വാർത്ത

മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടലിനിടെ രക്ഷപെട്ട മാവോയിസ്റ്റുകൾ പിടിയിലായത് കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്നും; തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുടെ പിടിയിലായ മാവോയിസ്റ്റുകളിൽ നിന്നും പിടിച്ചെടുത്തത് നാടൻ തോക്കും വെടിയുണ്ടകളും രേഖകളും; ചന്ദ്രുവിൽ നിന്നും ശ്രീമതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പൊലീസും

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുടെ പിടിയിലായി. മാവോയിസ്റ്റുകൾക്ക് ആയുധപരിശീലനം നൽകിയിരുന്ന ദീപക് (ചന്ദു), ശ്രീമതി എന്നിവരെയാണ് കേരളാ-തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിൽനിന്ന് പിടികൂടിയത്. ശ്രീമതിയെയും ദീപക്കിനെയും എസ്.ടി.എഫ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിനു കൈമാറും. അതിനു ശേഷമേ ഇവരെ കേരളാ പൊലീസിന് ലഭിക്കൂ. ഇരുവരെയും ജീവനോടെ പിടികൂടാൻ സാധിച്ചതിനാൽ ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ പൊലീസിന് ശേഖരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നാടൻ തോക്കും വെടിയുണ്ടകളും രേഖകളും പൊലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ശ്രീമതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. ഇത് അനുസരിച്ച് ശ്രീമതിയുടെ ബന്ധുക്കൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തി. എന്നാൽ മൃതദേഹം ശ്രീമതിയുടേതല്ലെന്ന് തിരിച്ചറിയുകയായിരുന്നു. ഛത്തീസ്‌ഗഢ് സ്വദേശിയാണ് ദീപക്. പശ്ചിമഘട്ട മേഖലയിലെ മാവോയിസ്റ്റുകൾക്ക് ദീപക്കാണ് ആയുധ പരിശീലനം നൽകിയിരുന്നത്. ദീപക് ആയുധപരിശീലനം നൽകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. പിടിയിലായത് ഛത്തീസ്‌ഗഢ് സ്വദേശി ദീപക് എന്ന ചന്ദ്രു തന്നെയാണെന്ന് പ്രത്യേക ദൗത്യസേനയുടെ ചുമതലയുള്ള എഡിജിപി സുനിൽ കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read