വാർത്ത

നായരും നാടാരും തമ്മിലെ പ്രണയത്തെ രണ്ട് വീട്ടുകാരും എതിർത്തു; പാരലൽ കോളേജിലെ അദ്ധ്യാപകൻ ടിപ്പർ ഡ്രൈവറായതോടെ മദ്യപാനിയുമായി; വീട്ടുകാരെ തള്ളി പറഞ്ഞ് ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം മനസ്സിലാക്കിയത് ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ; മദ്യത്തിൽ മയക്കി ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് അതേ മുറിയിൽ രാത്രിയിൽ കിടന്നുറങ്ങി ഭർത്താവും; ആദർശിന്റെ ആത്മഹത്യാ തിയറി പൊളിച്ചത് ഭാര്യയുടെ ദേഹത്തെ മുറിപ്പാടുകൾ; രാകേന്ദു അന്ന് രാത്രി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

പോത്തൻകോട്: ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ചുകൊന്ന് കെട്ടിത്തൂക്കിയ കേസിൽ ടിപ്പർ-ഓട്ടോ ഡ്രൈവറായ ആദർശിന്റേത് സമാനതകളില്ലാത്ത ക്രൂരത. ഭാര്യയെ കൊന്ന കേസിൽ പോത്തൻകോട് നന്നാട്ടുകാവ് ജി.വി.എൻ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന വാമനപുരം ആനാകുടി കുന്നുംപുറത്ത് വീട്ടിൽ ആദർശിനെയാണ് (26) പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്തത്. വേറ്റിനാട് ഐക്കുന്നം ശിവാലയം വീട്ടിൽ രാജേന്ദ്രൻ - ലീന ദമ്പതികളുടെ മൂത്തമകൾ രാകേന്ദുവാണ് (24) കൊല്ലപ്പെട്ടത്.

സ്‌കൂൾ പഠനകാലത്തേ പ്രണയത്തിലായ ഇവർ കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. രണ്ട് ജാതിയിൽപ്പെട്ടവരായതിനാൽ രാകേന്ദുവിന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. രാകേന്ദു നീറമൺകര എൻ.എസ്.എസ് കോളേജിൽ അവസാന വർഷ ഡിഗ്രിക്ക് പഠിക്കവെയാണ് ആദർശ് കൂട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തത്. രാകേന്ദ്ു നായർ സമുദായാംഗവും ആദർശ് നാടാരുമായിരുന്നു. ആദർശിന്റെ വീട്ടിലും വിവാഹത്തെ ആദ്യം എതിർത്തിരുന്നു. ഈ പ്രണയ വിവാഹമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ആദർശിന്റെ മദ്യപാനത്തെ ചൊല്ലിയും വഴിവിട്ട ബന്ധങ്ങളേയും പറ്റിയും ഇവർക്കിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. സംഭവദിവസം ആദർശ് വീട്ടിലിരുന്ന് മദ്യപിച്ചു. അതേചൊല്ലി വഴക്കായതോടെ മുറിയിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് അടിച്ചു. നിലവിളി പുറത്ത് വരാതിരിക്കാൻ വായ് പൊത്തിപ്പിടിച്ചു. കുപ്പിയിൽ അവശേഷിച്ച മദ്യം വായിലേക്ക് ഒഴിച്ചു. അബോധാവസ്ഥയിലായ രാകേന്ദുവിനെ കിടപ്പുമുറിയിലെ ഫാനിൽ മുണ്ടിൽ കെട്ടിത്തൂക്കി. അതിനുശേഷം അതേമുറിയിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ 10 മണിയോടെ, രാകേന്ദു ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ബന്ധുക്കളെ ധരിപ്പിച്ചു. മൃതദേഹം അഴിച്ചെടുത്ത് മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു.

തൂങ്ങിമരിച്ചെന്നാണ് പൊലീസിനോടും വെളിപ്പെടുത്തിയത്. മൃതദേഹ പരിശോധനയിൽ രാകേന്ദുവിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തിയത് നിർണ്ണായകമായി. ഫാനിൽ കെട്ടിത്തൂക്കിയതിലും അസ്വാഭാവികത ഉണ്ടായിരുന്നു. എങ്കിലും പൊലീസ് സംശയമൊന്നും ആദ്യം പ്രകടിപ്പിച്ചില്ല. പിന്നീട് ആദർശിനെ വിളിച്ചുവരുത്തി മൃതദേഹത്തിൽ കണ്ട മുറിവുകളെ സംബന്ധിച്ച് ചോദ്യം ചെയ്തു. ഇതിനിടെ രാകേന്ദുവിന്റെ കുടുംബവും സംശയം ഉന്നയിച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്. രാകേന്ദു തൂങ്ങി മരിച്ചതാണെന്ന് വരുത്തി തീർക്കാനുള്ള ആദർശിന്റെ നാടകീയ ശ്രമങ്ങൾ പോത്തൻകോട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പൊളിക്കുകയായിരുന്നു.

ആദർശിന്റെ ചില വഴിവിട്ടബന്ധങ്ങളെക്കുറിച്ചാണ് കൊലപാതക ദിവസം തർക്കങ്ങൾ തുടങ്ങിയത്. മദ്യപിച്ചിരുന്ന ആദർശ് രാകേന്ദുവുമായി വാക്കേറ്റമുണ്ടായി. 11.30 വരെ തർക്കം നീണ്ടു. തുടർന്ന് മുറിയിലുണ്ടായിരുന്ന കമ്പി കൊണ്ട് രാകേന്ദുവിനെ മർദിക്കുകയും കഴുത്തിലും കാലിലും കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. പിന്നീട് കെട്ടിത്തൂക്കി. അതിനു ശേഷം ബാക്കിയുണ്ടായിരുന്ന മദ്യവും കുടിച്ച് അതേ മുറിയിൽ തന്നെ കട്ടിലിൽ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ 10ന് ആദർശിന്റെ പിതാവ് അനിൽകുമാർ വന്നു വിളിച്ചപ്പോഴാണ് ഉണർന്ന് വാതിൽ തുറന്നത്. രാകേന്ദു ഫാനിൽ തൂങ്ങിയെന്നു പറഞ്ഞു.

പൊലീസ് വന്നശേഷം അഴിച്ചാൽ മതിയെന്നു പറഞ്ഞതു പോലും കേൾക്കാതെ ആദർശ് മൃതദേഹം കുരുക്കഴിച്ച് താഴെയിറക്കി. ആദർശിന്റെ മൊഴിയിലെ വൈരുദ്ധ്യം ആദ്യമേ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനാൽ പഴുതടച്ച് എല്ലാ തെളിവുകളും ശേഖരിച്ചാണ് പൊലീസ് ആദർശനിെ കുടുക്കിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുവേലി ഹയർ സെക്കന്ററി സ്‌കൂളിൽ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നപ്പോഴാണ് സമീപത്തെ പാരലൽ കോളേജിൽ അദ്ധ്യാപകനായിരുന്ന ആദർശുമായി പരിചയപ്പെടുത്തുന്നതും പ്രണയത്തിലാകുന്നതും. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററിക്ക് പ്രവേശനം ലഭിച്ചപ്പോഴും പ്രണയം തുടരുകയായിരുന്നു.

പല സ്ഥലങ്ങളിലും ഇവർ ഒരുമിച്ചു പോയിട്ടുണ്ട്. രാകേന്ദുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവരികയും ഇക്കഴിഞ്ഞ ജനുവരി മുന്നിന്ന് വേങ്കമല ക്ഷേത്രത്തിനു മുന്നിൽ വച്ച് ആദർശ് താലി കെട്ടുകയും ചെയ്തു. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. ആദർശ് മറ്റു പെൺകുട്ടികളെ ഫോണിൽ വിളിക്കുന്നതു ചൂണ്ടിക്കാട്ടി ഇവർ തമ്മിൽ തുടക്കത്തിലേ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. 71 ദിവസം മാത്രമാണ് ഇവർ ഒരുമിച്ച് കഴിഞ്ഞത്. അദ്ധ്യാപനം മതിയാക്കിയ ശേഷം ആദർശ് ഓട്ടോറിക്ഷ, ടിപ്പർ വാഹനകളിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read