വാർത്ത

യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം: രണ്ടു വർഷത്തിനിടെ ഏറ്റുമുട്ടലിൽ വെടിവെച്ച് കൊന്നത് 103 ക്രിമിനലുകളെ: കണക്ക് എണ്ണിപറഞ്ഞ് മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുപി പൊലീസ്

ലക്നൗ : യുപിയിൽ പീഡന കൊലപാതക കേസുകൾ വർദ്ധിക്കേ പൊലീസ് ഉറക്കത്തിലാണെന്ന ബിഎസ്‌പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുപി പൊലീസ്. രണ്ടു വർഷത്തിനിടെ 103 ക്രിമിനലുകളെയാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് കണക്കുകൾ പറയുന്നു. കുറ്റവാളികളയായ 103 പേരെ രണ്ടു വർഷത്തിനിടയിൽ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന് ഉത്തർപ്രദേശ് പൊലീസിന്റെ വെളിപ്പെടുത്തൽ.

ഹൈദരാബാദ് ഏറ്റുമുട്ടൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ബിഎസ്‌പി നേതാവ് മായാവതി യുപി പൊലീസിനെ പരിഹസിച്ചതിനെ തുടർന്നാണ് ട്വിറ്ററിലൂടെ പൊലീസിന്റെ മറുപടി എത്തിയത്. യുപി പൊലീസ് കുറ്റവാളികളെ സംസ്ഥാന അതിഥികളായി പരിഗണിക്കുകയാണെന്നു കുറ്റപ്പെടുത്തിയ മായാവതി, തെലങ്കാന പൊലീസിനെ കണ്ടുപഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടർന്നാണ്, 2 വർഷത്തിനിടെ 5178 ഏറ്റുമുട്ടലുകളിൽ 103 കുറ്റവാളികൾ കൊല്ലപ്പെടുകയും 1859 പേർക്കു പരുക്കേൽക്കുകയും ചെയ്തെന്ന് പൊലീസ് വെളിപ്പെടുത്തിയത്. യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള കണക്കാണിത്. കാട്ടുനീതി എന്നതു പഴങ്കഥയാണെന്നും ഇനിമേൽ അതുണ്ടാകില്ലെന്നും ട്വീറ്റിൽ പറ‍ഞ്ഞിട്ടുണ്ട്. എന്നാൽ, യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലേറിയത് മുതൽ ശക്തമായ നടപടികളാണ് ക്രിമിനലുകൾക്കെതിരെ സ്വീകരിച്ചത്. ഇതിന്റെ പേരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന ആരോപണം വരെ ഉയർന്നെങ്കിലും യുപി പൊലീസിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്.

ഹൈദരാബാദിൽ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിക്കെതിരെ സുപ്രീംകോടതിൽ ഹർജികൾ എത്തിയിരുന്നു. ഇന്നലെ ഉന്നവോ കേസിലെ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികൾ തീ കൊളുത്തി കൊന്ന സംഭവത്തിൽ ഉത്തർപ്രദേശിൽ പ്രതിഷേധം തുടരുകയാണ്. യുപി സർക്കാർ ക്രിമിനമലുകളെ അതിഥികളെ പോലാണ് കാണുന്നതെന്ന് മായാവതി കൂട്ടിച്ചേർത്തിരുന്നു. അതിന് പിന്നാലെയാണ് യുപി പൊലീസിന്റെ കണക്കുകൾ പുറത്തുവന്ന് ഏറെ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read