വാർത്ത

കണ്ടെത്തിയ രണ്ട് കോടിക്ക് പുറമേ ബിജുലാൽ തട്ടിയെടുത്തത് 74 ലക്ഷവും; ഈ പണം മോഷ്ടിച്ചത് ഏപ്രിൽ, മെയ് മാസങ്ങളിൽ; പണം വകമാറ്റിയത് ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടുകളിലേക്ക്; തട്ടിപ്പു പണം കൂടുതലും ഉപയോഗിച്ചത് ഓൺലൈൻ റമ്മി കളിക്കാൻ; മോഷ്ടിച്ച പണത്തിൽ നിന്നും ഭാര്യയ്ക്ക് സ്വർണാഭരണവും ഭൂമിയും വാങ്ങി നൽകി; വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും പണംതട്ടിയ പ്രതിയുടെ കുറ്റസമ്മതത്തിൽ ഞെട്ടിയത് ധനകാര്യ വകുപ്പ്; മാസങ്ങൾക്ക് മുമ്പു നടത്തിയ തട്ടിപ്പും വകുപ്പ് അറിഞ്ഞില്ലെന്നത് വൻ വീഴ്‌ച്ച

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ കോടികളുടെ തിരിമറി നടത്തിയ കേസിലെ പ്രതി എം.ആർ. ബിജുലാലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ധനകാര്യ വകുപ്പ്. ഇത് മുമ്പും പലതവണ ഇയാൾ ട്രഷറിയിൽ നിന്നും പണം വകമാറ്റിയിരുന്നെങ്കിലും ഇത് കണ്ടു പിടിച്ചില്ലെന്നത് ഗുരുതര വീഴ്‌ച്ചയാണ്. ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റായിരുന്ന എം.ആർ. ബിജുലാലാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിൽ കുറ്റസമ്മതം നടത്തിയത്. ഉദ്യോഗസ്ഥർ കണ്ടെത്തിയ രണ്ട് കോടിയുടെ തട്ടിപ്പിന് പുറമേ 74 ലക്ഷം രൂപ കൂടി തിരിമറി നടത്തിയതായും ഇയാൾ വെളിപ്പെടുത്തി. പണം എങ്ങനെ ചെലവഴിച്ചു എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഏപ്രിൽ, മെയ് മാസങ്ങളിലായാണ് 74 ലക്ഷം രൂപയുടെ തിരിമറി നടത്തിയത്. പലതവണ ട്രഷറിയിലെ അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയിട്ടുണ്ട്. ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടുകളിലേക്കാണ് ഈ പണം മാറ്റിയത്. തട്ടിയെടുത്ത പണത്തിൽ കൂടുതലും ഓൺലൈൻ റമ്മി കളിക്കാനാണ് ഉപയോഗിച്ചത്. മാത്രമല്ല, ഭൂമിയും സ്വർണവും വാങ്ങിയതായും പ്രതി പറഞ്ഞു. റമ്മി കളിച്ച് താൻ പണം സമ്പാദിച്ചിരുന്നുവെന്നുമാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എന്ന നിലയിൽ ഓഫീസിൽ ബിജുലാലിനു ഉണ്ടായിരുന്ന സ്വാതന്ത്ര്യം മുഴുവൻ ഉപയോഗിച്ച് നടത്തിയ ഓൺലൈൻ റമ്മി കളിയാണ് ബിജുലാലിനെ ചതിച്ചത്.

ഓഫീസ് സമയം കഴിഞ്ഞും മണിക്കൂറുകൾ തന്നെ ബിജുലാൽ വഞ്ചിയൂരെ ഓഫീസിൽ ഇരുന്നു റമ്മി കളിക്കുമായിരുന്നു. ഓഫീസിൽ അധികം സമയം ഇരുന്നു ജോലി ചെയ്യുന്നു എന്ന വ്യാജേനയാണ് ഇയാൾ റമ്മി കളിയിൽ ഏർപ്പെട്ടത്. തനിച്ചിരുന്നുള്ള ഈ ഓൺലൈൻ റമ്മി കളി വൻ സാമ്പത്തിക ബാധ്യത ബിജുലാലിന് വരുത്തിവെച്ചതായാണ് സൂചന. ലക്ഷങ്ങൾ ഇതുവഴിയേ ഒഴുകിപ്പോയി എന്ന് സൂചനയുണ്ട്. പക്ഷെ ഭാര്യയിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും ഇയാൾ എല്ലാം മറച്ചുവെച്ചിരുന്നു. ഓൺലൈൻ റമ്മി കളിയിൽ എത്ര ലക്ഷം നഷ്ടം വന്നുവെന്ന് ബിജുലാലിന് മാത്രമേ അറിയൂ.

മുക്കാൽ ലക്ഷത്തോളം ശമ്പളമുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ബിജുലാൽ. സർക്കാർ സ്‌കൂളിൽ ടീച്ചറായ ഭാര്യയ്ക്കും ഇതിനു അനുബന്ധമായി ശമ്പളമുണ്ട്. റമ്മി കളിയിൽ എത്ര സാമ്പത്തിക ബാധ്യത വന്നും എന്തുകൊണ്ട് രണ്ടു കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന കാര്യം അറസ്റ്റിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. ബാലരാമപുരം ഉച്ചക്കടയിലെ ബിജുലാലിന്റെ വീട്ടിനോട് ചേർന്ന് സഹോദരിക്ക് നാല് സെന്റ് സ്ഥലമുണ്ട്. സ്വന്തം വീടിനോടു ചേർന്നുള്ള സ്ഥലം ആയതിനാൽ ഈ നാല് സെന്റ് തനിക്ക് നൽകണം എന്ന് ബിജുലാൽ ആവശ്യപ്പെട്ടിരുന്നു. സഹോദരിയുമായി നല്ല ബന്ധം നിലനിൽക്കുന്നതിനാൽ ഈ സ്ഥലം ബിജുലാൽ പറയുന്ന പണത്തിനു നൽകാൻ സഹോദരി തയ്യാറുമായിരുന്നു. ഈ സ്ഥലത്തെക്കുറിച്ച് ബിജുലാൽ പറഞ്ഞപ്പോൾ ഒരു വില പറഞ്ഞു സ്ഥലം എടുത്തുകൊള്ളാൻ ആണ് സഹോദരി പറഞ്ഞത്. ഒരു തുക ഞാൻ അഡ്വാൻസ് നൽകും. അതിനു ശേഷം പിന്നീട് മുഴുവൻ പണവും നൽകാം എന്നാണ് പറഞ്ഞിരുന്നത്.

ഓണത്തിനു മുഴുവൻ പണവും കൈമാറാം എന്നാണ് പറഞ്ഞത്. പക്ഷെ എന്ത് വിലയാണ് സ്ഥലത്തിനു നൽകുന്നതെന്നു സഹോദരിയോട് വ്യക്തമാക്കിയിരുന്നില്ല. ട്രഷറി തട്ടിപ്പ് വഴി ലഭിച്ച വൻ തുക എന്ത് ചെയ്യണം എന്ന് പോലും ബിജുലാലിന് ധാരണയില്ലായിരുന്നു എന്ന സൂചനകൾ പ്രബലമാണ്. അക്കൗണ്ടിൽ നിന്ന് അക്കൗണ്ടുകളിലേക്ക് തുകകൾ ബിജുലാൽ മാറ്റിക്കൊണ്ടിരുന്നു. ഒന്നര കോടിയോളം രൂപ സ്വന്തം അക്കൗണ്ടിൽ നിലനിർത്തിയപ്പോൾ കുറച്ച് ലക്ഷങ്ങൾ ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. അതിനു ശേഷം ഭാര്യയുടെ അക്കൗണ്ടിൽ നിന്നും ഈ തുക വേറെ ഒരു അക്കൗണ്ടിലേക്ക് മാറ്റി. ഈ തുകയിൽ നിന്നാണ് അഞ്ച് ലക്ഷമോ മറ്റോ സഹോദരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. സ്ഥലത്തിനുള്ള അഡ്വാൻസ് എന്ന നിലയിലാണ് ഈ തുക മാറ്റിയത്. അക്കൗണ്ടിലേക്ക് തുകകൾ വന്നത് ഭാര്യയോ സഹോദരിയോ അറിഞ്ഞില്ലെന്നും സൂചനയുണ്ട്.

അദ്ധ്യാപികയാണ് ബിജു ലാലിന്റെ സഹോദരി. കുറച്ചു മുൻപ് അവരുടെ ഭർത്താവ് മരിച്ചിരുന്നു. ഭർത്താവിനും സർക്കാർ സർവീസിൽ തന്നെയായിരുന്നു ജോലി എന്നാണ് അറിയാൻ കഴിഞ്ഞത്. ബിജുലാലിനെ പോലെ സാമ്പത്തിക കുഴപ്പങ്ങൾ ഇല്ലാത്ത കുടുംബമാണ് സഹോദരിയുടേതും. അതുകൊണ്ട് തന്നെ സ്ഥലത്തിന്റെ കാര്യത്തിൽ സഹോദരി ബിജുലാലിനോട് കടുംപിടുത്തം പിടിച്ചിരുന്നില്ല. പക്ഷെ ഈ സ്ഥലം വാങ്ങാൻ വേണ്ടി തട്ടിപ്പ് നടത്തേണ്ട അവസ്ഥ ഇയാൾക്ക് വന്നിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തികമായി കുഴപ്പം ഇല്ലാത്ത അവസ്ഥയിൽ എന്തുകൊണ്ട് സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന വിധത്തിലുള്ള സാമ്പത്തിക തട്ടിപ്പിന് ബിജുലാൽ തയ്യാറായി എന്നതാണ് കുടുംബാംഗങ്ങളിൽ നിന്നും ഉയർന്ന ചോദ്യം. ഓൺലൈൻ റമ്മി കളിപോലെ ടിക് ടോക് താരവുമായിരുന്നു ബിജുലാൽ. ഭാര്യയും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോയും ബിജുലാൽ പാട്ടുകൾ പാടുന്ന വീഡിയോയുമെല്ലാം പ്രചാരത്തിലുണ്ട്. ഈ വീഡിയോകൾ വഴിയാണ് ഈ ദമ്പതികളെ പലരും തിരിച്ചറിഞ്ഞത്.

ബാലരാമപുരം ഉച്ചക്കടയിലാണ് ബിജുലാലിന്റെ കുടുംബവീട് എങ്കിലും കരമനയിലാണ് ബിജുലാലും ഭാര്യയും വാടകവീട് എടുത്ത് താമസിക്കുന്നത്. ഓഫീസിൽ പോയി വരേണ്ട സൗകര്യം നോക്കിയാണ് ഇവർ ഇരുവരും കൂടി കരമനയിൽ വാടകവീട് എടുത്ത് താമസം തുടങ്ങിയത്. തട്ടിപ്പുവാർത്ത പുറത്തുവന്നതിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ഒളിവിൽപോയ എം.ആർ. ബിജുലാലിനെ വഞ്ചിയൂർ കോടതിക്ക് പിറകിലെ ഒരു അഭിഭാഷകന്റെ ഓഫീസിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ കീഴടങ്ങാൻ വന്ന ഇയാളെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അന്വേഷണസംഘമെത്തി പിടികൂടുകയായിരുന്നു. ട്രഷറിയിൽനിന്ന് പണം തട്ടിയിട്ടില്ലെന്നും ഓൺലൈൻ റമ്മി കളിച്ചുണ്ടാക്കിയ പണമാണ് അക്കൗണ്ടിലുള്ളതെന്നുമായിരുന്നു പിടിയിലായ വേളയിൽ ഇയാൾ പറഞ്ഞത്.

ഏകദേശം രണ്ട് കോടിയോളം രൂപ ബിജുലാൽ ട്രഷറിയിൽനിന്ന് തട്ടിയെടുത്തെന്നാണ് നേരത്തെ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ കൂടുതൽ തവണ പണം തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലോടെ വിശദമായ അന്വേഷണം നടത്തിയേക്കും. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ ബിജുലാലിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. കേസിൽ പ്രതി മുൻകൂർജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read