കൂടുതൽ

മമ്മൂട്ടിയും മോഹൻലാലും റഹ്മാനും മുഖ്യവേഷങ്ങളിൽ എത്തിയ പത്മരാജൻ ചിത്രം 'കരിയിലക്കാറ്റുപോലെ' അടക്കം അഞ്ച് സിനിമകളുടെ കഥാകൃത്ത്; 80കളിൽ മലയാളക്കരയെ ത്രസിപ്പിച്ച നോവലിസ്റ്റ്; തറ പൈങ്കിളി മൽസരത്തിൽനിന്ന് മാറി കലാമൂല്യമുള്ള നോവലുകൾ രചിച്ചു; ഒപ്പം നിരവധി മെഗാ സീരിയലുകളും; ആധുനിക മുട്ടത്തുവർക്കി എന്ന് പേരുകേട്ട സുധാകർ മംഗളോദയം ഓർമ്മയാവുമ്പോൾ

തിരുവനന്തപുരം:' ആധുനിക മുട്ടത്തുവർക്കി.'-അന്തരിച്ച സുധാകർ പി നായർ എന്ന സുധാകർ മംഗളോദയം എന്ന നോവലിസ്റ്റിനെ ഒറ്റവാക്കിൽ അങ്ങനെ വിലയിരുത്താം. ടെലിവിഷൻ സീരിയലുകൾ കാര്യമായി ഇല്ലാതിരുന്ന, ദൂരദർശന്റെ മാത്രം ആധിപത്യമുള്ള ഒരു കാലത്ത് ജനപ്രിയ നോവലുകളുടെ സൂപ്പർ സ്റ്റാർ ആയിരുന്നു സുധാകർ മംഗളോദയം. 'സുധാകർ മംഗളോദയം' എഴുതുന്നു എന്ന ഒറ്റ അനൗൺസുമെന്റ് കൊണ്ടുതന്നെ മനോരമ ആഴ്ചപ്പതിപ്പും, മംഗളം വാരികയുമൊക്കെ ചൂടപ്പം പോലെ വിറ്റുപോയി. എന്നാൽ മാത്യുമറ്റമൊക്കെ ഉയർത്തിക്കൊണ്ടുവന്നപോലെ തറപൈങ്കിളിയായിരുന്നില്ല അദ്ദേഹത്തിന്റെ നോവലുകൾ. ജോയ്സിയും സുധാകർ മംഗളോദയവും മാത്രമായിരുന്നു, 90കളുടെ പകുതിവരെ ശക്തമായ സാന്നിധ്യമായ പൈങ്കിളി നോവൽ തരംഗത്തിൽ വേറിട്ട് ചിന്തിച്ചത്.

പക്ഷേ ഇത്തരം പൾപ്പ് ഫിക്ഷനുകളിൽ സുധാകർ തളച്ചിട്ടുപോയതുകൂടിയായിരുന്നു സുധാകറിന്റെ പ്രതിഭ. പത്മാരജന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും റഹ്മാനും മുഖ്യവേഷത്തിൽ എത്തിയ 'കരിയലിയക്കാറ്റുപോലെ' എന്ന ഒറ്റചിത്രം കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ പ്രതിഭ. ഒരുഫാമിലി ഓറിയൻഡഡ് സസ്പെൻസ് ത്രില്ലറായിരുന്നു ഈ ചിത്രം. പ്രസിദ്ധ സിനിമാ സംവിധായകനായ ഹരികൃഷ്ണൻ (മമ്മൂട്ടി) തന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നു. അന്നത്തെ കാലത്ത് തുടക്കത്തിൽ തന്നെ മമ്മൂട്ടി മരിക്കുന്ന ചിത്രങ്ങൾ തന്നെ അപൂർവമായിരുന്നു.

സംഭവസ്ഥലത്തു നിന്നും കിട്ടുന്ന തൂവാലയും ചപ്പലും കൊലപാതകി ഒരു സ്ത്രീയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ ചുമതലയുള്ള ഡി വൈ എസ്ഇ പി അച്യുതൻകുട്ടിയെ (മോഹൻലാൽ) എത്തിക്കുന്നു. ഹരികൃഷ്ണന്റെ ഭാര്യയായ രാഗിണിയെയും (ജലജ), അദ്ദേഹം വളർത്തി കൊണ്ടുവന്ന സിനിമാനടിയെയും അച്യുതൻകുട്ടി ചോദ്യം ചെയ്യുന്നു. പക്ഷേ അവരിൽ നിന്നും പ്രത്യേകിച്ച് തുമ്പൊന്നും കിട്ടുന്നില്ല. ഹരികൃഷ്ണന്റെ ഡയറിയിൽ നിന്നും ചില കുറിപ്പുകളും ഒരു കത്തും ഒരു പഴയ ഫോട്ടോയും അച്യുതൻകുട്ടിക്കു ലഭിക്കുന്നു. അവ മുൻനിർത്തി നടത്തുന്ന അന്വേഷണത്തിൽ ഹരികൃഷ്ണന്റെ പഴയ കാമുകിയായ പാർവ്വതിയിലേക്ക് (ഉണ്ണിമേരി) സംശയം നീളുന്നു.

പാർവതി ഇപ്പോൾ ഭഗിനിസേവാമയി എന്നാ പേരിൽ സന്യാസം സ്വീകരിച്ചു കഴിയുകയാണ്. അവരെ അറസ്റ്റ് ചെയ്യുന്നതോടെ അപ്രതീക്ഷിതമായ ചില വെളിപ്പെടുത്തലുകൾ നടക്കുന്നു. അച്യുതൻകുട്ടിയുടെ സഹോദരനായ അനിൽ കുമാറിന്റെ (റഹ്മാൻ) കാമുകിയായ ശില്പയും (കാർത്തിക), അവരുടെ അമ്മയായ തുളസിയും (ശ്രീപ്രിയ) ഈ കേസുമായി ബന്ധപ്പെടുന്നു. ഒടുവിൽ യഥാർത്ഥ പ്രതിയെ കണ്ടെത്തുമ്പോൾ അതിന് അച്യുതൻകുട്ടി കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ഈ രീതിയിൽ വ്യത്യസ്തമായി കഥ എഴുതാൻ കഴിയുന്ന ഒരു മനുഷ്യനാണ് പൈങ്കിളി നോവലുകളിൽ തളച്ചിടപ്പെട്ടത്.

കരിയിലക്കാറ്റ് പോലെ എന്ന സിനിമയുടെ കഥയ്ക്ക് സുധാകർ പി നായർ എന്ന യഥാർത്ഥ പേരിലാണ് ക്രെഡിറ്റ് നൽകിയിരിക്കുന്നത്. വസന്തസേന, നന്ദിനി ഓപ്പോൾ, കളിയൂഞ്ഞാൽ എന്നീ സിനിമകളുടെയും കഥ സുധാകർ മംഗളോദയത്തിന്റേതാണ്. പക്ഷേ അവയൊന്നും 'കരിയിലക്കാറ്റുപോലെ' ശ്രദ്ധിക്കപ്പെട്ടില്ല. നന്ദിനി ഓപ്പോൾ അന്നത്തെകാലത്ത് തരംഗം തീർത്ത നോവൽ ആണെങ്കിലും ചലച്ചിത്രം എന്ന നിലയിൽ നന്നായില്ല. 'ഞാൻ ഏകനാണ്' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹത്തിന്റെയാണ്.

പക്ഷേ സുധാകർ മംഗളോദയം എന്ന പേര് അരക്കിട്ട് വായനക്കാരിൽ ഉറപ്പിച്ചത് അദ്ദേഹത്തിന്റെ തുടരൻ നോവലുകൾ ആയിരുന്നു. 'അയാൾ കഥയെഴുതുകയാണ്' എന്ന മോഹൻലാൽ ചിത്രത്തിലെ സാഗർ കോട്ടപ്പുറത്തിനെപ്പോലെ അദ്ദേഹം നോവലുകൾ എഴുതിത്ത്തള്ളി. പ്രമുഖ 'മ' വാരികകൾ സുധാകറിന്റെ കൈയെഴുത്ത് പ്രതിക്കായി വീട്ടിനുമുന്നിൽ കാവൽ കെട്ടിക്കിടന്ന കാലം ഉണ്ടായിരുന്നു.

പാദസ്വരം, നന്ദിനി ഓപ്പോൾ, അവൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാൽ, വസന്തസേന, ഹംസതടാകം, വേനൽവീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീല നിലാവ്, പത്നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങൾ, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവിൽ, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, ആൾത്താര, ഓട്ടുവള, തില്ലാന, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.

സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്നങ്ങളേയും കടുംവർണങ്ങളിൽ പരത്തിപ്പറഞ്ഞ് ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന മുട്ടത്തുവർക്കിയുടെ നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ ചിര:പ്രതിഷ്ഠ നേടിയ വ്യക്തിയാണ് സുധാകർ മംഗളോദയം. പൈങ്കിളിസാഹിത്യമെന്ന് അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കിൽ കൂടി മലയാളത്തിൽ ആൺപെൺ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. എന്തെല്ലാം വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും വലിയൊരു വിഭാഗം സാധാരണക്കാരെ വായനയിലേക്ക് അടുപ്പിച്ചത് ഇദ്ദേഹമായിരുന്നു.

സുധാകർ മംഗളോദയത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനപ്രിയ നോവലുകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. സാഹിത്യ ആസ്വാദനത്തിന്റെ തലത്തിലേക്ക് വലിയൊരു വിഭാഗം ആളുകളെ ഉയർത്തിയെടുക്കുന്നതിന് അദ്ദേഹത്തിന്റെ രചനകൾക്ക് സാധിച്ചിട്ടുണ്ടെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read