വാർത്ത

ഹത്രാസിലെ ക്രൂരന്മാരിൽ പ്രായപൂർത്തി ആകാത്ത ഒരാളും; സിബിഐ കണ്ടെത്തലുകൾ ഇങ്ങനെ..

ലക്‌നൗ: ഹത്രാസിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സം​ഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളിൽ പ്രായപൂർത്തി ആകാത്ത ഒരാളെന്നും റിപ്പോർട്ട്. കുറ്റാരോപിതരായ നാലു പേരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് സിബിഐ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സ്കൂൾ രേഖകളും മാതാപിതാക്കളുടെ മൊഴിയും ഇതിനെ സാധുകരിക്കുന്നു. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പ്രതിയുടെ സ്‌കൂൾ റെക്കോർഡുകൾ പരിശോധിച്ചു. ഉത്തർപ്രദേശിലെ ബോർഡ് ഓഫ് ഹൈസ്‌കൂൾ ആൻഡ് ഇന്റർമീഡിയറ്റ് എജുക്കേഷൻ നടത്തിയ 2018ലെ ഹൈസ്‌കൂൾ പരീക്ഷയുടെ മാർക്ക്‌ലിസ്റ്റാണ് ഇത്. ഇതിൽ പ്രതിയുടെ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2/ 12/ 2002 എന്നാണ്. മകന് പതിനെട്ട് തികയുന്നതേയുള്ളൂവെന്ന് പ്രതിയുടെ അമ്മയും സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കേസിലെ നാലുപ്രതികളും നിലവിൽ അലിഗഡ് ജയിലിലാണ്.

കഴിഞ്ഞ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസിൽ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. യുപിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ ഉൾപ്പെടെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെതിരെ ഇരുപതോളം വകുപ്പുകൾ ചേർത്താണ് കേസ്. കഴിഞ്ഞ ദിവസം ഇരയുടെ വീട് സന്ദർശിക്കാനെത്തിയ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെ അഞ്ഞൂറോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. നിരോധനാജ്ഞ ലംഘിക്കൽ, പകർച്ചവ്യാധി തടയൽ നിയമം തുടങ്ങിയ നിയമങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.

അന്താരാഷ്ട്ര തലത്തിൽ തന്നെ യോഗി ആദിത്യനാഥിനെതിരെ ഗൂഢാലോചന നടന്നു എന്നതടക്കമുള്ള ആരോപണങ്ങളും പൊലീസ് അന്വേഷണ പരിധിയിലാക്കിയിട്ടുണ്ട്. കലാപത്തിന് നീക്കം നടന്നുവെന്നും പൊലീസ് പറയുന്നു. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാത്ത ആളുകൾക്കെതിരെയാണ് ഹാഥ്റസിലെ ചാന്ദ് പൊലീസ് കേസെടുത്തിരിക്കുന്നത്. സർക്കാരിനെതിരെ വലിയ ഗൂഢാലോചന നടക്കുന്നു എന്ന് യോഗി ആദ്യത്യനാഥ് പറഞ്ഞിരുന്നു. വികസന പ്രവർത്തനങ്ങൾ വലിതോതിൽ നടക്കുമ്പോൾ അതിനെതിരായ ആസൂത്രിത നീക്കമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, സംഭവത്തിൽ സിബിഐ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഹത്രാസ് പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ കഴിഞ്ഞ ദിവസം സിബിഐ സംഘം ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. പ്രതികളെ പാർപ്പിച്ചിരിക്കുന്ന അലി​ഗഢിലെ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം പ്രതികളെ കണ്ടത്. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയും സംഘം സന്ദർശിച്ചു. ഇരയായ പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ നേരത്തെ സിബിഐ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂവെന്നാണ് ഹത്രാസ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇവർ വിശദീകരണവുമായെത്തിയത്.

ഈ മാസം 15ന് സിബിഐ സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. . പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നും രക്തക്കറയുള്ള വസ്ത്രം കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ, അന്വേഷണ സംഘം കണ്ടെടുത്ത വസ്ത്രത്തിലുള്ളത് ചോരക്കറയല്ലെന്നും ചുവന്ന പെയിന്റാണ് എന്നുമാണ് പ്രതിയുടെ കുടുംബാം​ഗങ്ങളുടെ നിലപാട്. കേസിൽ പ്രതികളിൽ ഒരാളായ ലവ് കുഷ് സികർവാർ എന്നയാളുടെ വീട്ടിൽ നിന്നാണ് രക്തക്കറയുള്ള വസ്ത്രം കണ്ടെടുത്തത്.

സിബിഐ സംഘം നാല് പ്രതികളുടേയും വീട്ടിൽ തെളിവെടുപ്പിന്റെ ഭാഗമായി എത്തിയിരുന്നു. അവരുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സിബിഐ സംഘം പെൺകുട്ടിയുടെ അച്ഛന്റേയും സഹോദരന്റേയും വിശദമായ മൊഴി എടുത്തിരുന്നു. പെൺകുട്ടിയുടെ സഹോദരനേയും അമ്മയേയും അമ്മായിയേയും സംഭവം നടന്ന സ്ഥലത്ത് സിബിഐ സംഘം കൊണ്ടുപോയിരുന്നു.

സിബിഐയുടെ കണ്ടെത്തലിനെതിരെ സികർവാറിന്റെ കുടുംബം രം​ഗത്തെത്തിയിട്ടുണ്ട്. ലവ് കുഷ് സികർവാറിന്റെ ഇളയ അനുജനായ രവി സികർവാർ പെയിന്റ് പണിക്ക് പോകുന്നയാളെന്നും പെയ്ന്റ് കറയാണ് വസ്ത്രത്തിലുണ്ടായിരുന്നതെന്നുമാണ് ഇവരുടെ മറ്റൊരു സഹോദരനായ ലളിത് സികർവാർ പറഞ്ഞത്. ‘ സിബിഐ രണ്ടര മണിക്കൂറോളൂം സമയം ഞങ്ങളുടെ വീട്ടിൽ പരിശോധന നടത്തി. ചുവപ്പ് നിറം കണ്ട ഒരു വസ്ത്രം അവർ കണ്ടെടുത്തിട്ടുണ്ട്. ഞങ്ങളുടെ രണ്ട് പേരുടേയും അനുജനായ രവിയുടെ വസ്ത്രമാണ് അത്. അവൻ പെയിന്റ് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. സിബിഐ സംഘം കരുതുന്നതുപോലെ അത് രക്തക്കറയല്ല, - ലളിത് സികർവാർ പറഞ്ഞു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read