വാർത്ത

അവസാനമായി മകളെ ഒരു നോക്ക് കാണാനാവാതെ പിതാവ് ഷാലൻ നീറിപുകയുന്നു; ദേവികയുടെ മരണത്തിന് ശേഷം ആ അമ്മയുടെ കണ്ണുനീർ തോർന്നിട്ടില്ല; മാനസികമായി തളർന്നിരിക്കുന്ന മാതാപിതാക്കളുടെ മൊഴിയെടുക്കാതെ മറ്റാർക്കും പങ്കില്ലെന്ന് ഉറപ്പിക്കാനും കഴിയില്ല; മിഥുൻ പെട്രോൾ വാങ്ങിയ പമ്പ് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്; പ്രണയപ്പകയിൽ എരിഞ്ഞടങ്ങിയ ദേവികയുടെ വീട്ടിൽ കനലടങ്ങുന്നില്ല

കൊച്ചി: പ്രണയ നൈരാശ്യത്തിന്റെ പേരിൽ പാതിരാത്രി വീട്ടിൽ കയറി പെട്രോളൊഴിച്ച് കൊന്ന ദേവികയുടെ മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞ ദിവസവും കഴിഞ്ഞില്ല. മകളുടെ മരണം നേരിൽ കണ്ടതിന്റെ ആഘാതത്തിൽ നിന്ന് മാതാപിതാക്കൾ ഇതുവരെയും മുക്തരായിട്ടില്ല. മകൾ ദേവികയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പിതാവ് ഷാലൻ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. എന്നാൽ മകളുടെ മരണം നേരിൽ കണ്ട് മോഹാലസ്യപ്പെട്ട് വീണ അമ്മ മോളിയെ ഡിസ്റ്റാർജ് ചെയ്തു. മോളിയെ പറവൂരിലെ സ്വന്തം വീട്ടിലേക്കാണ് കൂട്ടികൊണ്ട് പോയത്. അനിയത്തി ദേവകിയെ ശവസംസ്‌കാരത്തിന് പിന്നാലെ തന്നെ പറവൂരിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.

ദേവികയുടെ മരണത്തിന് ദൃക്‌സാക്ഷികളായ മാതാപിതാക്കളുടെ മൊഴിയെടുത്ത ശേഷം മാത്രമേ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് ഉറപ്പാക്കി അന്വേഷണം അവസാനിപ്പിക്കാനാവൂ. എന്നാൽ സംഭവത്തെക്കുറിച്ച് മൊഴി നൽകാനുള്ള മാനസികാവസ്ഥയിൽ അല്ല ദേവികയുടെ മാതാപിതാക്കൾ. മകളെ അവസാനമായി ഒന്നു കാണാൻ പോലുമാവാതെയിരുന്ന പിതാവ് ഷാലൻ നീറിപുകയുകയാണ്. അമ്മ മോളി മകളുടെ അരുംകൊല നേരിൽ കണ്ടതിൽ പിന്നെ കാര്യമായി ഭക്ഷണവും കഴിക്കുന്നില്ല. ദേവികയുടെ മരണത്തിന് പിന്നാലെ ശോകമൂകമായി കിടക്കുകയാണ് അത്താണിയിലെ ഇവരുടെ വീട്.

അതേസമയം ദേവികയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി മരിച്ച മിഥുന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയിരുന്നു. തുടർന്ന് സംഭവ ദിവസം മിഥുൻ സ്വന്തം വീടിന്റെ ചുവരിൽ എഴുതിയ ആത്മഹത്യാ കുറിപ്പും പൊലീസ് പരിശോധിച്ചു. ദേവികയുടെ അമ്മ മോളിയാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന സൂചനയാണ് കുറിപ്പിലുള്ളത്.

എന്നാൽ മിഥുൻ പെട്രോൾ വാങ്ങിയ പമ്പ് കണ്ടെത്തുന്നതിനായി സീപോർട്ട് എയർപോർട്ട് റോഡിലെയും സിവിൾ ലൈൻ റോഡിലെയും പമ്പുകളിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസവും പൊലീസ് പരിശോധിച്ചു. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ.വി.രാജു, എസ്‌ഐ എ.എൻ ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയിലാണ് ദേവികയെ മിഥുൻ വീട്ടിൽ കയറി പെട്രോളൊഴിച്ച് തീകൊളിത്തിയത്. തുടർന്ന് മിഥുനും സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. പ്രണയം നിരസിച്ചതിലുള്ള പകയാണ് അരും കൊലയിലേക്ക് നയിച്ചത്. ഇരുവരും ഇതേ ചൊല്ലി ബുധനാഴ്‌ച്ച വൈകിട്ട് വാക്കുതർക്കം ഉണ്ടായിരുന്നതായി ദേവികയുടെ സഹപാഠിയും പറഞ്ഞിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ദേവിക സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൂടാതെ രക്ഷപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവ് ഷാനലും പെള്ളലേറ്റു.

എന്നാൽ സാരമായി പൊള്ളലേറ്റ മിഥുനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മിഥുൻ പോളിഷിങ് വർക്ക് തൊഴിലാളിയായിരുന്നു. തീപൊള്ളലേറ്റ് മരിച്ച ദേവികയുടെ മൃതദേഹം വ്യാഴാഴ്‌ച്ച വൈകിട്ട് മൂന്നുണിക്ക് ശേഷമാണ് വീട്ടിൽ എത്തിച്ചത്. വലിയ ജനക്കൂട്ടമായിരുന്നു ദേവികയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനായി എത്തിയിരുന്നത്.

MNM Recommends


Most Read