വാർത്ത

1000ലേറെ റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തീകരിച്ച് ആസ്റ്റർ മെഡ്സിറ്റി; 995 രോഗികളിലായി 1010 ശസ്ത്രക്രിയകൾ

കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ 119 വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പെടെ 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തിയായി. 2015 മുതൽ 995 രോഗികളിലായി 1010 റോബോട്ടിക് ശസ്ത്രക്രിയകളാണ് ആശുപത്രിയിൽ നടന്നത്.

റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് യൂറോളജി വിഭാഗത്തിൽ മാത്രം 765 ശസ്ത്രക്രിയകൾ നടന്നപ്പോൾ ഗൈനക്കോളജിയിൽ 175-ലേറെ ശസ്ത്രക്രിയകൾ നടന്നു. ബാക്കി ശസ്ത്രക്രിയകൾ ഗ്യാസ്ട്രോഎൻട്രോളജി, ഓങ്കോളജി, ലിവർ കെയർ വിഭാഗങ്ങളിലായാണ് നടന്നത്.

സങ്കീർണമായ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകളിലൂടെ ചികിത്സിക്കാനാകാത്ത കേസുകളിൽ വരെ റോബോട്ടിക് ശസ്ത്രക്രിയകൾ ചെയ്യാമെന്ന് 800 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ആസ്റ്റർ മെഡ്സിറ്റിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. കിഷോർ ടി.എ പറഞ്ഞു. പ്രോസ്ട്രേറ്റ് കാൻസർ നീക്കം ചെയ്യാൻ, വൃക്ക മാറ്റിവെയ്ക്കൽ, വൃക്കയിലെ ട്യൂമർ നീക്കം ചെയ്യാൻ എന്നവയ്ക്കും റോബോട്ടിക് ശസ്ത്രക്രിയകൾ ഉപയോഗിക്കാവുന്നതാണ്. രക്തം നഷ്ടപ്പെടുന്നതും ആശുപത്രിവാസവും കുറയ്ക്കാമെന്നതിന് പുറമേ ശരീരം തുറന്നുള്ള ശസ്ത്രക്രിയകൾ ഒഴിവാക്കാമെന്നതുമാണ് ഇതിന്റെ നേട്ടമെന്നും ഡോ. കിഷോർ വ്യക്തമാക്കി. ഈ ശസ്ത്രക്രിയയിൽ സങ്കീർണതയും താരതമ്യേനെ കുറവാണ്. ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗം സർജന്മാർക്ക് വളരെ വലുതായി 3 ഡിയിൽ കാണാൻ കഴിയുന്നുവെന്നതും റോബോട്ടിക് ശസ്ത്രക്രിയകളുടെ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ആശുപത്രിവാസം മതിയെന്നത് റോബോട്ടിക് ശസ്ത്രക്രിയകൾ ഈ കോവിഡ് കാലത്ത് മികച്ച സാധ്യത തന്നെയാണെന്നും ഡോ. കിഷോർ കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയയുടെ പാടും തുടർന്നുള്ള വേദനയും ചെറുതാണെന്നതും രോഗിക്ക് സുഖംപ്രാപിക്കാൻ കൂടുതൽ സമയം വേണ്ടെന്നുള്ളതും റോബോട്ടിക് ശസ്ത്രക്രിയയുടെ വലിയ നേട്ടങ്ങളാണെന്ന് ആസ്റ്റർ വിമെൻസ് ഹെൽത്ത് സീനിയർ ലീഡ് കൺസൾട്ടന്റ് ഡോ. മായാദേവി കുറുപ്പ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധയ്ക്കുള്ള സാധ്യതയും ഇതിൽ കുറവാണെന്നും അവർ കൂട്ടിച്ചേർത്തു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read