വാർത്ത

നോട്ടുനിരോധനത്തിനു പിന്നാലെ 5.7 കോടി വെളുപ്പിച്ചെടുത്ത കർണാടക മന്ത്രി ഉടൻ അറസ്റ്റിലായേക്കും; കള്ളപ്പണം പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളാക്കി മാറ്റിയെടുത്തതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി; മറ്റൊരു മന്ത്രിക്കും ഇടപാടിൽ പങ്കെന്ന് ആരോപണം

ബംഗളൂരു: നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം വന്നതിനു പിന്നാലെ അഞ്ചുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കുകയും അതെല്ലാം 2000 രൂപയുടെ നോട്ടുകളാക്കി മാറ്റിയെടുക്കുകയും ചെയ്ത കർണാടക മന്ത്രി ഉടൻ അറസ്റ്റിലായേക്കുമെന്ന് റിപ്പോർട്ടുകൾ. മന്ത്രിയെ അറസ്റ്റുചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുമതി തേടിയതായും ഉടൻ അറസ്റ്റുണ്ടാകുമെന്നുമാണ് വാർത്തകൾ.

മന്ത്രി അഞ്ചുകോടി വെളുപ്പിച്ചെടുത്തുവെന്ന വിവരം മറ്റു മന്ത്രിമാർക്കും അറിയാമായിരന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് സൂചനകൾ നൽകിയതോടെ കർണാടകത്തിലെ സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് ചീത്തപ്പേരുണ്ടാകുമെന്ന് ഉറപ്പായി. നിയമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും എന്നാൽ, ഏതു മന്ത്രിയാണ് അറസ്റ്റ് നേരിടുന്നതെന്നു ഇപ്പോൾ വ്യക്തമാക്കുന്നില്ലെന്നും എൻഫോഴ്‌സ്‌മെന്റിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

കർണാടക സ്റ്റേറ്റ് ഹൈവേസ് ഡവലപ്‌മെന്റ് ചീഫ് പ്രോജക്ട് ഓഫീസർ എസ്.സി ജയചന്ദ്ര വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ അന്വേഷണം നടത്തിയത്. 5.7 കോടി രൂപയുടെ പുതിയ നോട്ടുകൾ മന്ത്രിയുടെ പക്കലുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റ് സ്ഥിരീകരിച്ചതായാണ് വിവരം. രണ്ടു മന്ത്രിമാർക്കെതിരെയാണ് ഒരു കേസിൽ അറസ്റ്റിലായ ജയചന്ദ്ര വിവരങ്ങൾ നൽകിയത്. ഇയാൾ ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. എന്നാൽ ഒരു മന്ത്രിക്കെതിരെ മാത്രമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവ് ലഭിച്ചത്.

കള്ളപ്പണം തടയുന്നതിനുള്ള നിയമപ്രകാരം കഴിഞ്ഞ തിങ്കളാഴ്ചയാണ് ജയചന്ദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നവംബർ എട്ടിന് ശേഷമാണ് രണ്ടു മന്ത്രിമാർ ചേർന്ന് കള്ളപ്പണം വെളുപ്പിച്ചതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്. ജയചന്ദ്രയേയും കാവേരി നീരവാരി നിഗം ലിമിറ്റഡ് എംഡി ചിക്കരായപ്പയേയും അടുത്തിടെയാണ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കേസിൽ ഉൾപ്പെട്ടതോടെ സസ്‌പെൻഡ് ചെയ്തത്. ഇതിനു പിന്നാലെ എൻഫോഴ്‌സ് മെന്റ് നടത്തിയ ചോദ്യംചെയ്യലിലാണ് മന്ത്രിമാരുടെ കള്ളപ്പണം വെളുപ്പിക്കലിനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

രണ്ടു മന്ത്രിമാർക്ക് പങ്കുണ്ടെന്നു തന്നെയാണ് എൻഫോഴ്‌സ്‌മെന്റ് സംശയിക്കുന്നത്. അതേസമയം ഒരു മന്ത്രിയുടെ പങ്കിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഒരു ബാങ്ക് മാനേജർ, പിഡബഌ ഡി ഇറിഗേഷൻ കരാറുകാർ, രണ്ട് ബിസിനസുകാർ എന്നിവരുടെ പണം വെളുപ്പിക്കലിനെ സംബന്ധിച്ചും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

MNM Recommends


Most Read