വാർത്ത

തെലങ്കാനയിൽ തിരിച്ചുവരവിന് കോൺഗ്രസ് നീക്കം; വൈ.എസ്.ശർമിളയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ.ശിവകുമാർ; വൈഎസ്ആർ തെലങ്കാന പാർട്ടിയുമായി സഖ്യനീക്കമെന്ന് സൂചന

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയിൽ തിരിച്ചുവരവിന് ഒരുങ്ങി കോൺഗ്രസ്. വൈ.എസ്.ശർമിളയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ തെലങ്കാന പാർട്ടിയുമായി (വൈഎസ്ആർടിപി) സഖ്യമുണ്ടാക്കാനാണ് കോൺഗ്രസ് നീക്കം.

ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ വൈ.എസ്.ശർമിളയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ കൂടിക്കാഴ്ച നടത്തി. ശിവകുമാറിന്റെ ബെംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

കർണാടക ഉപമുഖ്യമന്ത്രിയായി ശിവകുമാർ ചുമതലയേറ്റ ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ശിവകുമാറിനെ ശർമിള നേരത്തെ അഭിനന്ദിച്ചിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് ശർമിള മെയ്‌ 17ന് പ്രതികരിച്ചിരുന്നു. 'ഞങ്ങൾക്ക് കെസിആറിനെ (തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു) ആവശ്യമില്ലാത്തതിനാൽ ആരുമായും ചർച്ചകൾക്ക് തയാറാണ്' എന്നായിരുന്നു അവരുടെ പ്രതികരണം.

വൈ.എസ്. ശർമിളയെ പാർട്ടിയിലെത്തിക്കാനുള്ള നീക്കം കോൺഗ്രസ് നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു നീക്കം. കോൺഗ്രസ് ഹൈക്കമാൻഡ്,പ്രത്യേകിച്ച് പ്രിയങ്കയുടെ ടീം ഷർമിളയുമായി ബന്ധപ്പെട്ടിരുന്നു.

ആന്ധ്രപ്രദേശിൽ നേരത്തെ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ അത് അവസാനിപ്പിച്ചിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read