വാർത്ത

ജസ്റ്റീസ് ബി.എച്ച് ലോയയുടെ കേസ് അനുയോജ്യമായ ബെഞ്ചിനു വിടണം; കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് അരുൺ മിശ്ര പിൻവാങ്ങി; അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിന്മാറി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോയ കേസുമായി ബന്ധപ്പെട്ട ഉത്തരവിലും അദ്ദേഹം ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. ലോയ കേസ് താരതമ്യേന ജൂനിയറായ അരുൺ മിശ്രയുടെ ബെഞ്ചിന് നൽകിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നാല് മുതിർന്ന ജഡ്ജിമാർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് അരുൺ മിശ്ര പിന്മാറിയത്.

കേസുകൾ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടി മുതിർന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി.ലോക്കൂർ, രഞ്ജൻ ഗൊഗോയ് എന്നിവരാണ് വാർത്താ സമ്മേളനം വിളിച്ച് പരസ്യമായി പ്രതിഷേധിച്ചത്. ഇവരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത് ലോയ കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസുമായുണ്ടായ അഭിപ്രായ ഭിന്നതയായിരുന്നു.

ഇന്ന് കേസ് പരിഗണിച്ച് കോടതി ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകൾ പരാതിക്കാർക്കു നൽകണമെന്നു ഉത്തരവിട്ടിരുന്നു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹർജിക്കാർക്കു നൽകണമെന്നു സുപ്രീംകോടതി മഹാരാഷ്ട്ര സർക്കാരിനു നിർദ്ദേശം നൽകി. ഈ വിഷയത്തിൽ പരാതിക്കാർ എല്ലാ വിവരങ്ങളും അറിയേണ്ടതുണ്ടെന്നാണ് കേസിൽ വാദം കേട്ട ജസ്റ്റീസ് അരുൺ മിശ്ര വാക്കാൽ പരാമർശിച്ചത്. ജസ്റ്റീസ് അരുൺ മിശ്ര, ജസ്റ്റീസ് ശാന്തഗൗണ്ടർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു ജസ്റ്റീസ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ചത്.

കേസ് ജനുവരി 13ന് പരിഗണിച്ചപ്പോൾ തന്റെ കക്ഷിയായ ബോംബെ ലോയേഴ്‌സ് അസോസിയേഷൻ ബോംബോ ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും കേസ് സുപ്രീംകോടതിയിൽ എടുക്കരുതെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മഹരാഷ്ട്ര സർക്കാരിനോട് ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകൾ ഹാജരാക്കണമെന്നാണു സുപ്രീംകോടതി നിർദേശിച്ചത്. തുടർന്ന് മുദ്രവച്ച കവറിൽ മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കി. ഇതോടെ ഈ രേഖകളുടെ പകർപ്പ് പരാതിക്കാർക്കു കൂടി നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read