റർ ലേബലിൽ ബിരുദാനന്തര ബിരുദം പഠിക്കുന്ന വിദ്യാർത്ഥിയായിമാറുകയും ചെയ്തു.

നിലവിൽ കേരളത്തിലെ 25ഓളം ട്രാൻസ്ജെന്റർ വിഭാഗക്കാർ വിവിധ കോളജുകളിൽ ബിരുദം പഠിക്കുന്നുണ്ടെങ്കിലും ബിരുദാനന്തര ബിരുദത്തിനു ആരുംചേർന്നിരുന്നില്ല. 2015ൽ എറണാകുളം സെന്റ്ആൽബർട്ട് കോളജിൽനിന്നും ശ്രുതി ബിരുദംപഠിച്ചിറങ്ങുമ്പോൾ സർട്ടിഫിക്കറ്റിൽ അസ്ഥിത്വം പുരുഷൻ എന്നായിരുന്നു. എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ ട്രാൻസ്ജെൻഡറുകൾക്ക് സ്വന്തം അസ്ഥിത്വത്തിൽ പഠിക്കാനുള്ള സൗകര്യമൊരുക്കുകയും ഇവർക്ക് പ്രത്യേക സംവരണം തന്നെ ഏർപ്പെടുത്തുകയും ചെയ്തതോടെയാണു കൂടുതൽ ട്രാൻസ്ജെന്ററുകൾ കോളജിലെത്തിത്തുടങ്ങിയത്.

ബി.കോം കഴിഞ്ഞശേഷം ശ്രുതി സാമൂഹ്യനീതിവകുപ്പിന്റെ തിരുവനന്തപുരത്തെ ട്രാൻസ്ജെൻഡർ സെല്ലിൽ പ്രൊജക്ട് അസിസ്റ്റന്റ് ആയിജോലി ചെയ്തുവരികയായിരുന്നു. തുടർന്ന് ഈ വർഷമാണ് ബിരുദാനന്തര ബിരുദത്തിനായി ജോലി ഉപേക്ഷിച്ചത്. കേരളത്തിലെ ട്രാൻസ്ജെന്ററുകളുടെ സൗന്ദര്യ മത്സരമായ ക്വീൻ ഓഫ് ദ്വയ 2018-ലെ ഒന്നാംസ്ഥാനക്കാരികൂടിയാണ് ശ്രുതി.

അതോടൊപ്പം ട്രാൻസ്വിഭാഗത്തിലെ ആദ്യ കലക്ടറാവാനുള്ള തെയ്യാറെടുപ്പും ശ്രുതി നടത്തുന്നുണ്ട്, ഇതിന്റെ ഭാഗമായി നേരത്തെ സിവിൽസർവീസിന്റെ പ്രലിമിനറി എക്സാം എഴുതുകയും ചെയ്തിരുന്നു. രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സിവിൽ സെർവന്റ് ആവണം എന്ന ആഗ്രഹത്തിൽ ജീവിക്കുന്ന ശ്രുതി ഇതുവഴി സമൂഹത്തിനും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്കും വേണ്ടി തന്നാലാവുന്നതു ചെയ്യണമെന്ന ആഗ്രഹത്തിലുമാണ്.

ട്രാൻസ്ജെന്ററുകൾക്ക് കോളജുകളിൽ പ്രത്യേക സംവരണം ഒരുക്കിയതോടെ അതിജീവനത്തിനുള്ള ആയുധം വിദ്യാഭ്യാസമാണെന്ന തിരിച്ചറിവിലാണിപ്പോൾ കേരളത്തിലെ വലിയൊരു വിഭാഗം ട്രാൻസ്ജെന്റർ വിദ്യാർത്ഥികൾ. പാതിവഴിയിൽ ഉപേക്ഷിച്ച ഈവിഭാഗക്കാർ ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പഠനം പുനരാരംഭിക്കുന്നത്. കലാലയത്തിൽ ആദ്യമായി സ്വന്തം സ്വത്വം തുറന്നുപറഞ്ഞുപഠിക്കാൻ കഴിയുന്ന ത്രില്ലിലാണ് താനെന്നും ശ്രുതി സിത്താര പറയുന്നു.

ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിന്റെ കൂട്ടായ്മയായ ദ്വയ ട്രാൻസ്ജെൻഡേഴ്‌സ് ആർട്‌സ് ആൻഡ് കൾചറൽ സൊസൈറ്റി സംഘടിപ്പിച്ച ഫാഷൻ ഷോ ക്യൂൻ ഓഫ് ദ്വയയി2018ൽ ശ്രുതി സിത്താര കീരിടമണിഞ്ഞപ്പോൾ നടി നദിയ മൊയ്തുവാണ് കിരീടമണിയിച്ചത്. തിരുവനന്തപുരം സ്വദേശി സാറ ശൈഖയാണ് അന്ന് ഫസ്റ്റ് റണ്ണറപ്പായത്.. യുഎസ്ബി ഗ്ലോബലിൽ എച്ച്ആർ മാനേജരാണ് സാറ. തിരുവനന്തപുരം സ്വദേശിതന്നെയായ ശ്രീമയിയാണ് സെക്കൻഡ് റണ്ണറപ്പ്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ലൈബ്രേറിയനാണ് ശ്രീമയി. മാലിക പണിക്കർ, അജിത് രവി, മോഡൽ സംയുക്ത, നേഹ സക്‌സേന, സഫിനാസ് എന്നിവരായിരുന്നു വിധികർത്താക്കൾ

MNM Recommends


Most Read