കൂടുതൽ

ജോഷിമഠിലെ പള്ളിവികാരി വിളിച്ചു 25 കുടുംബങ്ങൾക്ക് സഹായം ആവശ്യപ്പെട്ടു; ബിഷപ്പ് ഹൗസിൽ നിന്ന് ഭക്ഷണമടക്കമുള്ള സാധനങ്ങളുമായി ജീപ്പിൽ തനിയെ യാത്രതിരിച്ചു; സേവനയാത്രയ്ക്കിടെ അവസാന വീഡിയോ പങ്കുവെച്ചു; മഞ്ഞുവീഴ്ചയുള്ള റോഡിൽനിന്ന് വാഹനം തെന്നിനീങ്ങി കൊക്കയിൽ പതിച്ചു അപകടത്തിൽ ഫാ. മെൽവിന്റെ മരണം

പേരാമ്പ്ര: സേവനപാതിയിലെ യാത്രപൂർത്തിയാക്കും മുമ്പാണ് മലയാളി വൈദികൻ മെൽവിൻ അബ്രഹാം അപ്രതീക്ഷിതമായി മരണപ്പെട്ടത്. ജോഷിമഠിലെ പ്രകൃതിദുരന്തം നേരിടുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര അവസാനയാത്രയാകുമെന്ന് ആരും കരുതിയില്ല. കരുണ അർഹിക്കുന്നവരിലേക്ക് അത് എത്തിക്കാൻ വേണ്ടിയായിരുന്നു ഫാ. മെൽവിന്റെ യാത്ര. തന്റെ യാത്രാപാതയിലെ അനുഭവങ്ങളും പങ്കുവെച്ചതിന് പിന്നാലെയായിരുന്നു മെൽവിൻ അപകടത്തിൽ പെടുന്നത്.

അൽപ്പം മുമ്പ് സൈബറിടത്തിൽ കണ്ട ഫാദറുടെ വിയോഗം എല്ലാവർക്കും ഞെട്ടലായി മാറി. നടുക്കുന്ന അപകടവാർത്ത വന്നതോടെ കേട്ടവരെല്ലാം അത് സത്യമാകരുതേ എന്ന പ്രാർത്ഥനയോടെ തരിച്ചുനിന്നു. ജോഷിമഠിലെ പള്ളിവികാരി വിളിച്ചാണ് അവിടത്തെ ദയനീയാവസ്ഥ ബിജ്‌നോർ രൂപതയിലുള്ളവരോട് വിവരിച്ചത്. 25-ഓളം കുടുംബങ്ങൾക്ക് സഹായങ്ങൾ അത്യാവശ്യമായി വേണ്ടിയിരുന്നു. ഇതിനായുള്ള ദൗത്യം ഏറ്റെടുത്തത് ഫാ. മെൽവിനാായിരുന്നു.

ഉടനെ കോട്ദ്വാറിലെ ബിഷപ്പ് ഹൗസിൽനിന്ന് ഭക്ഷണമടക്കമുള്ള സാധനങ്ങളുമായി ഫാ. മെൽവിൻ തനിയെ ജീപ്പിൽ പുറപ്പെട്ടു. 320-ഓളം കിലോമീറ്റർ അകലെയായിരുന്നു ജോഷിമഠ്. 17-ന് രാവിലെ പത്തോടെ യാത്രതിരിച്ച്, മലകൾ കയറിക്കൊണ്ടിരിക്കുമ്പോൾ വെയിലുള്ള നല്ല കാലാവസ്ഥയാണെന്നും സന്തോഷത്തോടെയുള്ള യാത്രയാണെന്നും മെൽവിൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. ജോഷിമഠിലെത്തി സാധനങ്ങളെല്ലാം കൈമാറി.

19-നാണ് തനിയെ തിരികെ മടങ്ങാൻ ഒരുങ്ങിയത്. അതിനുമുമ്പ് രണ്ടുമലയാളികൾക്കൊപ്പം ജോഷിമഠിലെ പാതകളിലൂടെ സഞ്ചരിച്ചപ്പോഴാണ് അപകടമെന്നാണ് നാട്ടിൽ ലഭിച്ച വിവരം. മൂടൽമഞ്ഞ് നിറഞ്ഞ അന്തരീക്ഷത്തിൽ മഞ്ഞുവീഴ്ചയുള്ള പാതയിലൂടെയായിരുന്നു യാത്ര. മഞ്ഞിൽ തെന്നി, വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. തൊട്ടുമുമ്പ് പുറത്തിറങ്ങി, വാഹനം നിർത്താൻ പരിശ്രമിച്ച ഫാ. അജോവിനും അനൂപിനും ഒന്നുംചെയ്യാനാകാതെ നിസ്സഹായരായി നോക്കിനിൽക്കേണ്ടിവന്നു.

ചെറുപ്രായത്തിൽ ചക്കിട്ടപാറ മൈതാനത്ത് ഫുട്‌ബോൾ കളിക്കാനൊക്കെ ഓടിവരാറുള്ള ഊർജസ്വലനായിരുന്നു മെൽവിനെന്ന് പൊതുപ്രവർത്തകനായ വി.വി. കുഞ്ഞിക്കണ്ണൻ ഓർക്കുന്നു. വളരെ ചെറുപ്പത്തിലേ വൈദികനാകാനുള്ള ആഗ്രഹമായിരുന്നു മെൽവിന്. കുളത്തുവയൽ ഹൈസ്‌കൂളിൽ പത്താംതരം കഴിഞ്ഞശേഷം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലും അലഹാബാദിലുമായിട്ടായിരുന്നു വൈദികപഠനം. അവിടെത്തന്നെ സേവനവും തുടർന്നു.

2015-ലാണ് ചക്കിട്ടപാറ സെയ്ന്റ് ആന്റണീസ് പള്ളിയിൽവെച്ച് പൗരോഹിത്യം സ്വീകരിച്ചത്. വർഷത്തിൽ ഒരുതവണ നാട്ടിലെത്താറുണ്ടായിരുന്നു. കഴിഞ്ഞ ജൂലായിലാണ് ഒടുവിൽ വന്നുപോയത്. വരുന്ന മെയ്‌ മാസത്തിൽ മകനെ കാത്തിരുന്ന ചക്കിട്ടപാറ പള്ളിത്താഴത്ത് വീട്ടിലെ കുടുംബാംഗങ്ങളുടെ മുന്നിലേക്ക് വെള്ളിയാഴ്ച വൈകീട്ട് ഈ ദുരന്തവാർത്തയാണെത്തിയത്.

ചക്കിട്ടപാറ പള്ളിത്താഴത്ത് അബ്രഹാമിന്റെയും (റിട്ട. അദ്ധ്യാപകൻ, കായണ്ണ ജി.എച്ച്.എസ്.എസ്.) കാതറിന്റെയും (റിട്ട. പ്രധാനാധ്യാപിക പൂഴിത്തോട് ഐ.സി.യു.പി.എസ്.) മകനാണ്. സഹോദരങ്ങൾ: ഷാലെറ്റ് പി. അബ്രഹാം (അദ്ധ്യാപിക, എ.ഡബ്ല്യു.എച്ച്. എൻജിനിയറിങ് കോളേജ് കുറ്റിക്കാട്ടൂർ), ഷാൽവിൻ പി. അബ്രഹാം (മാർക്കറ്റിങ് ഓഫീസർ, സ്‌കിൻകോ).

മൃതദേഹം ഋഷികേശിലെ എയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 22-ന് വൈകീട്ട് കോട്ദ്വാറിലെ രൂപതാ ആസ്ഥാനത്ത് എത്തിക്കും. സംസ്‌കാര ശുശ്രൂഷകൾ 23-ന് രാവിലെ ഒമ്പതിന് കോട്ദ്വാർ സെയ്ന്റ് ജോസഫ് പള്ളിയിൽ. തിങ്കളാഴ്ച ഉത്തരാഖണ്ഡിലെത്തി മകനെക്കണ്ട്, മാതാപിതാക്കളായ അബ്രഹാമും കാതറിനും അവസാനയാത്രാമൊഴി ചൊല്ലും.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read