വാർത്ത

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ല; എഐസിസി പണം നൽകുന്നില്ല; പുരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി

ഭുവനേശ്വർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന കാരണത്താൽ പുരി ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിന്മാറിയത്. മത്സരിക്കാൻ പണമില്ലെന്നും എഐസിസി പണം നൽകുന്നില്ലെന്നും സുചാരിത തുറന്നടിച്ചു. മെയ് 25 നാണ് പുരിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്. മെയ് 6 നാണ് നോമിനേഷൻ നൽകാനുള്ള അവസാന തിയ്യതിയെന്നിരിക്കെ സ്ഥാനാർത്ഥി നടത്തിയ പിന്മാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്ത സാഹചര്യത്തിൽ മത്സരിക്കാൻ പാർട്ടിയിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്നാണ് ചാരിത മൊഹന്തി പറയുന്നത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുന്നുവെന്ന് കാണിച്ച് പാർട്ടിക്ക് വെള്ളിയാഴ്ച മെയിൽ അയച്ചിരുന്നു.

നേരത്തെ മത്സരിക്കുന്നതിന് സംഭാവന സ്വീകരിക്കാൻ ക്രൌണ്ട് ഫണ്ടിങ് കാംപെയിൽ ആരംഭിച്ചിരുന്നു. യുപിഐ ക്യൂ ആർ കോഡുകളും സുചാരിത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ രീതിയിലൊന്നും ഫണ്ട് കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് മത്സരത്തിൽ നിന്നും പിന്മാറുന്നതെന്നും സുചാരിത അറിയിച്ചു.

പൊതുജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചിട്ടും, ചെലവുചുരുക്കൽ ഉൾപ്പെടെയുള്ള ശ്രമങ്ങൾ നടത്തിയിട്ടും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടേണ്ടി വരികയാണെന്നും പ്രചാരണം നടത്താൻ സാധിക്കുന്നില്ലെന്നും സുചാരിത അറിയിച്ചു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജു ജനതാദളിന്റെ (ബിജെഡി) പിനാകി മിശ്രയോട് ഇവർ പരാജയപ്പെട്ടിരുന്നു. ''പാർട്ടി എനിക്കു ഫണ്ട് നിഷേധിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ദുർബലരായ സ്ഥാനാർത്ഥികൾക്കാണു ടിക്കറ്റ് കൊടുത്തിരിക്കുന്നത്. ബിജെപിയും ബിജെഡിയും പണക്കൊഴുപ്പിന്റെ പ്രദർശനം നടത്തുകയാണ്. ഞാൻ അപ്രകാരം മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല'' മൊഹന്തി പറയുന്നു.

ആളുകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചാരണമാണു താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ ഫണ്ടില്ലായ്മ മൂലം അതിനുപോലും സാധിക്കുന്നില്ല. ഇക്കാര്യത്തിൽ പാർട്ടിയും ഉത്തരവാദിയല്ല. ബിജെപി സർക്കാർ പാർട്ടിയെ മുട്ടുകുത്തിച്ചിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

മെയ്‌ മൂന്നിന് കെ.സി. വേണുഗോപാലിനു നൽകിയ കത്തിൽ ഫണ്ട് അനുവദിക്കാത്തതുകൊണ്ടു പ്രചാരണം ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർട്ടി ഫണ്ട് ലഭിക്കാതെ പ്രചാരണം തുടരാനാകില്ലെന്നും അതുകൊണ്ടു താൻ മത്സരരംഗത്തുനിന്നു പിൻവാങ്ങുകയാണെന്നും അവർ കത്തിൽ വ്യക്തമാക്കുന്നുണ്ട്. മെയ്‌ 13, 20, 25 ജൂൺ ഒന്ന് തീയതികളിലായിട്ടാണ് ഒഡിഷയിൽ വോട്ടിങ് നടക്കുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read