വാർത്ത

ഒരു സംസ്ഥാനമൊന്നാകെ തെരുവിലിറങ്ങിയപ്പോൾ സുപ്രീംകോടതി നിരോധിച്ച ജെല്ലിക്കെട്ട് യാഥാർത്ഥ്യമാകുന്നു; സുപ്രീംകോടതിയുടെ നിരോധനം പ്രത്യേക ഓർഡിനൻസ് ഇറക്കി മറികടന്ന് തമിഴ്‌നാട് സർക്കാർ; നാളെ രാവിലെ പത്തിന് മധുരയിൽ തമിഴരുടെ സാംസ്‌കാരിക മൃഗവിനോദം അരങ്ങേറുമെന്നും പ്രഖ്യാപനം

ചെന്നൈ: മധുരയിൽ നാളെ ജെല്ലിക്കെട്ട് നടത്താനുള്ള തീരുമാനവുമായി തമിഴ്‌നാട് സർക്കാർ മുന്നോട്ട്. ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ഒ. പനീർസെൽവം മധുരയിലേക്ക് തിരിച്ചു. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ജെല്ലിക്കെട്ട് സംഘടകരുമായും ജില്ലാ അധികൃതരുമായും കൂടിക്കാഴ്ച നടത്തി. ജെല്ലിക്കെട്ട് മൈതാനങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി.

സുപ്രീംകോടതി നിരോധനം മറികടക്കാൻ പ്രത്യേക ഓർഡിനൻസ് ഇറക്കിയാണ് തമിഴ്‌നാട് ജെല്ലിക്കെട്ടു നടത്തുന്നത്. തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി.എച്ച് വിദ്യാസാഗർ ഓർഡിനൻസിൽ ഒപ്പുവച്ചു. ഇതോടെ ജെല്ലിക്കെട്ട് നടത്താനുള്ള നിയമപരമായ തടസങ്ങൾ നീങ്ങിയെന്നാണ് തമിഴ്‌നാട് സർക്കാർ കരുതുന്നത്.

നാളെ രാവിലെ പത്തിന് മധുര പാലമേട്ടിലായിരിക്കും ജെല്ലിക്കെട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലും ജെല്ലിക്കെട്ട് നടത്തുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രി പനീർ ശെൽവം മധുരയിൽ നടക്കുന്ന ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തേക്കും.

ജെല്ലിക്കെട്ടിന് അനുമതി നല്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലുടനീളം വൻ പ്രക്ഷോഭമാണ് ദിവസങ്ങളായി നടന്നുവരുന്നത്. സിനിമാ- സാംസ്‌കാരിക പ്രവർത്തകരും രാഷ്ട്രീയക്കാരും വിദ്യാർത്ഥി സംഘടനകളുമെല്ലാം ജെല്ലിക്കെട്ടിനെ അനുകൂലിച്ച് രംഗത്തുണ്ട്. ക്ലാസ്സുകൾ ബഹിഷ്‌കരിച്ച് വിദ്യാർത്ഥികളും ജോലി സ്ഥലങ്ങളിൽനിന്ന് യുവതീ യുവാക്കളും തെരുവിലിറങ്ങി. ഒരു സംസ്ഥാനമൊന്നാകെ തെരുവിലിറങ്ങുന്ന കാഴ്ചയാണു കണ്ടത്. ചെന്നൈ മറീന ബീച്ചിലേക്കു മാത്രം ഇന്നലെ അഞ്ചു ലക്ഷം പേരാണ് ഒഴുകിയെത്തിയത്.

ജെല്ലിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സംരക്ഷിക്കണമെന്നും നിഷ്‌കർഷിക്കുന്ന തമിഴ്‌നാട് സർക്കാരിന്റെ ഓർഡിനൻസിന് ഇന്നലെ കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നൽകിയിരുന്നു. കേന്ദ്ര സാംസ്‌കാരിക, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയും ഓർഡിനൻസിന് ലഭിച്ചു.

പരമ്പരാഗത കായിക ഇനമാണ് ജെല്ലിക്കെട്ട് എന്നാണ് തമിഴ്‌നാട് സർക്കാരിന്റെ വാദം. ഈ വാദമാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. അതേസമയം, ചില ഭേദഗതികളോടെയാണ് നിമയവകുപ്പ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വ്യവസ്ഥകൾ ഓർഡിനൻസിൽ നിലനിർത്തിയിട്ടുണ്ട്.

അതേസമയം, തമിഴ്‌നാടിന്റെ നിയമ നിർമ്മാണം നിലനിൽക്കുന്നതല്ലെന്നാണ് നിയമ വിദഗ്ധരുടെ നിലപാട്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൊണ്ടുവരുന്ന ഓർഡിനൻസ് നിയമപരമായി നിലനിൽക്കില്ല. തമിഴ്‌നാട്ടിൽ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുകയാണ് വേണ്ടത്. ജെല്ലിക്കെട്ട് നിർത്തിയതുകൊണ്ട് സ്വർഗ്ഗം ഇടിഞ്ഞുവീഴില്ലെന്നും മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി പ്രതികരിച്ചു.

ഓർഡിനൻസിനെ സുപ്രിംകോടതിയിൽ ചോദ്യം ചെയ്യുമെന്നാണ് മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ നിലപാട്. കേന്ദ്ര മൃഗസംരക്ഷണ ബോർഡും ഓർഡിനൻസിനെതിരെ നിലപാടെടുക്കും. ഓർഡിനൻസിന്റെ ഭരണഘടനാപരമായ നിലനിൽപ്പിന് അനുസരിച്ചാവും ജെല്ലിക്കെട്ടിന്റെയും നിയമസാധുത.

നാലുവർഷം മുൻപു യുപിഎ സർക്കാരാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. അന്ന് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും കോടതിയുടെ മാർഗനിർദ്ദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ ജെല്ലിക്കെട്ട് നടത്തുകയുമായിരുന്നു. പിന്നീട് 2014ൽ പെറ്റയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി സ്ഥിരമായി നിരോധനം ഏർപ്പെടുത്തുകയായിരുന്നു.

ജെല്ലി, കെട്ട് എന്നീ വാക്കുകളിൽനിന്നുള്ള പേര്. കാളയുടെ കൊമ്പിൽ കെട്ടിവച്ച സവ്രണം വെള്ളി നാണയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. തമിഴ് ക്ലാസിക്കുകളിൽ യോദ്ധാക്കളുടെ കായികവിനോദം ആണിത്. ബിസി 400-100 മുതൽ പ്രചാരത്തിൽ. പൊങ്കലിനോടനുബന്ധിച്ചു കൊണ്ടാടുന്നു. ചെറിയ ഇടവഴിയിലൂടെ മൈതാനത്തേക്കു കുതിച്ചെത്തുന്ന കാളയെ മുതുകിൽ പിടിച്ചു കീഴ്പ്പെടുത്തുകയോ ഫിനിഷിങ് ലൈൻ കടക്കുന്നതുവരെ കാളയുടെ മുതുകിൽപിടിച്ചു തൂങ്ങി നിൽക്കുകയോ ചെയ്യുന്നവർ ജേതാക്കൾ.

MNM Recommends


Most Read